കണ്ണൂര്‍: കേരളത്തെ ഞെട്ടിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണം നടന്നിട്ട് നാല് വര്‍ഷം കഴിഞ്ഞു. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം തുടരുകയാണ്. ഇതിനിടെയാണ് നീതി നിഷേധം ചോദ്യം ചെയ്ത് മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന പ്രഖ്യാപനവും. തിരഞ്ഞെടുപ്പിനിറങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

ഏത് ഘട്ടത്തിലാണ് ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്? 

എന്റെ മക്കള്‍ക്ക് നീതി ഉറപ്പാക്കാനായാണ് ഞാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീതിയാത്ര സംഘടിപ്പിച്ചത്. തൃശൂര്‍ വരെ യാത്ര നടത്തുകയും ചെയ്തു. എന്നാല്‍ ഈ യാത്ര തുടരുന്നതിനേക്കാള്‍ നല്ലത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് ധര്‍മടത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. എന്റെ മത്സരത്തില്‍ രാഷ്ട്രീയമല്ല. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വികാരം മാത്രമാണുള്ളത്. എനിക്ക് തന്ന വാക്ക് എന്തുകൊണ്ട് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം. അതിനായി കാത്തിരിക്കുകയാണ് ഞാന്‍. എനിക്ക് സംഭവിച്ചതുപോലെ ഇനി ഒരു കുടുംബവും അനുഭവിക്കാന്‍ പാടില്ല. ഒരമ്മയ്ക്കും നീതിക്ക് വേണ്ടി തല മുണ്ഡനം ചെയ്ത് തെരുവില്‍ അലയേണ്ട അവസ്ഥ എന്നോടു കൂടി അവസാനിക്കണം. ഇനി ഒരു വാളയാര്‍ ആവര്‍ത്തിക്കാന്‍ പാടില്ല. 

walayar amma
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ | ഫോട്ടോ: സി സുനില്‍കുമാര്‍

സര്‍ക്കാരിന്റെ ഏത് നടപടിയോടാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ പ്രതിഷേധിക്കാന്‍ ശ്രമിക്കുന്നത്?

എന്റെ രണ്ട് മക്കള്‍ മരിച്ചിട്ട് വര്‍ഷം നാലായി. രണ്ട് മക്കളെ നഷ്ടപ്പെട്ടതിലൂടെ എന്റെ രണ്ട് കണ്ണാണ് എനിക്ക് നഷ്ടപ്പെട്ടത്. 
നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ കാല് പിടിച്ച് കരഞ്ഞിട്ടുണ്ട് ഞാന്‍. ഇതുവരെ നീതി കിട്ടിയിട്ടില്ല. സ്വന്തം മക്കള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനായി തല മുണ്ഡനം ചെയ്ത് തെരുവിലൂടെ അലയാന്‍ ഇടയാക്കിയത് ഈ പിണറായി സര്‍ക്കാരാണ്. എന്റെ മക്കളുടെ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ്. 

സിബിഐ അന്വേഷണം നടത്തുമെന്ന് വാക്ക് തന്ന മുഖ്യമന്ത്രി എന്നെ ചതിച്ചു. ഒരു കുഞ്ഞിന്റെ കേസില്‍ മാത്രമാണ് സിബിഐ അന്വേഷണം നടക്കുന്നത്. 2019ല്‍ മൂന്ന് പ്രതികളെ പോലീസ് വെറുതെ വിട്ടതിനു ശേഷമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് പോലീസിന്റേയും പ്രോസിക്യൂട്ടറുടേയും വീഴ്ച അന്വേഷിച്ചത്. എസ്ഐ പിസി ചാക്കോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും  ചെയ്തു. എന്നിട്ടിപ്പോള്‍ ആ ചാക്കോ എവിടെയാണുള്ളത്? സ്ഥാനക്കയറ്റം നല്‍കി അവരെ സര്‍ക്കാര്‍ സംരക്ഷിച്ചു.  ഇതിലൂടെ സര്‍ക്കാര്‍ എന്നെ ചതിക്കുകയല്ലേ ചെയ്യുന്നത്?

വാളയാറിലെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു, സര്‍ക്കാരിന് ഒരു മനസാക്ഷിക്കുത്തുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്

തെറ്റ് ചെയ്തതായി ആരെങ്കിലും സമ്മതിക്കുമോ? എന്നെ ആരും തെറ്റിദ്ധരിപ്പിച്ചില്ല. ഞാനും വിശക്കുമ്പോള്‍ ചോറാണ് ഉണ്ണുന്നത്. എനിക്ക് ചിന്തിക്കാനുള്ള വിവേകമുണ്ട്. അവര്‍ക്കെന്തും പറയാം. നഷ്ടം എനിക്ക് മാത്രമാണ്. മുഖ്യമന്ത്രിയോ സിപിഎമ്മോ, എനിക്കാരേയും പേടിയില്ല. ഞാനെന്തിനാണ് പേടിക്കുന്നത്. എനിക്കൊപ്പം എന്റെ മനസാക്ഷിയുണ്ട്്. 

നേരത്തെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എന്ത് ഉറപ്പാണ് തന്നിരുന്നത്? 

എന്റെ മക്കള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ കാലില്‍ വീണിട്ടുണ്ട് ഞാന്‍. ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നിട്ടിപ്പോള്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത്?  വാക്കു കൊണ്ടായാലും പ്രവൃത്തി കൊണ്ടായാലും അവര്‍ ഞങ്ങളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എനിക്ക് നീതി കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മത്സരിക്കില്ലായിരുന്നു. 

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ടോ? 

എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. പിന്തുണച്ചാലും ഇല്ലെങ്കിലും ഞാനിതില്‍ രാഷ്ട്രീയം കാണുന്നില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എന്നെ എന്തിന് ചതിച്ചുവെന്ന് ചോദിക്കാനുള്ള ഒരവസരമാണ് ഞാന്‍ മുന്നില്‍ കാണുന്നത്. അതുകൊണ്ടാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി നില്‍ക്കുന്നത്. 

ധര്‍മ്മടത്തടക്കം പല വീടുകളിലും കയറി ഞാന്‍ നോട്ടീസ് കൊടുത്തിട്ടുണ്ട്. തലമുണ്ഡനം ചെയ്ത ഒരമ്മ ഇതുവഴി വന്നിരുന്നുവെന്നും ആ അമ്മയ്ക്കും മക്കള്‍ക്കും നീതി കൊടുത്തോ എന്ന് വോട്ട് സ്ലിപ് തരാന്‍ വരുന്നവരോട് ചോദിക്കണമെന്ന് ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. 

walayar case
വാളയാറില്‍ മരിച്ച സഹോദരിമാരിലൊരാളുടെ ചെരുപ്പും കൊലുസ്സും വിളക്കിന് മുമ്പില്‍ വെച്ചിരിക്കുന്നു (ഫയല്‍ ചിത്രം)

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ? 

ഏത് സര്‍ക്കാരായാലും വെറും വാക്കിന് പകരം പ്രവര്‍ത്തിച്ചുകാണിക്കട്ടെ. ഭരണത്തില്‍ ആരു വന്നാലും നീതി ലഭിക്കും വരെ സമരം തുടരും. തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാലും തോറ്റാലും എനിക്ക് നീതി കിട്ടുന്നതു വരെ ഞാന്‍ സമരം തുടരും. ജയിച്ചാല്‍ നിയമസഭയ്ക്കുള്ളില്‍ സമരം ചെയ്യും. തോറ്റാല്‍ പാലക്കാട്ടെ സമരപ്പന്തലില്‍ സമരം തുടരും. 

Content Highlights: Mother of Walayar victims to challenge Kerala CM Pinarayi Vijayan in Dharmadam, Interview