മട്ടന്നൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദ്. അതേസമയം ഇതുവരെ കോണ്‍ഗ്രസ് ഇക്കാര്യം താനുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ധര്‍മടത്ത് പിണറായിക്കെതിരെ ഷുഹൈബിന്റെ പിതാവ് യുഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ധര്‍മടത്തോ തലശ്ശേരിയിലോ പാര്‍ട്ടി പറഞ്ഞാല്‍ താനോ തന്റെ കുടുംബത്തില്‍ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ല. തീരുമാനം പാര്‍ട്ടിയുടേതാണ്.'
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കും. കൊല്ലപ്പെട്ട ഷുഹൈബിന് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ് ഇപ്പോഴും. പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടര്‍ന്നാല്‍ നീതി ലഭിക്കില്ല. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ നീതി നടപ്പിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ രേഖകള്‍ കൈമാറാന്‍ തയ്യാറാവുന്നില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവര്‍ ഇപ്പോഴും പുറത്ത് വിലസി നടക്കുന്നുണ്ട്. കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് പണം മുടക്കി കേസ് നടത്തി സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നും ഷുഹൈബിന്റെ പിതാവ് പ്രതികരിച്ചു.
ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ധര്‍മടത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. 2016ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മമ്പറം ദിവാകരനെതിരെ 36,905 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പിണറായി വിജയന് ധര്‍മടത്ത് വിജയിച്ചത്. ഇക്കുറി മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരന് വ്യക്തമാക്കിയിട്ടുണ്ട്.
2018 ഫെബ്രുവരി 12 നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ സിപിഎം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
Content Highlights: Youth congress Martyr SP Shuhaib's father CP Muhammed may contest in Dharmadam- reports