രോ തിരഞ്ഞെടുപ്പിലും മാറിമറിയുന്ന മനസാണ് കൊല്ലത്തിന്റേത്. അതുകൊണ്ട് തന്നെ കൃത്യമായ രാഷ്ട്രീയ നിരിക്ഷണങ്ങള്‍ നടത്തുക എന്നത് അസാധ്യം. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലെത്തുമ്പോള്‍ കൊല്ലം ആര്‍ക്കൊപ്പമെന്നത് നിര്‍ണായകമാകും. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി, ചവറ, ചാത്തന്നൂര്‍, കുണ്ടറ, ഇരവിപുരം, കൊട്ടാരക്കര, ചടയമംഗലം, കുന്നത്തൂര്‍, കൊല്ലം, പുനലൂര്‍, പത്തനാപുരം എന്നീ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫ്. വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

എന്നാല്‍, അതിന് നേരെ വിപരീതമായിരുന്നു 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്വന്തമാക്കിയ വിജയം. അതേ തുടര്‍ച്ച പ്രതീക്ഷിച്ച യു.ഡി.എഫിന് ഏറ്റ കനത്ത പ്രഹരമായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്. സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉണ്ടായിട്ടുപോലും  യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, മേല്‍ക്കൈഉണ്ടായിരുന്ന യു.ഡി.എഫ്. കോട്ടകളെല്ലാം എല്‍.ഡി.എഫ്. തൂത്തുവാരുകയും ചെയ്തു. 

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ആര്‍.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടി. മാവേലിക്കര നിയമസഭാ മണ്ഡലത്തിനു കീഴില്‍വരുന്ന കുന്നത്തൂര്‍, കൊട്ടാരക്കര, ചടയമംഗലം നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് തൂത്തുവാരി. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എമ്മിലെ എ.എം.ആരിഫ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മണ്ഡലത്തിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിനായിരുന്നു മുന്‍തൂക്കം.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിന് ശേഷം വന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ഫലം. നാല് മുനിസിപ്പാലിറ്റികളില്‍ മൂന്നെണ്ണവും 68 പഞ്ചായത്തുകളില്‍ ല്‍ 44 എല്‍.ഡി.എഫിനൊപ്പം നിന്നു. 11 ബ്ലോക്ക്പഞ്ചായത്തുകളില്‍ ഒരെണ്ണം മാത്രമാണ് നഷ്ടമായത്. ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പിലും മാറി മറയുന്ന കൊല്ലത്തിന്റെ രാഷ്ട്രീയമെന്താണെന്ന് പ്രചിക്കുക അസാധ്യം തന്നെയാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും. 

കൊല്ലം എല്‍.ഡി.എഫിനൊപ്പം എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മൂന്ന് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് വിജയം. ഇത്തവണ ഈ തുടര്‍ച്ചയും അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുണ്ടാക്കാന്‍ കഴിഞ്ഞ മുന്നറ്റത്തിന്റെയും അത്മവിശ്വാസമുണ്ട് പാര്‍ട്ടിക്ക്. നിലവിലുള്ള എം.എല്‍.എമാരില്‍ നല്ലൊരു പങ്കിനെയും വീണ്ടും മത്സരിപ്പിക്കാനുള്ള സി.പി.എമ്മിന്റെ നീക്കവും വിജയസാധ്യതയ്ക്ക് മുന്‍തൂക്കം നല്‍കിയാണ്.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിനൊന്നു മണ്ഡലങ്ങളും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. 50.7 ശതമാനമായിരുന്നു എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം. യു.ഡിഎ.ഫിന്  33.8 ശതമാനവുമായിരുന്നു വോട്ടുവിഹിതം. എന്നാല്‍ 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ രേഖപ്പെടുത്തിയ വോട്ട് 15,61,718 ആയിരുന്നു. ഇതില്‍ എല്‍.ഡി.എഫിന് കിട്ടിയ വോട്ട് 5,81,427 ആയി കുറഞ്ഞു. ഇതോടെ എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം 37.2 ആയി കുറയുകയും യു.ഡി.എഫിന്റേത് 48.64 ശതമാനമായി ഉയരുകയും ചെയ്തു.

തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വോട്ട് വിഹിതം 43 ശതമാനമാക്കി ഉയര്‍ത്തി. അതേസമയം യു.ഡി.എഫ്. 34.2 ശതമാനമായി കുറയുകയാണ് ചെയ്തത്. എന്‍.ഡി.എ. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം 12.8 ശതമാനവും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12.36 ശതമാനവുമായിരുന്നു. 2020-ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് ലഭിച്ച വോട്ട് ഉയരുകയും 19.6 ശതമാനമായി വോട്ടുവിഹിതം ഉയരുകയും ചെയ്തിട്ടുണ്ട്. ജില്ലയുടെ തെക്കുകിഴക്ക് മേഖലകളില്‍ നായര്‍, ഈഴവ, ക്രൈസ്തവ സ്വാധീനമാണ് കൂടുതല്‍. വടക്ക് പടിഞ്ഞാറ് മേഖലകളില്‍ നായര്‍, ഈഴവ, ക്രൈസ്തവ വിഭാഗങ്ങള്‍ക്കൊപ്പം മുസ്ലീം വിഭാഗങ്ങളും തിരഞ്ഞെടുപ്പിലെ നിര്‍ണായക സ്വാധീന ശക്തികളാണ്. 

kollam
 
1.കരുനാഗപ്പള്ളി 

കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂര്‍, കരുനാഗപ്പള്ളി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം പിന്നീട് ഏറ്റവും കൂടുതല്‍ തവണ എല്‍.ഡി.എഫിനൊപ്പം നിന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും കടുത്ത മത്സരം നടത്തിയ മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായ ആര്‍. രാമചന്ദ്രന്‍ 1759 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണ കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന സി.ആര്‍ മഹേഷിനെ തന്നെ നിര്‍ത്തി പോരാട്ടം കടുപ്പിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ബി.ജെ.പി. സ്ഥാനാര്‍ഥിയായി മുന്‍ പി. എസ്.സി. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണനാകും സ്ഥാനാര്‍ഥിയായി എത്തുകയെന്നും വിവരങ്ങളുണ്ട്. 

2.ചവറ 

ആര്‍.എസ്.പി. സ്ഥാപക നേതാക്കളിലൊരാളായ ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലേക്കെത്തിച്ച മണ്ഡലമാണ് ചവറ. പിന്നീട് പാര്‍ട്ടി പിളരുകയും ബേബി ജോണ്‍ വളരെക്കാലമായി പ്രതിനിധീകരിച്ചു കൊണ്ടിരുന്ന ചവറ മണ്ഡലത്തില്‍ 2001ല്‍ ആര്‍.എസ്.പി. സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തിറങ്ങിയ ഷിബു ബേബിജോൺ പിന്നീട് യു.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. എല്‍.ഡി.എഫിന് നഷ്ടമായ മണ്ഡലം എന്‍. വിജയന്‍പിള്ളയിലൂടെയാണ് പാര്‍ട്ടി തിരിച്ച് പിടിച്ചത്. വിജയന്‍പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് സാധ്യത ഉണ്ടായത് മുതല്‍ തന്നെ ആര്‍.എസ്.പി. സ്ഥാനാര്‍ഥിയായി ഷിബു ബേബി ജോണിനെയാണ് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ ഒരുപടി മുന്നിലാണ് ഷിബു ബേബി ജോണ്‍. കേരള നിയമസഭയില്‍ ആര്‍.എസ്.പി. സാന്നിധ്യം ഇല്ലാത്തതുകൊണ്ട് തന്നെ പാര്‍ട്ടിയെ സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. ചവറയില്‍ മുന്‍ എം.എല്‍.എ. എന്‍. വിജയന്‍പിള്ളിയുടെ മകന്‍ ഡോ. സുജിത് വിജയനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം. ധാരണയായിട്ടുണ്ട്. വിജയന്‍പിള്ളക്ക് ഉണ്ടാക്കാന്‍ സാധിച്ച നേട്ടം, മണ്ഡലത്തിലെ വിജയന്‍പിള്ളയുടെ വ്യക്തിപരമായ സ്വാധീനവും അതോടൊപ്പം സഹതാപതരംഗവും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. വിജയന്‍പിള്ളയുടെ ചരമത്തെത്തുടര്‍ന്ന് ഒരു വര്‍ഷമായി മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്.  

