മട്ടന്നൂര്‍: മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നേടിയത്. ലഭിച്ച ആകെ വോട്ടുകള്‍ 96129. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്റ്റിയാണ് രണ്ടാം സ്ഥാനത്ത്(ലഭിച്ച വോട്ട് -35,166). എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു എളക്കുഴിയാണ് മൂന്നാം സ്ഥാനത്ത്.(വോട്ട്-18,223).

സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കെ.കെ. ശൈലജ ടീച്ചര്‍ക്ക് ലഭിച്ചിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച എ.ല്‍ഡി.എഫ്. സ്ഥാനാര്‍ഥി എം ചന്ദ്രന്‍(47,671), 2005 കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്‍(45,865), 2016-ല്‍ തൊടുപുഴയില്‍ നിന്ന് പി.ജെ. ജോസഫ് മത്സരിച്ചപ്പോള്‍ നേടി 45,587 വോട്ടിന്റെ ഭൂരിപക്ഷം എന്നിവയാണ് ഇതിനു മുന്‍പുള്ള റെക്കോര്‍ഡുകള്‍. 

2016 തിരഞ്ഞെടുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്‍ മത്സരിച്ച മണ്ഡലമാണ് മട്ടന്നൂര്‍. ഇ.പി. ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിന്നതോടെയാണ് ശൈലജ മട്ടന്നൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷമാണ് മട്ടന്നൂരില്‍നിന്ന് ഇ.പി. ജയരാജന് ലഭിച്ചത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജ മത്സരിച്ച കൂത്തുപറമ്പില്‍ അവര്‍ക്ക് ലഭിച്ചത് 12,291 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇക്കുറി ഘടകകക്ഷിയായ എല്‍.ജെ.ഡിയിലെ കെ.പി. മോഹനനാണ് രണ്ടാം തവണയും ജനവിധി തേടിയത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കൂത്തുപറമ്പ് മണ്ഡലത്തില്‍ 14,264 വോട്ടിന്റെ ലീഡാണ് കെ.പി. മോഹനനുള്ളത്. 

Content Highlights: KK Shailaja Record Margin from Mattannur, Kerala Assembly Election 2021