തലശ്ശേരി: കാല്‍നൂറ്റാണ്ടിലേറെയായി സി.പി.എം. സ്ഥാനാര്‍ഥിമാത്രം ജയിച്ച മണ്ഡലമാണ് തലശ്ശേരി. മുഖ്യമന്ത്രിയായ നായനാര്‍ 1996-ല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്ത മണ്ഡലം. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ മണ്ഡലം. ഇത്തവണ യു.ഡി.എഫും എല്‍.ഡി.എഫും നേരിട്ടുള്ള മത്സരമാണ്. അതോടെ മണ്ഡലത്തിലെ പോരാട്ടത്തിന് വീര്യമേറി.

തലശ്ശേരിക്കോട്ട എല്‍.ഡി.എഫ്. നിലനിര്‍ത്തുമോ യു.ഡി.എഫ്. അത് തകര്‍ക്കുമോ, അട്ടിമറി വിജയമുണ്ടാകുമോ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഒരുകാര്യം ഉറപ്പാണ്; ഇത്തവണ കോട്ട കാക്കാന്‍ എല്‍.ഡി.ഫിന് വേനല്‍ച്ചൂടിനൊപ്പം കുറച്ചുകൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.

മണ്ഡലത്തില്‍ ഇതുപോലൊരു സാധ്യത ഇനിയുണ്ടാവില്ലെന്ന അഭിപ്രായമാണ് യു.ഡി.എഫ്. നേതൃത്വത്തിന്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി നിലവിലെ എം.എല്‍.എ.യായ അഡ്വ. എ.എന്‍. ഷംസീറിനെ സി.പി.എം. തുടക്കത്തില്‍തന്നെ കളത്തിലിറക്കി.

ഡി.സി.സി. ജനറല്‍ സെക്രട്ടറിയും നഗരസഭാ മുന്‍ കൗണ്‍സിലറുമായ എം.പി. അരവിന്ദാക്ഷനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഭരണസമിതിയംഗം, തലായി തുറമുഖ കര്‍മസമിതി ചെയര്‍മാന്‍, ജനറല്‍ ആസ്പത്രി വികസനസമിതിയംഗം എന്നീനിലകളില്‍ അരവിന്ദാക്ഷന്‍ പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസന്റെ പത്രിക സാങ്കേതികകാരണത്താല്‍ തള്ളിയതാണ് തലശ്ശേരി മണ്ഡലത്തിലെ പോരിന് പുതിയ രൂപം നല്‍കിയത്. യു.ഡി.എഫുമായുള്ള ധാരണപ്രകാരം കോ-ലീ-ബി. സഖ്യത്തിന്റെ ഭാഗമായാണ് പത്രിക തള്ളിയതെന്ന് എല്‍.ഡി.എഫ്. ആരോപണം. സാങ്കേതികമായ പിഴവുമാത്രമാണ് പത്രിക തള്ളാനിടയാക്കിയതെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിശദീകരണം.

എന്‍.ഡി.എ. വോട്ടുകള്‍ നിര്‍ണായകം

കഴിഞ്ഞകാലങ്ങളില്‍ എന്‍.ഡി.എ.യ്ക്ക് ലഭിച്ച വോട്ടുകള്‍ ഇനി ആര്‍ക്ക് ലഭിക്കുമെന്നതാണ് മണ്ഡലത്തിലുയരുന്ന ചോദ്യം. സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ ബി.ജെ.പി. നേതൃത്വം ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. 25000-ത്തോളം വോട്ട് മണ്ഡലത്തില്‍ എന്‍.ഡി.എ.യ്ക്കുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 20,249 വോട്ട് നേടിയ എന്‍.ഡി.എ.യ്ക്ക് തലശ്ശേരി നഗരസഭയില്‍ എട്ട് കൗണ്‍സിലര്‍മാരുണ്ട്. കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ കാലാവധി കഴിയുമ്പോള്‍ അഞ്ച് കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനൊപ്പം നഗരസഭയിലെ ചില വാര്‍ഡുകളില്‍ എന്‍.ഡി.എ. രണ്ടാംസ്ഥാനത്തെത്തി.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ ഭരണത്തുടര്‍ച്ചയ്ക്കും തലശ്ശേരിയുടെ വികസനത്തിനും വേണ്ടിയാണ് വോട്ടഭ്യര്‍ഥിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രചാരണം.

അരനൂറ്റാണ്ടത്തെ വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നാണ് അരവിന്ദാക്ഷന്റെ വാഗ്ദാനം. തലശ്ശേരി വികസനത്തിന് കര്‍മപദ്ധതി തയ്യാറാക്കും.

