കൊല്ലം: ഒരു കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി. നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍, പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌ കോമിനോട് പറഞ്ഞു. 

" ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുമായി അകന്നു കഴിയുകയാണ്. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യപ്പെടുന്നില്ല. ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണ്." ഇടത് സ്ഥാനാര്‍ഥിയായോ മറ്റേതെങ്കിലും പാര്‍ട്ടി അംഗമായോ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. 

"പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കാര്‍ ആരും കൂടെനിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്‌. ഇനി രാഷ്ട്ട്രീയത്തിലേക്ക് ഇല്ല." അദ്ദേഹം പറഞ്ഞു.  

2015-ലാണ് കൊല്ലം തുളസി ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2015-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല. 

Content Highlights: It was the wrong decission to join political party says kollam thulasi