കൊല്ലം: മക്കള്‍ രാഷ്ട്രീയത്തില്‍ ചവറ ഇത്തവണ എല്‍.ഡി.എഫിനൊപ്പം. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷിബു ബേബി ജോണിനെതിരേ ഡോ. സുജിത്ത് വിജയന്‍ പിള്ളക്ക് മിന്നുന്ന ജയം. 1,409 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുജിത്ത് വിജയന്‍പിള്ളയുടെ ജയം. 

 അന്തരിച്ച മുന്‍ എം.എല്‍.എ. വിജയന്‍പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍പിള്ളയും ആര്‍.എസ്.പി. സ്ഥാപക നേതാവ് ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണുമാണ് എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി കൊമ്പുകോര്‍ത്തത്. ഒപ്പം ബി.ജെ.പി. സ്ഥാനാര്‍ഥിയായി താരതിളക്കത്തോടെ സിനിമ സീരിയല്‍ താരം വിവേക് ഗോപനും രംഗത്തെത്തിയതോടെ മത്സരം കടുക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും നിര്‍ണായക സ്വാധീന ശക്തികളാകുന്ന മണ്ഡലമാണ് ചവറ. ഇ.എം.സി.സി. കരാറും കോവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന മേഖലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേയും കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെങ്കിലും ജനം സുജിത്തിനൊപ്പം നില്‍ക്കുകയായിരുന്നു. 

വിജയന്‍പിള്ള എന്ന നേതാവിന്റെ വ്യക്തിപ്രഭാവവും സഹതാപതരംഗവും സുജിത്തിന് അനുകൂലമാകുകയായിരുന്നു. വര്‍ഷങ്ങളായി ആര്‍.എസ്.പിയുടെ കൈയിലായിരുന്ന മണ്ഡലം 2016-ലെ തിരഞ്ഞെടുപ്പില്‍ വിജയന്‍ പിള്ളയിലൂടെയാണ് പാര്‍ട്ടി തിരിച്ചു പിടിച്ചത്. ഈ സീറ്റ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ചവറയിലെ എല്‍.ഡി.എഫ്. ജയം. 

വിജയന്‍പിള്ളയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് സാഹചര്യമുണ്ടായത് മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. പ്രചാരണത്തിലും ഒരുപിടി മുന്നിലായിരുന്നു ഷിബു ബേബി ജോണ്‍. ആര്‍.എസ്.പിയെ സംബന്ധിച്ചടത്തോളം അഭിമാനപോരാട്ടമായിരുന്നു ഇത്തവണ ചവറയിലേത്. ഇത്തവണയെങ്കിലും നിയമസഭയില്‍ സാന്നിധ്യം ഉറപ്പിക്കുകയെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ആര്‍.എസ്.പി. ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും യു.ഡി.എഫിനൊപ്പം അടിതെറ്റുകയാണ് ആര്‍.എസ്.പിയും.

Content Highlights: Kerala Assembly Election 2021 Sujith Vijayan Pillai won in Chavara against Shibu Baby John