രണ്ടുപതിറ്റാണ്ടിനുശേഷം വാശിയേറിയ മത്സരം

ഏറ്റവും ഒടുവില്‍ 2001-ലാണ് മണ്ഡലത്തില്‍ വാശിയേറിയ മത്സരം നടന്നത്. അന്ന് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ 7043 വോട്ടിനാണ് കോണ്‍ഗ്രസ് നേതാവ് സജ്ജീവ് മാറോളിയെ പരാജയപ്പെടുത്തിയത്. അതിനുശേഷം കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലം ഇളക്കിമറിച്ച പ്രചാരണം നടത്തിയെങ്കിലും കോടിയേരിയുടെ ഭൂരിപക്ഷം കൂടുകയാണുണ്ടായത്.

10,055 വോട്ടിനാണ് ഉണ്ണിത്താന്‍ പരാജയപ്പെട്ടത്. പിന്നിട് മണ്ഡലത്തിന്റെ രൂപം മാറി. എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള തലശ്ശേരി നഗരസഭയും കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ലി, എരഞ്ഞോളി, ന്യൂമാഹി എന്നീ അഞ്ച് പഞ്ചായത്തുമുള്‍പ്പെടുന്നതാണ് തലശ്ശേരി മണ്ഡലം.

2011-ല്‍ റിജില്‍ മാക്കുറ്റിയെ 26,509 വോട്ടിനാണ് കോടിയേരി ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പി. സ്ഥാനാര്‍ഥി അഡ്വ. വി. രത്‌നാകരന് 6937 വോട്ട് ലഭിച്ചു. 2016-ല്‍ എല്‍.ഡി.എഫ്. ഭൂരിപക്ഷം വീണ്ടും ഉയര്‍ന്നു. എ.എന്‍. ഷംസീര്‍ അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന് പരാജയപ്പെടുത്തി.

എന്‍.ഡി.എ. സ്ഥാനാര്‍ഥി വി.കെ. സജീവന് 22,125 വോട്ട് ലഭിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും തമ്മില്‍ 11,469 വോട്ടിന്റെ വ്യത്യാസം മാത്രമെയുള്ളു. 13,436 വോട്ട് എന്‍.ഡി.എ.യ്ക്ക് ലഭിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനെക്കാള്‍ 46,422 വോട്ടിന്റെ വ്യത്യാസമുണ്ട്.

അതേസമയം എന്‍.ഡി.എ. 20249 വോട്ട് നേടി. മുന്നണികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതോടെ മത്സരഫലം എന്താകും എന്ന ചോദ്യം മണ്ഡലത്തിലുയരാന്‍ തുടങ്ങി.

മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഷംസീര്‍ അവകാശപ്പെടുമ്പോള്‍ സാഹചര്യം അനുകൂലമായതിനാല്‍ വിജയം ഉറപ്പാണെന്ന് അരവിന്ദാക്ഷന്‍ പറയുന്നു.

ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്കും പുറമെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി വി.പി. ഷംസീര്‍ ഇബ്രാഹിം, സി.പി.എം. പ്രാദേശിക നേതാവായിരുന്ന സി.ഒ.ടി. നസീര്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായും മത്സരരംഗത്തുണ്ട്. അപരന്‍മാരായി രംഗത്തെത്തിയ അരവിന്ദാക്ഷന്‍, ഹരിദാസന്‍ എന്നീ സ്വതന്ത്രരുള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്. 

തലശ്ശേരി നിയോജക മണ്ഡലം
നിയമസഭ തിരഞ്ഞെടുപ്പ്‌ 2016  എൽഡിഎഫ്-ഭൂരിപക്ഷം 34117
എൽഡിഎഫ്  70741
യുഡിഎഫ് 36624
എൻഡിഎ 22125
 
ലോകസഭ തിരഞ്ഞെടുപ്പ്‌ 2019  എല്‍ഡിഎഫ്-ഭൂരിപക്ഷം  11469
എല്‍ഡിഎഫ് 65401
യുഡിഎഫ്    53932
എൻഡിഎ 13456
 
തദ്ദേശതിരഞ്ഞെടുപ്പ് 2020   എൽഡിഎഫ്-ഭൂരിപക്ഷം 46422 
എല്‍ഡിഎഫ് 77651
യുഡിഎഫ് 31229
എൻഡിഎ 20249

Content Highlights: Thalaserry Assembly Election 2021 AN Shamseer MP Aravindakshan