കൊല്ലം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊല്ലം ജില്ലയില്‍ ഒമ്പത് മണ്ഡലങ്ങളില്‍ ജയിച്ച് എല്‍ ഡി എഫ്. രണ്ടിടത്ത് യു ഡി എഫും വിജയിച്ചു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറ, സിറ്റിങ് എം എല്‍ എ ആര്‍ രാമചന്ദ്രന്‍ മത്സരിച്ച കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയം കൊയ്തത്. 

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയതു മുതല്‍ കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, പത്തനാപുരം, ചടയമംഗലം, ചാത്തന്നൂര്‍, കുണ്ടറ, പുനലൂര്‍, കൊല്ലം, കൊട്ടാരക്കര, ഇരവിപുരം എന്നീ പതിനൊന്ന് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചായിരുന്നു മത്സരം. ഒന്‍പതിടത്ത് എല്‍ ഡി എഫ് നേടിയപ്പോള്‍ സിറ്റിങ് സീറ്റിലടക്കം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ വലിയ വ്യത്യാസമുണ്ട്. അതേസമയം മന്ത്രി മത്സരിച്ച സിറ്റിങ് സീറ്റ് നഷ്ടമായത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്. 

തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട യു ഡി എഫിന് ആശ്വാസം പകരുന്നതാണ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ യു ഡി എഫ് ജയം. 

താരത്തിളക്കത്തോടെ വീണ്ടും മുകേഷ്

എല്‍ ഡി എഫ് കോട്ടയായ കൊല്ലത്ത് ഇത്തവണയും വിള്ളല്‍ വരുത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. കൊല്ലത്ത് സിറ്റിങ് എം എല്‍ എ എം മുകേഷ് യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണക്കെതിരേ 2072 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2006 മുതല്‍ എല്‍ ഡി എഫ് കൈപ്പിടിയിലൊതുക്കിയ മണ്ഡലം നിലനിര്‍ത്തുകയാണ് ഇത്തവണയും മുകേഷിലൂടെ. കഴിഞ്ഞ തവണ മുകേഷിനുണ്ടായിരുന്ന താരത്തിളക്കമാണ് വിജയം സമ്മാനിച്ചതെങ്കില്‍ ഇത്തവണ വികസന പ്രവര്‍ത്തനങ്ങളും എല്‍ ഡി എഫ് ഭരണ നേട്ടവുമാണ് മുകേഷിന് തുണയായത്.

അടി തെറ്റി മേഴ്‌സിക്കുട്ടിയമ്മ

ആറാം അങ്കത്തില്‍ അടിതെറ്റി എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മേഴ്‌സിക്കുട്ടിയമ്മക്കെതിരേ യു ഡി എഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ് മിന്നുന്ന ജയം സ്വന്തമാക്കുകയായിരുന്നു. എല്‍ ഡി എഫ് ഏറ്റവുമധികം വിജയപ്രതീക്ഷവെച്ചു പുലര്‍ത്തിയ മണ്ഡലവും കുണ്ടറയായിരുന്നു. മന്ത്രിയുടെ തോല്‍വി കൊല്ലത്തെ പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്നതാണ്. ഇ എം സി സി കരാറും കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ദിവസമുണ്ടായ വിവാദങ്ങളുമെല്ലാം മേഴിസിക്കുട്ടിയമ്മക്ക് തിരിച്ചടിയായെന്നാണ് കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും 30,460 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേഴ്സിക്കുട്ടിയമ്മ ജയിച്ചത്. ബി ഡി ജെ എസ് സ്ഥാനാര്‍ഥി എത്തുന്നതിനെതിരേ കടുത്ത എതിര്‍പ്പ് ബി ജെ പിക്ക് ഉള്ളില്‍ നിന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബി ജെ പി കാര്യമായൊന്നും ചെയ്യാത്തത് യു ഡി എഫിന് അനുകൂലമാവുകയായിരുന്നു. 

