കണ്ണൂര്‍/ഇരിട്ടി/ആലക്കോട്: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ശനിയഴ്ച കണ്ണൂരില്‍ രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനം പ്രവര്‍ത്തകരെ ആവേശത്തിലാറാടിച്ചു. ഇരിട്ടിയിലും ആലക്കോട്ടും കണ്ണൂര്‍ നഗരത്തിലും അദ്ദേഹം പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമെത്തി. അഴിക്കോട് മണ്ഡലം ഉള്‍പ്പെടുന്ന വളപട്ടണം ഹൈവേ ജങ്ഷന്‍മുതല്‍ മണ്ഡപംവരെ നടത്തിയ റോഡ് ഷോയിലും വലിയ ആവേശമാണ് പ്രകടമായത്.

ഇരിട്ടി, ആലക്കോട് എന്നിവിടങ്ങളിലെ സമ്മേളനങ്ങള്‍ക്കുശേഷം വൈകിട്ട് 5.45-ഓടെ രാഹുല്‍ ഗാന്ധി വളപട്ടണം മന്ന ഗ്രൗണ്ടില്‍ വന്നിറങ്ങി. അപ്പോഴേക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോ കാണാന്‍ പാതയോരത്ത് ഇരുവശത്തും സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.

കെ. സുധാകരന്‍ എം.പി.യും കെ.സി. വേണുഗോപാലും അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഷാജി എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുലിനെ ഒരുനോക്ക് കാണാന്‍ അമ്മമാര്‍ അടക്കമുള്ളവര്‍ മണിക്കൂറുകളോളം കാത്തിരുന്നു. യാത്രയിലുടനീളം വാഹനവ്യൂഹവും നൂറുകണക്കിനാളുകളും മുദ്രാവാക്യം വിളികളോടെ രാഹുലിനെ പിന്തുടര്‍ന്നു.

കണ്ണൂരിലെ രാഹുലിന്റെ പൊതുയോഗം നടക്കുന്ന ആയിക്കര മാപ്പിളബേ ഹാര്‍ബര്‍ ഈ സമയത്ത് നിറഞ്ഞുകവിഞ്ഞിരുന്നു. രാഹുല്‍ എത്തും മുന്‍പേ നേതാക്കളുടെ പ്രസംഗം തുടങ്ങി. കൂറ്റന്‍ കൊടികള്‍ വീശിയും ആര്‍ത്തുവിളിച്ചും പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റു. 6.40-ഓടെ രാഹുലിന്റെ വാഹനം എത്തുമ്പോഴേക്കും ജനങ്ങള്‍ക്ക് നിയന്ത്രണംവിട്ടു.

കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി, അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥി കെ.എം. ഷാജി, കല്യാശ്ശേരി മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ. ബ്രിജേഷ് കുമാര്‍, ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥി സി. രഘുനാഥ്, തലശ്ശേരി മണ്ഡലം സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷന്‍, കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുള്ള എന്നിവരെ രാഹുല്‍ സദസ്സിന് പരിചയപ്പെടുത്തി. യോഗത്തില്‍ വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ യോഗം കഴിഞ്ഞതോടെ രാഹുല്‍ റാമ്പില്‍നിന്ന് ചാടിയിറങ്ങി. മുന്‍നിരിയിലേക്ക് ഓടിയെത്തി ആളുകള്‍ക്ക് കൈ കൊടുത്തു. ജനം സെല്‍ഫിയെടുക്കാന്‍ ഇരച്ചുകയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടാണ് രാഹുലിലെ ജനക്കൂട്ടത്തില്‍നിന്ന് പുറത്തെത്തിച്ചത്.