3. കുന്നത്തൂര്‍

കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മണ്‍ട്രോ തുരുത്ത് പഞ്ചായത്തുകളും കുന്നത്തൂര്‍ താലൂക്കിലെ കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും ചേര്‍ന്നതാണ് കുന്നത്തൂര്‍. 1957 മുതലു ള്ള ചരിത്രം പരിശോധിച്ചാല്‍ കുന്നത്തൂര്‍ നിയോജക മണ്ഡലമൊഴികെ മറ്റൊരു മണ്ഡലവും സ്ഥിരമായി ഒരു മുന്നണിയെയും തുണച്ചിട്ടില്ല. ആര്‍.എസ്.പിയുടെ കുത്തക മണ്‌ലമെന്നാണ് കുന്നത്തൂരിനെ അറിയപ്പെടുന്നത്. ആര്‍.എസ്.പി. എല്‍.ഡി.എഫ്. വിട്ടപ്പോഴും കോവൂര്‍ കുഞ്ഞുമോനടക്കമുള്ളവര്‍ ആര്‍.എസ്.പി. ലെനിനിസ്റ്റ് ആയി  എല്‍.ഡി.എഫിനൊപ്പം തുടരുകയായിരുന്നു. 2001 മുതല്‍ കഴിഞ്ഞ നാല് തവണയും കുന്നത്തൂര്‍കാര്‍ നിയമസഭയിലേക്ക് അയച്ചത് കോവൂര്‍ കുഞ്ഞുമോനെയാണ്. ആര്‍.എസ്.പിയില്‍ നിന്നുള്ള ഉല്ലാസ് കോവൂരാണ് കഴിഞ്ഞ തവണ കുഞ്ഞുമോനെതിരേ മത്സരിച്ചത്. അന്ന് 20,529 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞുമോന്‍ ജയിച്ചത്. ഇത്തവണയും ഉല്ലാസ് കോവൂരാണ് മുഖ്യ എതിരാളി. ഇവിടെ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. 

4. കൊട്ടാരക്കര

കൊട്ടാരക്കര താലൂക്കിലെ എഴുകോണ്‍, കരീപ്ര, കൊട്ടാരക്കര, കുളക്കട, മൈലം, നെടുവത്തൂര്‍, ഉമ്മന്നൂര്‍, വെളിയം പഞ്ചായത്തുകള്‍. കോണ്‍ഗ്രസിനൊപ്പവും ഇടത്പക്ഷത്തിനൊപ്പവും നിന്നിട്ടുള്ള മണ്ഡലമാണ് കൊട്ടാരക്കര. 1977 മുതല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ഏഴ് തവണ തുടര്‍ച്ചയായി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2006-ല്‍ സി.പി.എം. സ്ഥാനാര്‍ഥിയായി ഐഷ പോറ്റി എത്തുകയും കൊട്ടാരക്കര സി.പി.എം. കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. ഇത്തവണ കൊട്ടാരക്കരയില്‍ മൂന്നുതവണ പിന്നിട്ടതിനാലാണ് ഐഷ പോറ്റിക്കു പകരം മുന്‍ എം.പി. കെ.എന്‍. ബാലഗോപാലിനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിക്കുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് എത്തുന്ന നേതാവിന് വേണ്ടി കൊട്ടാരക്കര സീറ്റ് ബി.ജെ.പി മാറ്റിവെച്ചിരിക്കുകയാണെന്നും പറയുന്നുണ്ട്. കോണ്‍ഗ്രസില്‍ മുന്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥിനാണ് പ്രാമുഖ്യം നല്‍കുന്നത്. 