അച്ഛന്റെ കസേരയിൽ ഇനി മകന്‍ 

മക്കള്‍ രാഷ്ട്രീയത്തില്‍ ചവറ ഇത്തവണ എല്‍ ഡി എഫിനൊപ്പം നിന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിനെതിരേ ഡോ.സുജിത്ത് വിജയന്‍ പിള്ള മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ആരാണ് വിജയി എന്ന് കൃത്യമായി പറയാന്‍ കഴിയാത്ത തരത്തിലായിരുന്നു ചവറയിലെ ജനങ്ങളുടെ പ്രതികരണം. വിജയന്‍പിള്ള എന്ന നേതാവിന്റെ വ്യക്തിപ്രഭാവവും സഹതാപതരംഗവും സുജിത്തിന് അനുകൂലമാവുകയായിരുന്നു. വര്‍ഷങ്ങളായി ആര്‍ എസ് പിയുടെ കൈയിലായിരുന്ന മണ്ഡലം 2016 ലെ തിരഞ്ഞെടുപ്പില്‍ വിജയന്‍ പിള്ളയിലൂടെയാണ് പാര്‍ട്ടി തിരിച്ചു പിടിച്ചത്. ഈ സീറ്റ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ചവറയിലെ എല്‍ ഡി എഫ് ജയം. 

താമര വിരിഞ്ഞില്ല, ചാത്തന്നൂര്‍ ജയലാലിനൊപ്പം 

ബി ജെ പി ആദ്യ ഘട്ടം മുതല്‍ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന മണ്ഡലമായിരുന്നു ചാത്തന്നൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു മണ്ഡലത്തില്‍ ബി ജെ പിയുടെ മുന്നേറ്റം. ജാതി സമവാക്യങ്ങളും ഗോപകുമാര്‍ എന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവവും ചാത്തന്നൂരില്‍ ബി ജെ പിക്ക് തുണയാകുമെന്ന വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കൊണ്ട് എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ജിഎസ് ജയലാല്‍ വിജയിക്കുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഗോപകുമാര്‍ ലീഡ് നേടിയെങ്കിലും തൊട്ട് പിന്നാലെ എല്‍ഡിഎഫ് ലീഡ് സ്വന്തമാക്കുകയായിരുന്നു.   

കരുനാഗപ്പള്ളി കൈപ്പിടിയിലാക്കി മഹേഷ് 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1759 വോട്ടുകള്‍ക്കാണ് സി ആര്‍ മഹേഷ് പരാജയപ്പെട്ടത്. അതിനുള്ള മധുര പ്രതികാരമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം എല്‍ എ ആയിരുന്ന ആര്‍.രാമചന്ദ്രനെതിരേയുള്ള മിന്നുന്ന ജയം. സി ആര്‍ മഹേഷ് ആദ്യ ഘട്ടം മുതല്‍ ലീഡ് ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന്റെ ആര്‍ രാമചന്ദ്രനെതിരേ മത്സരിച്ചത് സി ആര്‍ മഹേഷായിരുന്നു. അന്ന് നഷ്ടമായ വോട്ട് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തില്‍ യു ഡി എഫ് മഹേഷിനെ തന്നെ ഇത്തവണയും സ്ഥാനാര്‍ഥിയായി നിയോഗിച്ചത്. 

പത്തനാപുരത്തെ സൂപ്പർസ്റ്റാർ ഗണേഷ്‌ തന്നെ 

ഗണേഷ്‌കുമാറിനെ കൈവിടാനുള്ള മനസ് ഇത്തവണയും പത്തനാപുരത്തുകാര്‍ക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തകനോ സിനിമാ താരമോ എന്ന നിലയിലല്ല പകരം പത്തനാപുരത്ത്കാരില്‍ ഒരാളായുള്ള ഗണേഷ് കുമാറിന്റെ പ്രവര്‍ത്തനമാണ് പത്തനാപുരത്തെ ജനങ്ങള്‍ ഗണേഷിനൊപ്പം നില്‍ക്കുന്നത്. 2001 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തില്‍ ജയിക്കുന്നത് ഗണേഷ് കുമാറാണ്. യു ഡി എഫിനൊപ്പമായിരുന്ന ഗണേഷ്‌കുമാര്‍ 2016ലാണ് എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. 

