അഞ്ചാലുംമൂട് : തൃക്കടവൂര്‍ പ്രദേശത്തുനിന്ന് സംസ്ഥാന മന്ത്രിയാകുന്ന മൂന്നാമത്തെ ആളാണ് ചിഞ്ചുറാണി. ജെ.ചിത്തരഞ്ജന്‍, കടവൂര്‍ ശിവദാസന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. 1988-ല്‍ ഇരവിപുരം തെക്കേവിള വാര്‍ഡ് ഗ്രാമപ്പഞ്ചായത്ത് അംഗമായാണ് ചിഞ്ചുറാണിയുടെ തുടക്കം. അന്ന് 21 കാരിയായ അവര്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് അംഗമായിരുന്നു. തുടര്‍ന്ന് കിളികൊല്ലൂര്‍, ശക്തികുളങ്ങര ഡിവിഷനുകള്‍ ഉള്‍പ്പെട്ട ജില്ലാപഞ്ചായത്ത് ഡിവിഷനിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റാകുകയുംചെയ്തു. പിന്നീട് കൊല്ലം കോര്‍പ്പറേഷനില്‍ അംഗമാകുകയും ടാക്‌സ് അപ്പീല്‍ ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജില്ലാപഞ്ചായത്ത് കുണ്ടറ ഡിവിഷന്‍ അംഗമായി.

ചിഞ്ചുറാണി ജനിച്ചതും വളര്‍ന്നതും പാര്‍ട്ടി കുടുംബത്തിലാണ്. അച്ഛന്‍ എന്‍.ശ്രീധരനും അമ്മ ജഗദമ്മയും സി.പി.ഐ.യുടെ സജീവപ്രവര്‍ത്തകരായിരുന്നു. എട്ടുമക്കളടങ്ങുന്ന കുടുംബത്തിലെ ആറാമത്തെ അംഗമാണ് ചിഞ്ചുറാണി. വിവാഹശേഷമെത്തിയതും സി.പി.ഐ.കുടുംബത്തിലാണ്.

സ്‌പോര്‍ട്ട്സില്‍ തത്പരയായ ചിഞ്ചുറാണി കോളേജിലെ വനിതാ ചാമ്പ്യനായിരുന്നു. ഓട്ടമായിരുന്നു ഏറെ ഇഷ്ടം. എന്‍.സി.സി.യില്‍ മികച്ച കേഡറ്റായതോടെ ഡല്‍ഹിയില്‍ നടന്ന റിപ്പബ്‌ളിക്ദിന പരേഡില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. പഠനത്തിനിടെ ഗ്രാമപ്പഞ്ചായത്ത് അംഗമായതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചില്ല.

നാലുവര്‍ഷമായി കെപ്കോ ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുകയാണ് ചിഞ്ചുറാണി. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, വനിതകള്‍ക്കുള്ള ആശ്രയ, വനിതാമിത്രം, ജീവനം ജീവധനം തുടങ്ങി ഓട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മികച്ചരീതിയില്‍ നടപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. ജില്ലയില്‍ കെപ്കോ ചിക്കന്‍ ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കഴിഞ്ഞു.

നീരാവില്‍ എസ്.എന്‍.ഡി.പി.യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റായും നീരാവില്‍ പ്രകാശ് കലാകേന്ദ്രം വനിതാവേദി അംഗമായും പ്രവര്‍ത്തിച്ചു. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ ചെയര്‍പേഴ്സണ്‍ പദവിയും വഹിച്ചിട്ടുണ്ട്.

നീരാവില്‍ നന്ദനത്തില്‍ താമസിക്കുന്ന ചിഞ്ചുറാണിയുടെ ഭര്‍ത്താവ് ഡി.സുകേശന്‍ പാര്‍ട്ടി തൃക്കടവൂര്‍ ലോക്കല്‍ സെക്രട്ടറിയും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമാണ്. മകന്‍ നന്ദു ഇന്റീരിയര്‍ ഡെക്കറേഷന്‍ വിദ്യാര്‍ഥിയും മകള്‍ നന്ദന റാണി പ്ലസ്ടു വിദ്യാര്‍ഥിനിയുമാണ്.

Content Highlights: Kerala Assembly Elections 2021