5. പത്തനാപുരം

കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാ നിയോജക മണ്ഡലം. 2001 മുതല്‍ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായ കെ ബി ഗണേശ്കുമാറിനെ തുടര്‍ച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണിത്. 2016-ല്‍ എല്‍.ഡി.എഫിന് വേണ്ടി മത്സരിച്ച ഗണേശ്കുമാറിന്റെ മുഖ്യ എതിരാളികള്‍ ചലച്ചിത്രരംഗത്ത് നിന്നുള്ളവര്‍ തന്നെയായിരുന്നു. ഇത്തവണയും ഗണേശ് കുമാര്‍ തന്നെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരത്തിനെത്തുന്നത്. കോണ്‍ഗ്രസില്‍നിന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല പത്തനാപുരത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാലക്കെതിരേ കൊല്ലം ഡി.സി.സി. സെക്രട്ടറിയടക്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കേരളകോണ്‍ഗ്രസ് ബിയില്‍ നിന്നുള്ള ശരണ്യ മനോജിനെ സ്ഥാനാര്‍ഥിയാക്കാന്‍ കൊടിക്കുന്നില്‍ എം പി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

6. പുനലൂര്‍ 

പുനലൂര്‍ നഗരസഭയും പത്തനാപുരം താലൂക്കിലെ അഞ്ചല്‍, ആര്യങ്കാവ്, ഇടമുളയ്ക്കല്‍, ഏരൂര്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെന്‍മല പഞ്ചായത്തുകളും ചേര്‍ന്നതാണ് പുനലൂര്‍ നിയോജക മണ്ഡലം. സി.പി.ഐ. ഏറ്റവും കൂടുതല്‍ തവണവിജയിച്ച മണ്ഡലമാണ് പുനലൂര്‍. 2006 മുതല്‍ കെ. രാജുവിനെയാണ് പുനലൂര്‍ നിയമസഭയിലേക്ക് അയച്ചത്. 

7. ചടയമംഗലം 

പത്തനാപുരം താലൂക്കിലെ അലയമണ്‍ പഞ്ചായത്തും കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍, വെളിനല്ലൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് ചടയമംഗലം നിയമസഭ നിയോജക മണ്ഡലം. ഇടത് ചായവാണ് മിക്കപ്പോഴും ചടയമംഗലം കാണിച്ചിട്ടുള്ളത്. പതിനാല് നിയമസഭകളിലും മൂന്ന് തവണ മാത്രമാണ് മണ്ഡലം ഇടതിനെ കൈവിട്ടത്. 2006 മുതല്‍ ചടയമംഗലത്ത് നിന്ന് നിയമസഭയിലേക്ക് അയക്കുന്നത് മുല്ലകര രത്‌നാകരനെയാണ്. 2006-ല്‍ സിറ്റിംങ്ങ് എം.എല്‍.എ. പ്രയാര്‍ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്. ഇ‌ത്തവണ സീറ്റ് വിഭജന ചർച്ചകൾക്കിടെ ചടയമംഗലം ലീഗിന് നൽകിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് യൂത്ത്‌കോണ്‍ഗ്രസും പ്രയാര്‍ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. മണ്ഡലത്തില്‍ ലീഗിന് സ്വാധീനമില്ലെന്നും കുഞ്ഞാലിക്കുട്ടി നിന്നാല്‍പോലും ജയിക്കില്ലെന്നുമാണ് യൂത്ത്‌കോണ്‍ഗ്രസ് പറയുന്നത്. 

8. കുണ്ടറ

കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍, കൊററങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുണ്ടറ നിയോജക മണ്ഡലം. എല്‍.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പവും മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണ് കുണ്ടറ. 2006 മുതല്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടത്പക്ഷത്തോടൊപ്പമായിരുന്നു മണ്ഡലം. രണ്ട് തവണ എം.എ. ബേബിയും 2016-ല്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയുമാണ് നിയമസഭയിലേക്ക് എത്തിയത്. ഇത്തവണയും മന്ത്രിയായിരുന്ന മെഴ്‌സിക്കുട്ടിയമ്മക്ക് ഒരവസരം കൂടി നല്‍കണമെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ആര്‍. അരുണ്‍രാജ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ. ഷാനവാസ് ഖാന്‍, സെക്രട്ടറി പി. ജെര്‍മിയാസ് തുടങ്ങിയവരെ കോണ്‍ഗ്രസ് പരിഗണിച്ചേക്കുമെന്നുമാണ് സൂചനകള്‍.

