കാസര്‍കോട്: കെ.സുധാകരന്‍ കണ്ണൂര്‍ വിട്ട് കാസര്‍കോട്ട് എത്തിയതോടെയാണ് ഉദുമ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരമണ്ഡലമായി മാറിയത്. എ ഗ്രൂപ്പില്‍ നിന്ന് സതീശന്‍ പാച്ചേനിയെ ഐ ഗ്രൂപ്പിലെത്തിക്കാനായി 'സുരക്ഷിത' സീറ്റായ കണ്ണൂര്‍ നല്‍കിയാണ് സുധാകരന്‍ ഉദുമയിലെത്തിയത്. പക്ഷേ പരീക്ഷണം പാളി ഇടത് തരംഗത്തില്‍ കണ്ണൂരും കൈവിട്ടു.
കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിനായി കെ കുഞ്ഞിരാമന്‍ സുധാകരനെ തറപറ്റിച്ച് ഉദുമ നിലനിര്‍ത്തി. 2011 ലെ 11,380 വോട്ടിന്റെ ഭൂരിപക്ഷം 3832 ആയി ചുരുങ്ങിയെങ്കിലും സുധാകരനെ വീഴ്ത്തി കുഞ്ഞിരാമന്‍ സിപിഎമ്മിന്റെ ഹീറോയായി.
2006 ലെ വി.എസ് തരംഗത്തില്‍ 27,294 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ നിന്ന് ക്രമേണ ഭൂരിപക്ഷം കുറഞ്ഞുവരുന്നതിനാല്‍ ഇത്തവണ സിപിഎം കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെയാകും മണ്ഡലം നിലനിര്‍ത്താന്‍ നിയോഗിക്കുക. രണ്ട് തവണ വിജയിച്ച കുഞ്ഞിരാമന്‍ ഇത്തവണ മാറാനാണ് എല്ലാ സാധ്യതയും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ വിവാദവും കുഞ്ഞിരാമനെതിരെ നില്‍ക്കുന്നു. സ്ഥാനാര്‍ഥി ആരായാലും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വിജയത്തുടര്‍ച്ച ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. ഇത്തവണ സുധാകരനില്ലാത്തതിനാല്‍ എതിര്‍ സ്ഥാനാര്‍ഥി മറ്റാരായാലും ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് ഉറപ്പിക്കുന്നു എല്‍ഡിഎഫ്. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്റെ പേരാണ് സിപിഎം സജീവമായി പരിഗണിക്കുന്നത്. ലീഗ് തുടര്‍ച്ചയായി ജയിക്കുന്ന മഞ്ചേശ്വരത്ത് നിന്ന് 2006 ല്‍ വിജയിക്കുകയും കഴിഞ്ഞ രണ്ട് തവണ പരാജയപ്പെടുകയും ചെയ്ത സി.എച്ച് കുഞ്ഞമ്പുവിന്റെ പേരാണ് സിപിഎം പരിഗണിക്കുന്ന മറ്റൊരു പേര്.
ജില്ലയില്‍ തന്നെ ഇത്തവണ ഏറ്റവും സാധ്യതയുള്ള മണ്ഡലമായിട്ടാണ് ഉദുമയെ കോണ്‍ഗ്രസ് കാണുന്നത്. കഴിഞ്ഞ തവണ സുധാകരനെ നിര്‍ത്തി കടുത്ത പോരാട്ടം നടത്തിയപ്പോള്‍ വിജയിക്കാനായില്ലെങ്കിലും ഭൂരിപക്ഷം 4000 ത്തില്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞു. പെരിയ ഇരട്ടക്കൊലപാതകം ഇവിടെ സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് മുഖ്യപ്രചാരണ വിഷമായി യുഡിഎഫ് ഇവിടെ ഇത്തവണയും ഉന്നയിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് രാജ്‌മോന്‍ ഉണ്ണിത്താന് ഉദുമയില്‍ 8937 വോട്ടിന്റെ ലീഡ് നേടാനായത് അനുകൂല ഘടകമായി യുഡിഎഫ് കാണുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പെരിയ പഞ്ചായത്ത് യുഡിഎഫ് ഇടതില്‍ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
കെപിസിസി സെക്രട്ടറിയും മണ്ഡലക്കാരനുമായ ബാലകൃഷ്ണന്‍ പെരിയ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരാനാണ് സാധ്യത കൂടുതല്‍. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേല്‍, എം.സി ജോസ് ഒപ്പം യുവനിര നേതാക്കള്‍ അടക്കമുള്ളവരുടെ പേരുകളും സ്ഥാനാര്‍ഥിത്വത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നു.
മഞ്ചേശ്വരത്തും കാസര്‍കോട്ടും നിര്‍ണായക വോട്ട് ബാങ്കുള്ള ബിജെപിക്ക് പക്ഷേ ഉദുമ വലിയ മുന്‍തൂക്കമുള്ള മണ്ഡലമല്ല. എങ്കിലും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കുകയും അട്ടിമറി സൃഷ്ടിക്കാമെന്നുമാണ് ബിജെപി പ്രതീക്ഷ. ഇപ്പോഴത്തെ ബിജെപി ജില്ലാ അധ്യക്ഷനും ഉദുമ മണ്ഡലത്തില്‍ പെടുന്നയാളുമായ സി. ശ്രീകാന്ത് വീണ്ടും കളത്തിലിറങ്ങിയാല്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. കെ സുരേന്ദ്രനും രവീശതന്ത്രി കുണ്ടാറും മത്സരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മഞ്ചേശ്വരത്ത് ശ്രീകാന്ത് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത കൂടുതല്‍. അതിനാല്‍ ബിജെപിക്കും പുതുമുഖ സ്ഥാനാര്‍ഥി വന്നേക്കും ഉദുമയില്‍.
Content Highlights: Balakrishnan Periya & v v rameshan may contest for UDF & LDF