കുണ്ടറ: കുണ്ടറയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കുണ്ടറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷിജു വര്‍ഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പോലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

ഷിജുവര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. 

ബോധപൂര്‍വം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ ആരംഭിച്ചിരുന്നു. കടല്‍ വിദേശകമ്പനികള്‍ തീറെഴുതി എന്ന തരത്തിലുളള പ്രചരണങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ മേഴ്സിക്കുട്ടിയമ്മയുടെ വെളിപ്പെടുത്തല്‍ തള്ളി പോലീസ് രംഗത്തെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.ഇന്ന് രാവിലെ അഞ്ചരയോടെ് തന്റെ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായെന്ന് പരാതിപ്പെട്ട് ഇഎംസിസി ഡയറക്ടര്‍ ഷിജുവര്‍ഗീസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ഇയാള്‍ വാദിയാണെന്നും പോലീസ് വ്യക്തമാക്കി. കാറില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതും പോലീസ് തളളിക്കളഞ്ഞു.

തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പരാതിയില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചതാണെന്നും ഷിജു എം.വര്‍ഗീസ് പറഞ്ഞു.