കേരളത്തിന്റെ വടക്കേയറ്റം, കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്നു. മഞ്ചേശ്വരം മണ്ഡലം സ്വന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ ബി.ജെ.പിക്ക് നിരവധി കാരണങ്ങളുണ്ട്. കേരളത്തിലെ തങ്ങളുടെ വിജയം മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുമെന്നും കേരളത്തില്‍ ആദ്യമായി ബി.ജെ.പി.ടിക്കറ്റില്‍ വിജയിക്കുന്നയാള്‍ എന്ന ഖ്യാതി കെ.സുരേന്ദ്രന് ലഭിക്കുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ തോന്നിപ്പിച്ചിരുന്നു. എന്നാല്‍, സുരേന്ദ്രന്‍ ജയിച്ചതുമില്ല, മഞ്ചേശ്വരത്തിന് പകരം നേമത്തിലൂടെ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിലെ പരാജയം നിയമ യുദ്ധത്തിലൂടെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിധിവരുന്നതിന് മുന്നെ എംഎല്‍എയുടെ മരണമുണ്ടായി. അതോടെ ഉപതിരഞ്ഞെടുപ്പ് വന്നു. സുരേന്ദ്രന്റെ പരാജയത്തെ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയം എന്ന് വിശേഷിപ്പിക്കുന്നതാണ് ശരി. വെറും 89 വോട്ടിനാണ് അദ്ദേഹം യു.ഡി.എഫ്. സ്ഥാനാര്‍ഥിയോട് തോറ്റത്. അപ്പോഴും സമാധാനിക്കാം, രണ്ടാം സ്ഥാനം ബി.ജെ.പിക്കാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കാണാമെന്ന് പ്രതീക്ഷയോടെ മഞ്ചേശ്വത്തോട് വിട പറഞ്ഞ സുരേന്ദ്രന് പാര്‍ട്ടി അതിലും വലിയ ഉത്തരവാദിത്വം നല്‍കി. അതോടെ അദ്ദേഹം മത്സരിക്കാന്‍ തന്നെ സാധ്യത കുറവാണ്. കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റിലാകാനാണ് സാധ്യത.

2019 ഉപതിരഞ്ഞെടുപ്പ് ഫലം
എം.സി. ഖമറുദ്ദീൻ ഭൂരിപക്ഷം -7923 യു.ഡി.എഫ്
രവീശ തന്ത്രി കുണ്ടാർ വോട്ട് - 57484 എൻ.ഡി.എ
എം.ശങ്കയർ റേ വോട്ട് - 38,233 എൽ.ഡി.എഫ്

 

2016 നിയമസഭാ ഫലം
പി.ബി. അബ്ദുൾ റസാഖ് ഭൂരിപക്ഷം- 89 യു.ഡി.എഫ്
കെ. സുരേന്ദ്രൻ വോട്ട് - 56,781 ബി.ജെ.പി
സി.എച്ച്. കുഞ്ഞമ്പു വോട്ട് - 42565 എൽ.ഡി.എഫ്

മത്സരിക്കില്ലെന്ന് ഇപ്പോഴും സുരേന്ദ്രന്‍ ഉറപ്പിച്ച് പറഞ്ഞിട്ടില്ല. പോരാഞ്ഞിട്ട് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും എന്നും പറഞ്ഞിട്ടുണ്ട്. അഥവാ സുരേന്ദ്രന്‍ മത്സരിച്ചില്ലെങ്കില്‍ പിന്നെ അത്രതന്നെ വിജയ സാധ്യതയുള്ള ആരായിരിക്കും സ്ഥാനാര്‍ഥിയായി വരിക. മണ്ഡലത്തിന് അകത്തും പുറത്തുമുള്ള ബി.ജെ.പി. ക്യാമ്പുകളില്‍ കേള്‍ക്കുന്ന പേര് ബി.ജെ.പിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ആയ അഡ്വ.കെ.ശ്രീകാന്തിന്റേതാണ്. മണ്ഡലത്തില്‍ പരിചിതനാണെന്നതും ജില്ലയിലെ പാര്‍ട്ടിയുടെ അമരക്കാരനാണെന്നതുമാണ് വിജയ സാധ്യതയുള്ള സീറ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്.

ഇനി യു.ഡി.എഫിന്റെ കാര്യം, സിറ്റിങ്ങ് എം.എല്‍.എ. എം.സി.ഖമറുദ്ദീന്‍ കേസുകളുടെ എണ്ണത്തില്‍ സെഞ്ചുറിയും കടന്നതോടെ ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്‌ എത്താനുള്ള സാധ്യതയില്ല. ജാമ്യം ലഭിച്ച കമറുദീന്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഒരു പുതുമുഖത്തെ പ്രതീക്ഷിക്കാം. മഞ്ചേശ്വരം മുസ്ലീം ലീഗിന്റെ സീറ്റാണ്. എന്നാല്‍, ഈ പ്രത്യേക സാഹചര്യത്തില്‍ ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.

വർഷം  സ്ഥാനാർഥി  ഭൂരി പക്ഷം  മുന്നണി
1982 എ.സുബ്ബറാവു 153 എൽ.ഡി.എഫ്
1987 ചെർക്കളം അബ്ദുള്ള 6746 യു.ഡി.എഫ്
1991 ചെർക്കളം അബ്ദുള്ള 1072 യു.ഡി.എഫ്
1996 ചെർക്കളം അബ്ദുള്ള 1072 യു.ഡി.എഫ്
2001 ചെർക്കളം അബ്ദുള്ള 13188 യു.ഡി.എഫ്
2006 സി.എച്ച്. കുഞ്ഞമ്പു 4829 എൽ.ഡി.എഫ്
2011 പി.ബി.അബ്ദുൾ റസാഖ് 5828 യു.ഡി.എഫ്

ഇത് വെറും അഭ്യൂഹം മാത്രമാണെങ്കില്‍ പിന്നെ ലീഗിന്റെ സ്ഥാനാര്‍ഥിയായി എത്തുന്നത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് ലീഗിന്റെ സംസ്ഥാന നേതാവുമായി എ.കെ.എം. അഷറഫ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പിക്കാം. മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി.അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് 2020-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി കമറുദ്ദീനും അഷറഫും തമ്മില്‍ പിടിവലി നടന്നിരുന്നു. ഒടുവില്‍ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കമറുദ്ദീന്‍ മത്സരിക്കുകയായിരുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ കമറുദ്ദീന് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്താന്‍ സ്വാഭാവികമായും അടുത്ത പേര് അഷ്റഫിന്റേതായിരിക്കും എന്നതില്‍ സംശയമില്ല. മറ്റ് പേരുകള്‍ ഒന്നും യു.ഡി.എഫ്- മുസ്ലീം ലീഗ് ക്യാമ്പുകളില്‍ നിന്ന് ഉയര്‍ന്നിട്ടുമില്ല. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകാത്തത് എല്‍.ഡി.എഫിന്റേതാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടത് കോട്ടയില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. മണ്ഡലത്തില്‍ തന്നെയുള്ള ജനസമ്മതനായി വ്യക്തിയെ ഇറക്കിയായിരിക്കും ഇവരും തിരഞ്ഞെടുപ്പിനെ നേരിടുക.

Content Highlights: Kerala Assembly Election 2021- Manjeshwar Constituency