കുണ്ടറയില്‍ വളരെ വൈകിയാണ് ഞാന്‍ സ്ഥാനാര്‍ഥിയായത്. പ്രചാരണത്തിന് കിട്ടിയ ദിവസങ്ങളാണെങ്കില്‍ പരിമിതം. കശുവണ്ടി ഫാക്ടറികള്‍ ഏറെയുള്ള മണ്ഡലമാണ് കുണ്ടറ. ഒരിടത്തുവെച്ചുതന്നെ നിരവധി വോട്ടര്‍മാരെ കാണാനുള്ള സൗകര്യമുള്ളതിനാല്‍ ഫാക്ടറികള്‍ സ്ഥാനാര്‍ഥികള്‍ ഒഴിവാക്കാറില്ല. ഇടതുപക്ഷം കശുവണ്ടി ഫാക്ടറികളിലെ പ്രചാരണത്തിന് പ്രത്യേകസമയം നിശ്ചയിച്ചാണ് മുന്നോട്ടുപോയിരുന്നത്. പഞ്ചായത്തുതല പര്യടനത്തിനിടെ കശുവണ്ടി ഫാക്ടറികള്‍ സന്ദര്‍ശിക്കാനുള്ള സമയമേ എനിക്ക് കിട്ടുമായിരുന്നുള്ളൂ. കണ്ണനല്ലൂര്‍ മേഖലയില്‍ പ്രചാരണം നടത്തിയ ഒരുദിവസം അപ്രതീക്ഷിതമായാണ് ഒരു കശുവണ്ടി ഫാക്ടറിയിലെത്തിയത്.

മുന്‍കൂട്ടി നിശ്ചയിച്ചുള്ള പരിപാടികളില്‍ മാലയുംമറ്റും അണിയിച്ചാകുമല്ലോ സ്വീകരണം. ഫാക്ടറിയിലെ അമ്മമാര്‍ എന്നെ തിരിച്ചറിഞ്ഞിരുന്നു. അവര്‍ക്ക് എന്നെ സ്വീകരിക്കണമെന്നുണ്ടായിരുന്നു. കൈയില്‍ മറ്റൊന്നുമില്ല. ഫാക്ടറിമുറ്റത്ത് നിറയെ പൂത്തുനില്‍ക്കുന്ന ഒരു കണിക്കൊന്നയുണ്ട്. കൂട്ടത്തിലൊരാള്‍ ഓടിപ്പോയി ഒരുകുല കൊന്നപ്പൂവ് ഒടിച്ചുകൊണ്ടുവന്ന് എന്നെ സ്വീകരിച്ചു. പിന്നാലെ മറ്റുള്ളവരും. കൈനിറയെ കൊന്നപ്പൂവുമായി നിന്നാണ് ഞാനവരോട് വോട്ടഭ്യര്‍ഥിച്ചത്. പൂക്കള്‍ തീര്‍ത്തൊരു പ്രകാശവലയത്തിലായിരുന്നു ഞാന്‍. നിശ്ചയിച്ചുറപ്പിച്ചൊരു സ്വീകരണപരിപാടിക്കുമപ്പുറം മനസ്സ് നിറച്ചു അവരുടെ സ്‌നേഹം. കൊന്നപ്പൂതന്നെ സമ്മാനമായി ലഭിച്ചത് മറ്റൊരു സന്തോഷം. ഇപ്പോഴും ആനിമിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരുപാടിഷ്ടം.

Content Highlights: Kundara UDF Candidate PC Vishnunath remembers his experience on election