കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ. കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ സാധ്യത. പകരം ചങ്ങനാശ്ശേരി സ്വീകരിക്കും. കോട്ടയത്ത് നടന്ന സി.പി.ഐ. ജില്ലാ നേതൃയോഗം സീറ്റ് ചർച്ചകളിലേക്ക് കടന്നില്ല. തദ്ദേശതിരഞ്ഞെടുപ്പ് അവലോകനമാണ് നടത്തിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ എക്സിക്യുട്ടീവും കൗൺസിലും. അനൗദ്യോഗികമായി കാഞ്ഞിരപ്പള്ളി സീറ്റു സംബന്ധിച്ച കാര്യങ്ങളും നേതാക്കൾ സംസാരിച്ചു.
വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവയാണ് സി.പി.ഐ.യുടെ കോട്ടയത്തെ സീറ്റുകൾ. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വേണ്ടിയാണ് വിട്ടുനൽകേണ്ടിവരുക. ഡോ. എൻ. ജയരാജ് സിറ്റിങ് എം.എൽ.എ.യാണ്. കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് വരുമ്പോൾതന്നെ സിറ്റിങ് എം.എൽ.എ.മാരുടെ സീറ്റുകൾ തുടർന്നും കൊടുക്കുന്നതിൽ അനൗദ്യോഗികമായി ധാരണയായിരുന്നു. ഇത് പാലിച്ചാണ് കാഞ്ഞിരപ്പള്ളി നൽകുന്നത്. ചങ്ങനാശ്ശേരി സി.പി.ഐ.യ്ക്ക് ലഭിച്ചാൽ ജില്ലാ സെക്രട്ടറി സി.കെ. ശശിധരനോ, ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവൻപിള്ളയോ സ്ഥാനാർഥിയാകും.
ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയത് ചങ്ങനാശ്ശേരിയുടെ യു.ഡി.എഫ്. അനുകൂലാന്തരീക്ഷം മാറ്റിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ജില്ലയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളും ലഭിക്കും. സി.പി.എം. കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി സീറ്റുകളിലാണ് മത്സരിക്കുക. വൈക്കവും ചങ്ങനാശ്ശേരിയും സി.പി.ഐ.യ്ക്കും എന്ന നിലയിലാകും വിഭജനം.