കൊല്ലം: ഇഎംസിസി ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ഷിജു വര്‍ഗീസിനെക്കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പിസി വിഷ്ണുനാഥ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിഷ്ണുനാഥ് പ്രതികരിച്ചു. 

സ്വതന്ത്ര സ്ഥാനാര്‍ഥി ഷിജു വര്‍ഗീസിന്റെ കാര്‍ ആരെങ്കിലും കത്തിക്കാന്‍ ശ്രമിച്ചതാണോ അതോ കത്തിക്കാന്‍ ഷിജു വര്‍ഗീസ് തന്നെ ആളെ ഏര്‍പ്പാടിക്കായതാണോ എന്ന് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ട സംഭവമാണ്. അന്വേഷണം നടക്കാനിരിക്കെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭാഗത്തുനിന്നുണ്ടായത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഷിജു വര്‍ഗീസ് ഗൂഢാലോചന നടത്തിയെന്നും ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷിജു വര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് കാർ കത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഷിജു വര്‍ഗീസ് പരാതിക്കാരനാണെന്നും ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് പെട്രോള്‍ കണ്ടെടുത്തില്ലെന്നും പോലീസ് വ്യക്തമാക്കി