കൊല്ലം: കൊല്ലം ജില്ലയില്‍ സി പി എം സാധ്യത പട്ടിക തയാറായി. എം എല്‍ എമാരായ മുകേഷ്, എം നൗഷാദ് എന്നിവര്‍ വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് ഒരു തവണകൂടി അവസരം നല്‍കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്. 

കൊല്ലം ജില്ലയിലെ അഞ്ച് സീറ്റുകളിലാണ് സി പി എം മത്സരിക്കുന്നത്. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായത്.

എം എല്‍ എമാരായ മുകേഷ് കൊല്ലത്ത് നിന്നും ഇരവിപുരത്ത് നിന്ന് എം നൗഷാദും വീണ്ടും ജനവിധി തേടും. ചവറയില്‍ മുന്‍ എം എല്‍ എ എന്‍ വിജയന്‍പിള്ളിയുടെ മകന്‍ ഡോ. സുജിത് വിജയനെ സ്ഥാനാര്‍ഥിയാക്കാനും ധാരണയായി. അതേസമയം ഏത് ചിഹ്നം നല്‍കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. അത് സംസ്ഥാന കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. അല്ലാത്തപക്ഷം ഇടത് സ്വതന്ത്രനായി ഡോ. സുജിത് വിജയന്‍ മത്സരിക്കാനാണ് സാധ്യത. 

കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് ഒരു അവസരം കൂടി നല്‍കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ നിലപാട്. സംസ്ഥാന തലതീരുമാനത്തില്‍ മേഴ്‌സിക്കിട്ടിയമ്മയുടെ കാര്യത്തില്‍ ഇളവ് വേണമെന്നാണ് യോഗത്തിന്റെ ആവശ്യം.     

കൊട്ടാരക്കരയില്‍ മൂന്ന് തവണ മത്സരിച്ച ഐഷപോറ്റി ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം കെ എം ബാലഗോപാലിന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ പരിഗണനയിലുള്ളത്. അതേസമയം കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക സംസ്ഥാന നേതൃത്വമായിരിക്കും. അതേസമയം ബാലഗോപാലിനൊപ്പം ഐഷ പോറ്റിയുടെ പേരും പട്ടികയിലുണ്ട്‌

കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെയായിരിക്കും ഇത്തവണയും ജനവിധി തേടുക. 

Content Highlights: CPM candidate list ready Mukesh and M Noushad will contest again as CPM candidates in Kollam