കൊല്ലം: ആറാം അങ്കത്തില്‍ അടിതെറ്റി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മേഴ്‌സിക്കുട്ടിയമ്മക്കെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് മിന്നുന്ന ജയം. 6,348 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി.സി. വിഷ്ണുനാഥിന്റെ ജയം. കുണ്ടറയില്‍നിന്നു തുടര്‍ച്ചയായ രണ്ടാം തവണയാണ് മേഴ്സിക്കുട്ടിയമ്മ ജനവിധി തേടിയത്. 

വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ പി.സി. വിഷ്ണുനാഥ് ലീഡ് ചെയ്യ്തിരുന്നു. ഒരു ഘട്ടത്തില്‍ പോലും മേഴ്‌സിക്കുട്ടിയമ്മക്ക് ലീഡ് നേടാനായിട്ടില്ല.  

ആറാം അങ്കത്തില്‍ കുണ്ടറയില്‍നിന്ന് ജനവിധി തേടിയ മേഴ്സിക്കുട്ടിയമ്മക്ക് മുന്‍പ് മൂന്ന് തവണ ജയിച്ച ആത്മവിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. എം.എ. ബേബിയും എ.എ. റഹീമും ആണ് ഇതിന് മുന്‍പ് രണ്ട് തവണ തുടര്‍ച്ചയായി കുണ്ടറയില്‍നിന്നും വിജയിച്ചിട്ടുള്ളവര്‍. ഈ പട്ടികയില്‍ ഇടം നേടാനുള്ള ശ്രമമാണ് മേഴ്സിക്കുട്ടിയമ്മക്ക് നഷ്ടമായത്.

ഇ.എം.സി.സി. കരാറും കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ദിവസമുണ്ടായ വിവാദങ്ങളുമെല്ലാം മേഴിസിക്കുട്ടിയമ്മക്ക് തിരിച്ചടിയായെന്നാണ് കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍നിന്നും 30,460 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേഴ്സിക്കുട്ടിയമ്മ ജയിച്ച് നിയമസഭയിലേക്ക് എത്തിയത്.

എല്‍.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പവും മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ. ഇത്തവണ യു.ഡി.എഫിന്റെ യുവനേതാവ് പി.സി. വിഷ്ണുനാഥ് കൂടി അങ്കത്തിനെത്തിയതോടെ കുണ്ടറ കടുക്കുകയായിരുന്നു. നാലാം തവണ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്ന വിഷ്ണുനാഥിന് സ്വന്തം ജില്ലയിലെ ആദ്യത്തെ മത്സരം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇത്തവണ. 2006 മുതല്‍ കഴിഞ്ഞ മൂന്ന് തവണയം ചെങ്ങന്നൂരില്‍നിന്നാണ് മത്സരിച്ചത്. 2006-ല്‍ സജി ചെറിയാനേയും 2011-ല്‍ സി.എസ്. സുജാതയേയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ്  2016-ല്‍ കെ.കെ. രാമചന്ദ്രന്‍ നായരോട് പരാജയപ്പെടുകയായിരുന്നു. ഏറെ വൈകിയാണ് മണ്ഡലത്തില്‍  യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. ആഴക്കടല്‍ മത്സ്യബന്ധ കരാറും, പി.എസ്.സി. നിയമനം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് യു.ഡി.എഫ്. മണ്ഡലത്തില്‍ ഉയര്‍ത്തിയ പ്രധാന ചര്‍ച്ചാവിഷയം. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് കുണ്ടറയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നത്. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി എത്തുന്നതിനെതിരേ കടുത്ത എതിര്‍പ്പ് ബി.ജെ.പിക്ക് ഉള്ളില്‍ നിന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബി.ജെ.പി. കാര്യമായൊന്നും ചെയ്തില്ലായിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് കിട്ടേണ്ടുന്ന വോട്ടുകള്‍ യു.ഡി.എഫിന് പോയിട്ടുണ്ട് എന്നത് വ്യക്തമാണ്. 

Content Highlights: Kerala Assembly Election 2021 Minister J Mercykutty Amma lost in Kundara