KOLLAM ELECTION

9. കൊല്ലം

കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂര്‍, തൃക്കരുവ പഞ്ചായത്തുകളും കൊല്ലം നഗരസഭ വാര്‍ഡുകള്‍ ചേര്‍ന്നതാണ് കൊല്ലം നിയമസഭാ മണ്ഡലം. ഇടത്-വലത് പക്ഷത്തോടൊപ്പം മാറി മാറി നിന്നിട്ടുള്ള മണ്ഡലമാണിത്. 2006, 2011 വര്‍ഷങ്ങളില്‍ പി.കെ. ഗുരുദാസന്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കെത്തി. 2016-ല്‍ ചലച്ചിത്രതാരം എം. മുകേഷാണ് കൊല്ലത്ത് നിന്നും നിയമസഭയിലേക്ക് എത്തിയത്. 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് ജയിച്ചത്. ഇത്തവണ മുകേഷിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുമ്പോള്‍ പോലും പാര്‍ട്ടിക്കുള്ളില്‍ നിന്നും മുകേഷിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ സ്ഥാനാര്‍ഥിയായി മുകേഷിനെ തന്നെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയാരുന്നു. അതേസമയം കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍, കഴിഞ്ഞ തവണ മുകേഷിനെതിരെ മത്സരിച്ച സൂരജ് രവി എന്നിവര്‍ കൊല്ലം സീറ്റിനായി രംഗത്തുണ്ട്. ബി.ജെ.പിക്കു വേണ്ടി മുന്‍ കളക്ടര്‍ സി.വി. ആനന്ദ്‌ബോസ് സ്ഥാനാര്‍ഥിയാകുമെന്നുമാണ് പറയുന്നത്.    

10. ഇരവിപുരം 

പുനലൂര്‍ നഗരസഭയും പത്തനാപുരം താലൂക്കിലെ അഞ്ചല്‍, ആര്യങ്കാവ്, ഇടമുളയ്ക്കല്‍, ഏരൂര്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെന്‍മല പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഇരവിപുരം നിയമസഭാ നിയോജക മണ്ഡലം. 1965-ല്‍ കോണ്‍ഗ്രസിലെ അ്ബ്ദുള്‍ റഹ്മാനെ ജയിപ്പിച്ചതൊഴിച്ചാല്‍ എക്കാലവും ഇടതിനൊപ്പം നിന്ന മണ്ഡലമാാണ് ഇരവിപുരം. മണ്ഡലം ദീര്‍ഘകാലം ആര്‍.എസ്.പിയുടെ കൈകളിലായിരുന്നു. 2001 മുതല്‍ തുടർച്ചയായിയി ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആണ് മണ്ഡലത്തില്‍ വിജയിച്ചത്. തുടര്‍ന്ന് നടന്ന 2016-ലെ തിരഞ്ഞെടുപ്പില്‍ എം. നൗഷാദ്  അസീസിനെ പരാജയപ്പെടുത്തി 28,803 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തണയും എം.നൗഷാദ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ തുടക്കം മുതല്‍ തന്നെ ഉറപ്പായിരുന്നു. അതേസമയം മുന്‍മന്ത്രി ബാബുദിവാകരനായിരിക്കും ഇത്തവണ ഇരവിപുരത്ത് നൗഷാദിന്റെ മുഖ്യ എതിരാളി. 

11. ചാത്തന്നൂര്‍ 

പരവൂര്‍ നഗരസഭയും കൊല്ലം താലൂക്കിലെ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, പൂതക്കുളം പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും ചേര്‍ന്നതാണ് ചാത്തന്നൂര്‍ നിയോജക മണ്ഡലം. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വ്യക്തമായ മുന്നേറ്റം കാഴ്ച വെച്ച മണ്ഡലമാണ് ചാത്തന്നൂര്‍. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പിയുടെ ഗോപകുമാര്‍ 33199 വോട്ടുകള്‍ നേടിയിരുന്നു. മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ ജി.എസ്. ജയലാല്‍ 34407 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലേക്ക് എത്തിയത്. എല്‍.ഡി.എഫിനൊപ്പവും യു.ഡി.എഫിനൊപ്പവും മാറി മാറി നിന്ന മണ്ഡലമാണിത്. ചാത്തന്നൂരില്‍ കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബി.ജെ.പി. ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പ്രചാരണമാരംഭിച്ചു കഴിഞ്ഞു.

Content Highlights: Kerala Assembly Election 2021 Kollam