കൊല്ലം: കുന്നത്തൂര്‍ എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോനെ വെട്ടിലാക്കി, സ്വന്തംപാര്‍ട്ടിയായ ആര്‍.എസ്.പി. (ലെനിനിസ്റ്റ്)യുടെ സംസ്ഥാന സെക്രട്ടറി ബലദേവ്. നാലുതവണ കുഞ്ഞുമോന്‍ എം.എല്‍.എ.യായ കുന്നത്തൂര്‍ സീറ്റ് വേണ്ടെന്നുകാട്ടി സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ബലദേവ് കത്തുനല്‍കി. മറ്റൊരു സീറ്റ് ആര്‍.എസ്.പി. (എല്‍)യ്ക്ക് അനുവദിക്കണമെന്നാണ് ആവശ്യം.
അടുത്തകാലത്തായി ബലദേവും കോവൂര്‍ കുഞ്ഞുമോനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടിക്ക് ഇടതുമുന്നണി നല്‍കിയ പി.എസ്.സി. അംഗത്വം കുഞ്ഞുമോന്‍ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാര്‍ട്ടി പരിപാടികള്‍ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി.
കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി അംഗം പി. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന സി.പി.എം. ഏരിയാ കമ്മിറ്റിയോഗത്തിലും കുഞ്ഞുമോനെതിരേ വിമര്‍ശനമുണ്ടായി. ആര്‍.എസ്.പി.(എല്‍)യ്ക്ക് മണ്ഡലത്തില്‍ കമ്മിറ്റികളോ പ്രവര്‍ത്തകരോ ഇല്ലെന്നായിരുന്നു വിമര്‍ശം. വ്യാഴാഴ്ച ബലദേവിനെ പുറത്താക്കിയതായി കുഞ്ഞുമോനെ അനുകൂലിക്കുന്ന ഷാജി ഫിലിപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, താന്‍ സെക്രട്ടറിയായി രജിസ്‌ട്രേഷനുള്ള പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കാനാവില്ലെന്ന് ബലദേവ് പറയുന്നു.
2014-ല്‍ ഇരുവിഭാഗം ആര്‍.എസ്.പി.കള്‍ ലയിച്ച് യു.ഡി.എഫിലെത്തിയ ശേഷം എല്‍.ഡി.എഫ്. മുന്‍കൈയെടുത്തു നടത്തിയ രാഷ്ട്രീയ നീക്കത്തിലാണ് കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആര്‍.എസ്.പി.(എല്‍) പിറന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായാണ് കുഞ്ഞുമോനെ മത്സരിപ്പിച്ചത്.