കേരളത്തിന്റെ വാലറ്റത്ത് കമ്യൂണിസ്റ്റുകള്‍ കൈവിട്ട മണ്ഡലം തിരിച്ചെത്തുന്നത് സി.എച്ച്. കുഞ്ഞമ്പുവിലൂടെയാണ്. 20 വര്‍ഷത്തിനുശേഷം സി.എച്ച്.കുഞ്ഞമ്പുവിലൂടെ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിക്കുമ്പോള്‍ മണ്ഡലത്തില്‍ ജയിക്കുന്ന ആദ്യ സി.പി.എം. സ്ഥാനാര്‍ഥികൂടിയായി അദ്ദേഹം. ജീവിതത്തിലെ മഞ്ചേശ്വരം കഥ സി.പി.എം. സംസ്ഥാനസമിതിയംഗം സി.എച്ച്. കുഞ്ഞമ്പു ഓര്‍ക്കുന്നു.
മഞ്ചേശ്വരം പിടിച്ച പ്ലാന്‍ ബി
2006-ലെ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പാണ് മണ്ഡലത്തിന്റെ ചുമതലക്കാരനായി സി.എച്ച്.കുഞ്ഞമ്പു മണ്ഡലത്തിലെത്തുന്നത്. പാര്‍ട്ടിയെ മണ്ഡലത്തില്‍ ഉണര്‍ത്തി തിരഞ്ഞെടുപ്പിന് സജ്ജമാക്കിയതോടെ മണ്ഡലത്തിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. മന്ത്രിയായ ചെര്‍ക്കളത്തെ നേരിടാനാണ് മൂന്നാംസ്ഥാനം നേടുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സി.എച്ച്. മഞ്ചേശ്വരത്തിറങ്ങുന്നത്.
'അന്ന് ഒരു വിജയപ്രതീക്ഷയുമില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. മഞ്ചേശ്വരത്ത് ഇടതുപക്ഷം ശക്തമല്ല. പക്ഷേ, പ്രചാരണ സമയത്ത് ജനങ്ങളുടെ വലിയൊരു പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചു. കാരണം എന്താണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും അതോടെ ചില മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി.സതീഷ്ചന്ദ്രനെ മണ്ഡലത്തിന്റെ സെക്രട്ടറിയാക്കി ചുമതല നല്‍കി. ജില്ലാ നേതാക്കള്‍ ഭൂരിഭാഗവും മണ്ഡലത്തിലേക്ക് കേന്ദ്രീകരിച്ചു' -അദ്ദേഹം തിരഞ്ഞെടുപ്പ് രീതികള്‍ ഓര്‍ത്തെടുത്തു.
ബൂത്തിലെ ഇടതുപക്ഷ വോട്ടര്‍മാരെ തിരഞ്ഞെടുത്ത് വോട്ട് ഉറപ്പാക്കുന്ന രീതി അന്ന് മഞ്ചേശ്വരത്തില്ലായിരുന്നു. ഇത് നടപ്പാക്കി. തിരഞ്ഞെടുപ്പിനുശേഷം പോളിങ് ഏജന്റുമാരുടെ പട്ടികപ്രകാരം നാലായിരത്തോളം വോട്ടിന്റെ വിജയമായിരുന്നു കണക്കുകൂട്ടല്‍.
ഈ താഴേത്തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളാണ് വിജയങ്ങളിലൊരു കാരണമെന്ന് അന്ന് പാര്‍ട്ടി കണ്ടെത്തിയത്. 20 വര്‍ഷത്തോളം മണ്ഡലത്തിന്റെ എം.എല്‍.എ.യായിരുന്നയാളിനോടുള്ള എതിര്‍പ്പും മണ്ഡലത്തില്‍ അവര്‍ക്ക് തിരിച്ചടിയായി. ലീഗിലും സമുദായത്തിലുമുണ്ടായ അതൃപ്തി ഇടതുപക്ഷത്തിന് അതുവരെ കിട്ടാതിരുന്ന വോട്ടുകള്‍ കിട്ടാനിടയാക്കി. ആര്‍.എസ്.എസ്. ബി.ജെ.പി. വോട്ട് കൃത്യമായി അവര്‍ നേടി. ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് അന്ന് സാധിച്ചു. അതാണ് വിജയകാരണം.