ഇരിട്ടിയിലും നെഹ്റുകുടുംബത്തിലെ ഇളമുറക്കാരനെ കാണാനും കേള്‍ക്കാനും ഉച്ചവെയിലിനെ കൂസാതെ ജനം ഒഴുകിയെത്തിയപ്പോള്‍ ഇരിട്ടി നഗരം ജനസാഗരമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവ് രാജീവ് ഗാന്ധി വിളക്കോട് ഹാജി റോഡില്‍ കെ.പി. നൂറുദ്ദീനുവേണ്ടി വോട്ടുതേടി എത്തിയപ്പോള്‍ ഉണ്ടായ ആവേശം ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി സണ്ണി ജോസഫിന് വോട്ട് തേടിയുള്ള രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും പൊതുസമ്മേളനവും. അന്ന് കെ.പി. നൂറുദ്ദീനെ പേരാവൂരിന് വേണം എന്ന് പറഞ്ഞ് ജനത്തെ കൈയിലെടുത്ത അച്ഛന്റെ പാതയില്‍ മലയോരം കോണ്‍ഗ്രസിനൊപ്പം എന്ന് പറയാന്‍ പ്രസംഗത്തിനുടനീളം ശ്രദ്ധിച്ചു.

ആലക്കോടും വന്‍ ജനാവലിയായിരുന്നു രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാനെത്തിയത്. ആലക്കോട് സെയ്ന്റ് മേരീസ് നഗറില്‍ ഹെലികോപ്റ്ററിലിറങ്ങിയ രാഹുല്‍ ഗാന്ധി തുറന്ന വാഹനത്തില്‍ ഒന്നരക്കിലോമീറ്റര്‍ ദൂരെ സമ്മേളനം നടക്കുന്ന അരങ്ങം ക്ഷേത്രമൈതാനിയിലെത്തിയപ്പോള്‍ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാഹുല്‍ വേദിയിലെത്തിയശേഷമായിരുന്നു പ്രവര്‍ത്തകരിലേറെയും സമ്മേളനസ്ഥലത്തെത്തിയത്.

Rahul Gandhi
കണ്ണൂർ പുതിയതെരുവിൽനിന്നാരംഭിച്ച രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ പടക്കം പൊട്ടിച്ചപ്പോൾ ചെവി പൊത്തിയിരിക്കുന്ന രാഹുൽ ഗാന്ധി. | ഫോട്ടോ: ലതീഷ്‌ പൂവ്വത്തൂർ

ജില്ലയിലെ പര്യടനത്തിന്റെ സമാപനമായി ആയിക്കര മാപ്പിളബേ ഹാര്‍ബറിലെ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി എത്തുമ്പോഴേക്കും കണ്ണൂരിലെ ജനം ഇളകിമറിഞ്ഞു. യു.ഡി.എഫ്. നേതാക്കള്‍ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് കണ്ണൂരില്‍ ലഭിച്ചത്. ജനം ആവേശഭരിതരായാണ് രാഹുലിനെ സ്വീകരിച്ചത്. വളപട്ടണംമുതല്‍ പുതിയതെരുവരെ നടന്ന റോഡ് ഷോയിലും ആയിക്കര മാപ്പിളബേ ഹാര്‍ബറില്‍ നടന്ന പൊതുയോഗത്തിലും അത് കാണാമായിരുന്നു.വഴികളില്‍ കാത്തുനിന്ന ജനങ്ങളില്‍ ആവേശംവിതറിയാണ് രാഹുല്‍ ആയിക്കരയില്‍ എത്തിയത്.

സമീപത്തെ കടല്‍ നോക്കി രാഹുല്‍ പറഞ്ഞത് മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു. പിന്നെ കണ്ണൂരിന്റെ കൈത്തറിമേഖലയെക്കുറിച്ച്. മത്സ്യമേഖലയിലും കൈത്തറിമേഖലയിലും കേരളത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളും കര്‍ഷകരും എല്ലാവരും ബുദ്ധിമുട്ടിലാണ്. ഇന്ത്യയില്‍ സമ്പത്ത് ചിലരില്‍മാത്രം കേന്ദ്രീകരിക്കുന്നു. ഏറ്റവുംകൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്. പാവപ്പെട്ടവര്‍ക്ക് മാസത്തില്‍ 6000 രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കും. 72,000 രൂപ വര്‍ഷത്തില്‍ എല്ലാവര്‍ക്കും ലഭിക്കും.

