എല്‍.ഡി.എഫ്-11, യു.ഡി.എഫ്-0, എന്‍.ഡി.എ-0
രാഷ്ട്രീയമെന്തെന്നുചോദിച്ചാല്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ മടിക്കുന്ന ജില്ലയാണ് കൊല്ലം. കഴിഞ്ഞ മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളും തദ്ദേശതിരഞ്ഞെടുപ്പുകളും പരിഗണിച്ചാല്‍ ഇടതുകോട്ടയാണ് ജില്ല. എന്നാല്‍, കഴിഞ്ഞ മൂന്ന് ലോക്സഭാതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനുപിന്നില്‍ ജില്ല ഉറച്ചുനിന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് ഒരാളെപ്പോലും നിയമസഭയിലേക്കയക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. ചാത്തന്നൂരില്‍ യു.ഡി.എഫിനെ മൂന്നാംസ്ഥാനത്തേക്കുതള്ളി എന്‍.ഡി.എ. രണ്ടാമതെത്തുകയും ചെയ്തു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 അസംബ്ലിമണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം. തദ്ദേശതിരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുമുന്നണി ജില്ലയില്‍ ആധിപത്യം നേടി.
താരമണ്ഡലങ്ങളായ കൊല്ലത്ത് എം. മുകേഷും(സി.പി.എം.) പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാറും (കേരള കോണ്‍. ബി)വീണ്ടും മത്സരത്തിന് തയ്യാറാണ്. കോണ്‍ഗ്രസില്‍ കൊല്ലത്ത് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍, കെ.പി.സി.സി. സെക്രട്ടറി സൂരജ് രവി എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. പി.സി. വിഷ്ണുനാഥിന്റെ പേരും ഇവിടെ പറഞ്ഞുകേള്‍ക്കുന്നു. പത്തനാപുരത്ത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയ്ക്കാണ് മുന്‍തൂക്കം.
കരുനാഗപ്പള്ളിയില്‍ സി.പി.ഐ.യിലെ സിറ്റിങ് എം.എല്‍.എ. ആര്‍. രാമചന്ദ്രനും കോണ്‍ഗ്രസിലെ സി.ആര്‍. മഹേഷും വീണ്ടും ഏറ്റുമുട്ടും. ഇരവിപുരം, കുണ്ടറ സീറ്റുകള്‍ െവച്ചുമാറാന്‍ കോണ്‍ഗ്രസും ആര്‍.എസ്.പി.യും തമ്മില്‍ ചര്‍ച്ചനടക്കുന്നുണ്ട്. ഇരവിപുരത്ത് സി.പി.എമ്മിനുവേണ്ടി എം. നൗഷാദ് വീണ്ടും മത്സരിക്കും. ആര്‍.എസ്.പി.ക്കുവേണ്ടി എ.എ.അസീസോ മുന്‍മന്ത്രി ബാബു ദിവാകരനോ മത്സരിച്ചേക്കും. കുണ്ടറയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മത്സരിക്കാത്തപക്ഷം സി.പി.എം. ഏരിയാസെക്രട്ടറി എസ്.എല്‍. സജികുമാറാവും സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ആര്‍. അരുണ്‍രാജ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ. ഷാനവാസ് ഖാന്‍, സെക്രട്ടറി പി. ജെര്‍മിയാസ് തുടങ്ങിയവരെ കോണ്‍ഗ്രസ് പരിഗണിച്ചേക്കും.
കൊട്ടാരക്കരയില്‍ അയിഷാ പോറ്റി മത്സരിക്കുന്നില്ലെങ്കില്‍ മുന്‍ എം.പി. കെ.എന്‍. ബാലഗോപാലിനെ സി.പി.എം. രംഗത്തിറക്കും. കോണ്‍ഗ്രസില്‍ മുന്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥിനാണ് പ്രാമുഖ്യം. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും പുനലൂരില്‍ മന്ത്രി കെ. രാജുവും വീണ്ടും മത്സരത്തിനുണ്ടാവില്ല. സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി പ്രകാശ്ബാബു, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍ എന്നിവരെ പാര്‍ട്ടി പരിഗണിക്കുന്നു. ചടയമംഗലത്ത് എം.എം. നസീര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്.
ആര്‍.എസ്.പി. ലെനിനിസ്റ്റ് രൂപവത്കരിച്ച് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരില്‍ അഞ്ചാമൂഴം പ്രതീക്ഷിക്കുന്നു. സി.പി.എം. സീറ്റ് ഏറ്റെടുത്താല്‍ കെ. സോമപ്രസാദ് എം.പി.യായിരിക്കും സ്ഥാനാര്‍ഥി. ആര്‍.എസ്.പി.യിലെ ഉല്ലാസ് കോവൂര്‍ തന്നെയാവും ഇത്തവണയും യു.ഡി.എഫ്. സ്ഥാനാര്‍ഥി.
പുനലൂരിലോ ചടയമംഗലത്തോ ആയിരിക്കും മുസ്ലിംലീഗ് മത്സരിക്കുക. ജില്ലാപ്രസിഡന്റ് അന്‍സാറുദ്ദീനായിരിക്കും സ്ഥാനാര്‍ഥി. പുനലൂര്‍ സീറ്റ് കോണ്‍ഗ്രസിന് കിട്ടിയാല്‍ പുനലൂര്‍ മധു, സഞ്ജയ്ഖാന്‍, ഉറുകുന്ന് ശശിധരന്‍ എന്നിവര്‍ സാധ്യതാപട്ടികയിലുണ്ട്. ചവറയില്‍ ആര്‍.എസ്.പി.ക്കുവേണ്ടി മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. എം.എല്‍.എ.യായിരിക്കെ അന്തരിച്ച എന്‍. വിജയന്‍പിള്ളയുടെ മകന്‍ ഡോ. സുജിത് വിജയന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായേക്കും. സി.പി.എം. ഏരിയാസെക്രട്ടറി കെ. മനോഹരനും സാധ്യതാപ്പട്ടികയിലുണ്ട്. ചാത്തന്നൂരില്‍ ജി.എസ്.ജയലാലിന് സി.പി.ഐ. ഒരവസരംകൂടി നല്‍കിയേക്കും.
ജില്ലയില്‍ അഞ്ചുമണ്ഡലങ്ങള്‍ ബി.ജെ.പി.യുടെ എ ക്ലാസ് പരിഗണനയിലുണ്ട്. ചാത്തന്നൂരില്‍ കഴിഞ്ഞതവണ രണ്ടാമതെത്തിയ ബി.ജെ.പി. ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പ്രചാരണമാരംഭിച്ചുകഴിഞ്ഞു. മറ്റുസീറ്റുകളില്‍ ചര്‍ച്ച നടക്കുന്നു. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ ബി.ജെ.പി. ആലോചിക്കുന്നുണ്ട്.