ശ്രീകണ്ഠപുരം: 39 വര്‍ഷം കൂടെയുണ്ടായിരുന്ന ഇരിക്കൂറില്‍ സജീവ് ജോസഫാണ് എന്റെ പിന്‍ഗാമിയെന്ന് കെ.സി. ജോസഫ് എം.എല്‍.എ. ഇരിക്കൂര്‍ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്റെ മനസ്സില്‍ എന്നും ഇരിക്കൂറുണ്ടാവും. ഞാന്‍ വളര്‍ന്നതും കാലുറച്ചുനിന്നതും ഈ മണ്ണിലാണ്. എന്റെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും ഇരിക്കൂറിലെ ജനങ്ങള്‍ എന്നോടൊപ്പം എന്നും നിന്നു.

എല്‍.ഡി.എഫ്. ഭരണത്തിലെത്തിയപ്പോഴെല്ലാം മണ്ഡലത്തെ അവഗണിച്ചെങ്കിലും ഇരിക്കൂറിന്റെ വികസനമുന്നേറ്റത്തെ തടയാനായില്ല. 39 വര്‍ഷം കഴിഞ്ഞിട്ടും നിങ്ങളുടെ എം.എല്‍.എ. ഒരു അഴിമതിക്കാരനെന്ന് ആരെക്കൊണ്ടും പറയിപ്പിച്ചിട്ടില്ല. എം.എല്‍.എ. എന്ന നിലയില്‍ ഒരു പേരുദോഷവും കേള്‍പ്പിച്ചിട്ടില്ല.

എനിക്ക് ഇന്ന് കൈവെള്ളയിലെ രേഖപോലെ സുപരിചിതമാണ് ഇരിക്കൂറിലെ ഒരോ പ്രദേശവും. അതുപോലെ ഇരിക്കൂറില്‍ എന്റെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച എല്ലാവരും എന്റെ മനസ്സിലുണ്ട്. ഇത്രയും കാലം സ്‌നേഹിച്ചതിന്, കൂടെ നിന്നതിന് ഇരിക്കൂറിലെ ജനങ്ങളോട് നന്ദി പറയുന്നു. നീണ്ട നാലുപതിറ്റാണ്ട് ഇരിക്കൂര്‍ എന്റെ കുടുംബം തന്നെയായിരുന്നു.

ഈ നാട്ടുകാര്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് എപ്പോഴും പെരുമാറിയത്. രാഷ്ട്രീയമായി വിയോജിപ്പുകള്‍ ഉള്ളപ്പോഴും പ്രതിപക്ഷപാര്‍ട്ടികളിലെ സുഹൃത്തുക്കളും സ്‌നേഹപൂര്‍വമാണ് പെരുമാറിയതെന്ന കാര്യം എനിക്ക് വിസ്മരിക്കാന്‍ കഴിയില്ല. ഇനി നിങ്ങള്‍ക്കൊരു പുതിയ എം.എല്‍.എ.യുണ്ടാവും -കെ.സി. ജോസഫ് പറഞ്ഞു.