കൊല്ലം: കെ.ബി. ഗണേഷ്‌കുമാര്‍ ഇത്തവണ സ്വന്തം തട്ടകമായ പത്തനാപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ സാധ്യത. മൂന്നു ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ഗണേഷിനെ കൊട്ടാരക്കര മത്സരിപ്പിക്കാനുള്ള ആലോചനകള്‍ ഇടത് കേന്ദ്രങ്ങളില്‍ നടക്കുന്നത്. ഇത് പ്രധാനമായും കെ.എന്‍. ബാലഗോപാലിനെ പത്തനാപുരത്ത് നിര്‍ത്താനുള്ള നീക്കത്തിന്റെ കൂടി ഭാഗമായാണ്. കേരള കോണ്‍ഗ്രസ് ബിയുടെയും ബാലകൃഷ്ണ പിള്ളയുടേയും തട്ടകമാണ് കൊട്ടാരക്കര. മുമ്പ് യു.ഡി.എഫിലായിരുന്നപ്പോള്‍ ഈ രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ബിയാണ് മത്സരിച്ചിരുന്നത്.
ബാലകൃഷ്ണപിള്ളയെ 2006-ല്‍ അട്ടിമറിച്ചാണ് ഐഷ പോറ്റിയിലൂടെ സി.പി.എം. സീറ്റ് പിടിച്ചെടുത്തത്. ബാലകൃഷ്ണപിള്ള ജയിലിലായിരിക്കെ മത്സരിക്കാതെ മാറിനിന്ന 2011-ലും കൊട്ടാരക്കര സീറ്റ് ഐഷ പോറ്റി നിലനിര്‍ത്തി. ഓരോ തവണയും അവര്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് മൂന്നു ടേം തുടര്‍ച്ചയായി വിജയിച്ചു.
എന്നാല്‍, പത്തനാപുരം വിടാന്‍ ഗണേഷ് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പത്തനാപുരത്ത് മത്സരിച്ചാല്‍ ഇത്തവണയും ജയിച്ചുകയറാം എന്ന ആത്മവിശ്വാസത്തിലാണ് ഗണേഷ്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സി.പി.ഐയും ഗണേഷും തമ്മില്‍ പത്തനാപുരത്ത് അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്.
പൊതുയോഗം വിളിച്ച് സി.പി.ഐ. നേതാക്കള്‍ ഗണേഷിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ ഭിന്നത ഇതുവരെയും പരിഹരിക്കപ്പെടാത്തതിനാല്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളാനുമാകില്ല. അതോടെയാണ് കൊട്ടാക്കരയിലേക്കുള്ള മാറ്റം ആലോചനയില്‍ വന്നത്. പത്തനാപുരത്ത് പകരം ബാലഗോപാല്‍ മത്സരിക്കുകയും ഗണേഷ് കൊട്ടാരക്കരയില്‍ മാറുകയും ചെയ്താല്‍ രണ്ട് സീറ്റും ഉറപ്പാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടത് കേന്ദ്രങ്ങള്‍.
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ്. കടക്കുമ്പോള്‍ പത്തനാപുരത്തിന് പകരം കൊട്ടാരക്കര എന്ന ഫോര്‍മുല സി.പി.എം. കേരള കോണ്‍ഗ്രസ് ബിക്ക് മുമ്പാകെ വെക്കും. മുഖ്യമന്ത്രി പിണറായി വിജയനും ബാലഗോപാലിനെ ഇത്തവണ ജില്ലയില്‍ നിന്ന് നിയമസഭയിലെത്തിക്കണം എന്ന അഭിപ്രായമുള്ളതായാണ് സൂചന. ബാലഗോപാലിനെ മത്സരിപ്പിക്കുന്നതിനോട് എന്‍.എസ്.എസ്സിനും അനുകൂലനിലപാടാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ എന്‍.എസ്.എസ്സിന്റെ കൊല്ലത്തെ പ്രധാന ഭാരവാഹികൂടിയാണ്.
Content Highlights: Ganesh kumar to Kottarakkara-KN Balagopal likely in Pathanapuram