അഞ്ചുവര്‍ഷം വളരെ ചെറിയ കാലയളവല്ലേ
'അഞ്ചുവര്‍ഷമുണ്ടെന്ന് പറയുമെങ്കിലും എം.എല്‍.എ.ക്ക് അത് വളരെ ചെറിയ കാലമാണ്. അത് അനുഭവിച്ചേ അറിയാനാകൂ'' സി.എച്ച്. മണ്ഡലത്തിലെ വികസനത്തിലേക്കിറങ്ങി. വിദ്യാഭ്യാസം, ആരോഗ്യം, സാംസ്‌കാരികം എന്നീ മേഖലകളെ ഉഷാറാക്കാനായിരുന്നു ശ്രമം. എന്തുചെയ്താലും എതിര്‍പ്പുമായി വരിക എന്നത് അന്ന് അവിടെ സ്ഥിരമായിരുന്നു'. ഐ.എച്ച്.ആര്‍.ഡി. കോളേജിന് കെട്ടിടം പണിയാന്‍ അമ്പലടുക്ക ക്ഷേത്രത്തിന് സമീപത്തെ ഭൂമി ക്ഷേത്രം സര്‍ക്കാരിന് കൈമാറിയതാണ്. എന്നാല്‍, മണ്ണുപരിശോധനയ്ക്കിടെ ബി.ജെ.പി.ക്കാര്‍ സമരം തുടങ്ങി, അമ്പലഭൂമിയില്‍ പണി പാടില്ലെന്നും പറഞ്ഞായിരുന്നു സമരം. അതോടെ ആ ഭൂമി തിരിച്ചുനല്‍കി വേറെ ഭൂമി കണ്ടെത്തി.
പക്ഷേ, ഇന്നും ഐ.എച്ച്.ആര്‍.ഡി. കോളേജ് 15 വര്‍ഷം പിന്നിലുള്ള അതേ അവസ്ഥയിലാണ്'. യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായ പാര്‍ഥി സുബ്ബയ്യയ്ക്ക് സ്മാരകം പണിയുന്ന സമയത്താണ് ബി.ജെ.പി. മറ്റൊരു പ്രതിഷേധവുമായി ഇറങ്ങിയത്.' പാര്‍ഥി സുബ്ബയ്യയ്ക്കല്ല പാര്‍ട്ടി സുബ്ബയ്യയ്ക്കാണ് സ്മാരകം ഉണ്ടാക്കുന്നത്, പിന്നീടത് പാര്‍ട്ടി ഓഫീസാക്കി മാറ്റും എന്നൊക്കെ പറഞ്ഞായിരുന്നു അന്ന് പ്രചാരണം. കാലയളവില്‍ അത് പൂര്‍ത്തിയാക്കാനാകാത്തതുകൊണ്ട് ഇത് ഇന്നും പഴയപോലെ കിടക്കുന്നു' -അദ്ദേഹം പറയുന്നു.
എന്നിട്ടും ഞങ്ങളെന്തുകൊണ്ട് തോറ്റു !
വികസനംകൊണ്ട് മാത്രം ജയിക്കാന്‍ കഴിയില്ലെന്നാണ് മഞ്ചേശ്വരത്തെ മുന്‍ എം.എല്‍.എ.യുടെ അഭിപ്രായം. 2006-ന് ശേഷം രണ്ടുതവണ മത്സരിച്ചിട്ടും മൂന്നാംസ്ഥാനത്തിയിരുന്നു ഇടതുപക്ഷം. അതിനുകാരണം ഇതാണ്, 'ബി.ജെ.പി. ജയിക്കാന്‍ വേണ്ടി വലിയ തോതില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്. കേന്ദ്രത്തിലും കര്‍ണാടകയിലും ബി.ജെ.പി. വന്നതോടെ അത് ശക്തമായി. വര്‍ഷങ്ങളായി മൂന്നാമതുള്ള സി.പി.എം. ജയിച്ചിടത്ത് രണ്ടാമതുള്ള ബി.ജെ.പിക്ക് എന്തുകൊണ്ട് ജയിക്കാന്‍ പറ്റില്ല എന്നാണ് അവര്‍ ചോദിക്കുന്നത്. ഈ വര്‍ഗീയധ്രുവീകരണത്തില്‍ ഇടതുപക്ഷത്തിന് പിടിച്ചുനില്‍ക്കാനാകുന്നില്ല'. വര്‍ഗീയ ചേരിതിരിവുകള്‍ക്കിടിയിലും മണ്ഡലത്തിന് പുറത്തുനിന്നുള്ള ഭാഷാന്യൂനപക്ഷമല്ലാത്ത ഒരു സി.പി.എം.കാരന്‍ ജയിച്ചത് സി.എച്ച്. കുഞ്ഞമ്പു മാത്രമാണ്.
സംസാരം അവസാനിക്കുമ്പോള്‍ ഇനി മഞ്ചേശ്വരത്തേക്കുണ്ടോയെന്ന ചോദ്യത്തോടെ നിര്‍ത്താം,'മഞ്ചേശ്വരത്ത് ഇനിയില്ല, അവിടെ പുതിയ ആള്‍ക്കാര്‍ വരട്ടെ''. ഇനി മത്സരിക്കാനേയില്ലേ? 'മഞ്ചേശ്വരത്തേക്ക് ഇനിയില്ല'.
Content Highlights: Kerala Assembly Election-2021, Majeshwaram Constituency