നോട്ടുനിരോധനവും ജി.എസ്.ടി.യു.മെല്ലാം പാവങ്ങളുടെ പണം പിടുങ്ങി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ നശിപ്പിക്കും. കടല്‍പോലും തീറെഴുതി കടലിന്റെ മക്കളെ പറ്റിക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ കേരളത്തില്‍ യു.ഡി.എഫ്. ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

സദസ്സില്‍ നിറഞ്ഞ ജനങ്ങള്‍ക്ക് മുന്നിലായിരുന്നു രാഹുലിന്റെ പ്രസംഗം. കണ്ണൂരിലെ സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയടക്കമുള്ള ജില്ലയിലെ സ്ഥാനാര്‍ഥികളെ രാഹുല്‍ പരിചയപ്പെടുത്തി. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനിയും മേയര്‍ ടി.ഒ.മോഹനനും രാഹുലിന് ഉപഹാരങ്ങള്‍ നല്‍കി. കെ.സി.വേണുഗോപാല്‍ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. കെ.സുധാകരന്‍ എം.പി., രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഷമ മുഹമ്മദ്, അബ്ദുറഹ്മാന്‍ കല്ലായി, മാര്‍ട്ടിന്‍ ജോര്‍ജ്, റിജില്‍ മാക്കുറ്റി, പി.കുഞ്ഞിമുഹമ്മദ്, അബ്ദുള്‍കരീം ചേലേരി, സുമാ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശനിയാഴ്ചത്തെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കണ്ണൂരില്‍ യു.ഡി.എഫിന് വലിയ പ്രതീക്ഷയേകുന്നുണ്ട്. അതിന്റെ ചലനം തങ്ങളുടെ വലിയ പ്രതീക്ഷകള്‍ക്ക് കുടപിടിക്കും എന്നാണ് അവര്‍ കരുതുന്നത്.

കണ്ണൂരിലും ആലക്കോട്ടും ഇരിട്ടിയിലും രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനം യു.ഡി.എഫിന് വലിയ ആവേശമാണുണ്ടാക്കിയതെന്ന് യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും പറയുന്നു. മലയോരമേഖലകളിലും തീരദേശത്തും വലിയ ചലനമുണ്ടാവും. തീരദേശമണ്ഡലങ്ങളായ കണ്ണൂര്‍, അഴീക്കോട് എന്നിവിടങ്ങളിലും മലയോരമേഖലയിലെ ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലും യു.ഡി.എഫിന്റെ ശുഭാപ്തിവിശ്വാസം വര്‍ധിച്ചു. കണ്ണൂരില്‍ യു.ഡി.എഫിന് ചരിത്രഭൂരിപക്ഷം തന്നെ ലഭിക്കുമെന്ന് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി പറഞ്ഞു. കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവും ഗ്രൂപ്പ് പോരും ഇരിക്കൂറിലും പേരാവൂരിലും ഉണ്ടാക്കിയ മ്ലാനത അപ്പാടെ തുടച്ചുകളയുന്നതാണ് രാഹുല്‍ സന്ദര്‍ശനത്തിന്റെ ഗുണമെന്ന് മലയോരത്തെ നേതാക്കളും ഒന്നടങ്കം പറയുന്നു.

ഇരിക്കൂറിലെ കണക്കുകളെന്നും യു.ഡി.എഫിന് ധൈര്യം നല്‍കുന്നതാണ്. പക്ഷേ, ഇക്കുറി സീറ്റ് തര്‍ക്കമാണ് പ്രതിസന്ധി ഉണ്ടാക്കിയത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 9608 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 37320 വോട്ടായിരുന്നു. തദ്ദേശമല്ല നിയമസഭ. എന്തായാലും മികച്ച ഭൂരിപക്ഷം തന്നെ യു.ഡി.എഫിന് ലഭിക്കുമെന്നാണ് പൊതുവെ വിശ്വാസം