പുനലൂർ കോട്ട നിലനിര്‍ത്തി സുപാല്‍

പുനലൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.എസ്. സുപാലിന് ജയം. 29,186 വോട്ടാണ് ഭൂരിപക്ഷം. സി.പി.ഐ. ഏറ്റവും കൂടുതല്‍ തവണവിജയിച്ച മണ്ഡലമാണ് പുനലൂര്‍. 2006 മുതല്‍ കെ. രാജുവിനെയാണ് പുനലൂര്‍ നിയമസഭയിലേക്ക് അയച്ചത്. ഇടതുസര്‍ക്കാരിന്റെയും പുനലൂരിന്റെ എം.എല്‍.എ. മന്ത്രി കെ.രാജുവിന്റെയും വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു  സുപാലിന്റെ വോട്ടഭ്യര്‍ഥന. ഏറെ പ്രതിഷേധങ്ങള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ശേഷമാണ് പുനലൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണി എത്തിയത്. 

കുന്നത്തൂരിൽ കോവൂര്‍ കുഞ്ഞുമോനൊപ്പം തന്നെ 

1957 മുതല്‍ തുടര്‍ച്ചയായി ആര്‍ എസ് പിയോടൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ പാര്‍ട്ടി വിട്ട് ആര്‍ എസ് പി ലെനിനിസ്റ്റ് ആയ കോവൂര്‍ കുഞ്ഞുമോനൊപ്പം തന്നെയാണ് ഇത്തവണയും കുന്നത്തൂര്‍. കനത്ത മത്സരവുമായി യു ഡി എഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോനും എത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20529 വോട്ടായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ ഭൂരിപക്ഷം. ഇത്തവണ അത് 2878 ആയി ചുരുങ്ങിയെങ്കിലും വിജയാഹ്ലാദത്തിലാണ് പ്രവര്‍ത്തകര്‍. 

കൊട്ടാരക്കര ഭദ്രമാക്കി ബാലഗോപാൽ  

കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്നും മണ്ഡലം പിടിച്ചെടുത്ത ഐഷ പോറ്റിക്ക് ശേഷം കൊട്ടാരക്കര മണ്ഡലം കെ എന്‍ ബാലഗോപാലിന്റെ കൈയില്‍ സുരക്ഷിതമാക്കിയിരിക്കുകയാണ് കൊട്ടാരക്കരയിലെ ജനങ്ങള്‍. 12486 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കരയിലെ ജയം. 

ചാഞ്ചാടാതെ ചടയമംഗലം

കമ്യൂണിസ്റ്റ് കോട്ടയാണ് ചടയമംഗലമെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി ജെ. ചിഞ്ചുറാണി 13678 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ചിഞ്ചുറാണിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എല്‍ ഡി എഫിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചിഞ്ചുറാണിക്ക് വോട്ടായി മാറുകയായിരുന്നു. 

വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് ഇരവിപുരം

എക്കാലവും ഇടതിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് ഇരവിപുരം. 2001 മുതല്‍ തുടര്‍ച്ചയായിയി ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആണ് മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പില്‍ എം. നൗഷാദ് അസീസിനെ പരാജയപ്പെടുത്തി വിജയിക്കുകയായിരുന്നു. 28803 വോട്ടുകളോടെയായിരുന്നു അന്നത്തെ ജയം. ഇന്ന് അതേ ചരിത്രം ആവര്‍ത്തിക്കുകയാണ് ഇരവിപുരത്ത് എം നൗഷാദ്. 

Content Highlights: Kerala Assembly Election 2021 LDF won major seats in Kollam