കൊല്ലം: എല്‍.ഡി.എഫ്. കോട്ടക്ക് വിള്ളല്‍ വരുത്താനാകാതെ യു.ഡി.എഫ്. കൊല്ലത്ത് സിറ്റിങ് എം.എല്‍.എ. എം. മുകേഷ് 3034 വോട്ടുകള്‍ക്കാണ് ജയിച്ചത്. 2006 മുതല്‍ എല്‍.ഡി.എഫ്. കൈപ്പിടിയിലൊതുക്കിയ മണ്ഡലം നിലനിര്‍ത്തുകയാണ് ഇത്തവണയും മുകേഷിലൂടെ. 

മുകേഷിന് 16544 വോട്ടുകളും യു.ഡി.എഫ്. സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്ക് 14379 വോട്ടുകളുമാണ് ലഭിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി എസ്. സുനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 3287 വോട്ടുകള്‍ മാത്രമാണ് സജിക്ക് ലഭിച്ചത്. 

2006 മുതല്‍ രണ്ട് തവണ പി.കെ. ഗുരുദാസനും പിന്നീട് 2016-ല്‍ എം. മുകേഷുമാണ് കൊല്ലത്ത് നിന്ന് നിയമസഭയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ മുകേഷിനുണ്ടായിരുന്ന താരത്തിളക്കമാണ് വിജയം സമ്മാനിച്ചതെങ്കില്‍ ഇത്തവണ വികസന പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫ്. ഭരണനേട്ടവുമാണ് മുകേഷിന് തുണയായത്.

മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു കൊല്ലത്ത് യു.ഡി.എഫിന് ഉണ്ടായിരുന്നത്. കരഞ്ഞും കാലുപിടിച്ചും വാങ്ങിയ സീറ്റായിരുന്നു കൊല്ലത്ത് ബിന്ദു കൃഷ്ണയുടേത്. ജില്ലയിലെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും കൊല്ലം നിയോജക മണ്ഡലത്തില്‍ മാത്രമേ മത്സരത്തിനുള്ളൂ എന്നാണ് അന്ന് ബിന്ദു കൃഷ്ണ പറഞ്ഞത്. ഒരു അട്ടിമറി വിജയസാധ്യത കൃത്യമായി മുന്‍കൂട്ടി കണ്ടായിരുന്നു അത്.എന്നാല്‍ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് മുകേഷിന്റെ ജയം.  

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എം മുകേഷ് വിജയിച്ചത്.   തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 15832 വോട്ടിന്റെ മുന്‍തൂക്കം ലഭിക്കുകയും കോര്‍പ്പറേഷനില്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പ്് ഫലങ്ങളും എല്‍ ഡി എഫിന് വിജയപ്രതീക്ഷ നല്‍കിയ ഘടകങ്ങളായിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലടക്കം മുകേഷിനായിരുന്നു മുന്‍തൂക്കം. 

Content Highlights: Kerala Assembly Election 2021 M Mukesh won in Kollam