കണ്ണൂര്‍: കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് പുറമേ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പ്രമുഖ സി.പി.ഐ. നേതാവ് എന്‍.ഇ. ബാലറാം, മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരായതും ഈ മണ്ഡലത്തില്‍നിന്ന് വിജയിച്ചാണ്.
രാഷ്ട്രീയ അക്രമങ്ങള്‍ ഒട്ടൊക്കെ പേരുദോഷം വരുത്തിവെച്ച പ്രദേശമാണെങ്കിലും തലശ്ശേരിക്ക് അതിശക്തമായ സാംസ്‌കാരിക-ചരിത്ര-രാഷ്ട്രീയ പാരമ്പര്യമാണുള്ളത്. വൈദേശികാധിപത്യത്തിന്റെ പൊടിപുരണ്ട ചരിത്രത്താളുകള്‍ ഇന്നും ഈ നഗരത്തില്‍ വായിക്കാം. 1957 മുതല്‍ എന്നും ഇടതുപക്ഷത്തോടും പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും നന്നായി ചാഞ്ഞുനിന്ന മണ്ഡലമാണ് തലശ്ശേരി. കേരളത്തില്‍ ആര്‍.എസ്.എസിന് കാര്യമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് തലശ്ശേരി.
തലശ്ശേരിയുടെ കമ്യൂണിസ്റ്റ് കുത്തക അവസാനിപ്പിക്കാന്‍ കൊല്ലത്തുനിന്ന് കോണ്‍ഗ്രസ് ഇപ്പോഴത്തെ കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താനെ കൊണ്ടുവന്ന് കാടിളക്കി പ്രചാരണം നടത്തിയെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനേ പറ്റിയുള്ളൂ.
1957-ല്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച വി.ആര്‍. കൃഷ്ണയ്യര്‍ 12,804 വോട്ടിന് തലശ്ശേരിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ബാലറ്റിലൂടെ ലോകത്ത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇ.എം.എസ്. മന്ത്രിസഭയില്‍ അദ്ദേഹം ജയില്‍വകുപ്പിന്റെയും ജലസേചനവകുപ്പിന്റെയും മന്ത്രിയുമായി.
വളരെ കുറച്ചുകാലം ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്നു. വിമോചനസമരാനന്തരം 1960-ല്‍ വി.ആര്‍. കൃഷ്ണയ്യരെ കോണ്‍ഗ്രസിലെ പി. കുഞ്ഞിരാമന്‍ 23 വോട്ടിന് തോല്‍പ്പിച്ചു. ആദ്യത്തെ കോണ്‍ഗ്രസ് വിജയം. പക്ഷേ, വി.ആര്‍. കൃഷ്ണയ്യര്‍ തിരഞ്ഞെടുപ്പ് കേസിന് പോയി. 1961 സെപ്റ്റംബര്‍ ഏഴിന് അദ്ദേഹത്തെ ഇലക്ഷന്‍ ട്രിബ്യൂണല്‍ വിജയിയായി പ്രഖ്യാപിച്ചു. ഇതും തലശ്ശേരിയുടെ തിരഞ്ഞെടുപ്പുചരിത്രത്തില്‍ കൗതുകമാണ്. 1965-ല്‍ നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് വിജയിച്ചത് പാട്യം ഗോപാലനായിരുന്നു. അന്നും സി.പി.ഐ. സ്വതന്ത്രനായി വി.ആര്‍. കൃഷ്ണയ്യര്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തായി.
കെ.പി.ആര്‍. ഗോപാലനെ 1967-ല്‍ 12840 വോട്ടിന് വിജയിപ്പിച്ച മണ്ഡലമാണ് തലശ്ശേരി. അതുപോലെ സൈദ്ധാന്തികനും സമുന്നത കമ്യൂണിസ്റ്റ് നേതാവുമായ എന്‍.ഇ. ബാലറാമും തലശ്ശേരിയില്‍നിന്ന് വിജയിച്ച് മന്ത്രിയായി. 1996-ലെ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നായനാരാണ് ഇവിടെനിന്ന് മത്സരിച്ച് വിജയിക്കുന്നത്.
മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ അഞ്ചുതവണ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതും ഇവിടെനിന്നാണ്. പാട്യം ഗോപാലന്‍ രണ്ടുതവണയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് കൂടിയായ എം.വി. രാജഗോപാലന്‍ രണ്ടുതവണയും ഇവിടെനിന്ന് വിജയിച്ചു. കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ ഇവിടെ സ്ഥാനാര്‍ഥിയാക്കിയത് എ.പി. അബ്ദുള്ളക്കുട്ടിയെയാണ്. യുവനേതാവ് എ.എന്‍. ഷംസീറിനെ നേരിടാന്‍. പക്ഷേ, വന്‍ ഭൂരിപക്ഷത്തില്‍ അബ്ദുള്ളക്കുട്ടി പരാജയപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലാണ്.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീര്‍ ആണ് ഇപ്പോള്‍ തലശ്ശേരിയില്‍ എം.എല്‍.എ. കോണ്‍ഗ്രസിലെ എ.പി. അബ്ദുള്ളക്കുട്ടിയെ 34117 വോട്ടിനാണ് അദ്ദേഹം തോല്‍പ്പിച്ചത്. 2014-ല്‍ ചെറിയ വോട്ടിന് വടകര ലോക്സഭാ മണ്ഡലത്തില്‍നിന്ന് മുല്ലപ്പള്ളിയോട് തോറ്റ് ഷംസീര്‍ പിന്നീടാണ് തലശ്ശേരിയില്‍ മത്സരിക്കാനെത്തുന്നത്.
ഇക്കുറി വീണ്ടും ഷംസീര്‍ തന്നെ മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹം മണ്ഡലം മാറിയേക്കാമെന്നും പറയപ്പെടുന്നുണ്ട്. തലശ്ശേരിയില്‍ യു.ഡിഎഫ്. സ്ഥാനാര്‍ഥിയെക്കുറിച്ചും ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. പുതുമുഖമായി ആരെങ്കിലും മത്സരിക്കാനെത്തുമെന്നും പറയുന്നുണ്ട്. ബി.ജെ.പി. വലിയ മുന്നേറ്റമൊന്നും തലശ്ശേരിയില്‍ കാണിച്ചില്ലെങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും അവരുടെ ഭൂരിപക്ഷം കൂടുന്നുണ്ട്.
നായനാര്‍ മുഖ്യമന്ത്രിയായി വന്നു
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി മത്സരിക്കാന്‍ വന്ന് മുഖ്യമന്ത്രിയായി വിജയിച്ചുപോയ മണ്ഡലമാണ് തലശ്ശേരി. 1996-ല്‍ മുഖ്യമന്ത്രിയാവുമെന്ന് കരുതിയ വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോല്‍ക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അന്നത്തെ തലശ്ശേരി എം.എല്‍.എ. ആയ കെ.പി. മമ്മുമാസ്റ്റര്‍ നായനാര്‍ക്കായി രാജിവയ്ക്കുന്നതും നായനാര്‍ മത്സരിക്കുകയും ചെയ്യുന്നത്. കോണ്‍ഗ്രസിലെ അഡ്വ. ടി. ആസഫലിയായിരുന്നു എതിരാളി.
തലശ്ശേരിയില്‍ മത്സരിച്ച് വിജയിച്ചവര്‍ പലരും പ്രമുഖരാണെങ്കിലും തോറ്റവരില്‍ അത്ര പ്രമുഖരില്ല എന്നുതന്നെ പറയാം. 1977-ല്‍ എന്‍.സി. മമ്മൂട്ടി, 1980-ല്‍ വി.പി. മരയ്ക്കാര്‍, 1987-ല്‍ കെ. സുധാകരന്‍, 1991-ല്‍ എ.ഡി. മുസ്തഫ, 1996-ല്‍ കെ.സി. കടമ്പൂരാന്‍, ഇപ്പോഴത്തെ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി (മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍) എന്നിവര്‍ ഇവിടെനിന്ന് പരാജയപ്പെട്ടു.
തലശ്ശേരിയില്‍നിന്ന് വിജയിച്ചവര്‍: പാര്‍ട്ടി, വര്‍ഷം, ഭൂരിപക്ഷം എന്നിങ്ങനെ
- വി.ആര്‍. കൃഷ്ണയ്യര്‍ (സ്വത)-1957 -12804
- പി. കുഞ്ഞിരാമന്‍ (ഐ.എന്‍.സി.)196023
- (തിരഞ്ഞെടുപ്പ് കേസില്‍ വി.ആര്‍. കൃഷ്ണയ്യരെ
- ഇലക്ഷന്‍ ട്രിബ്യൂണല്‍ വിജയിയായി പ്രഖ്യാപിച്ചു)
- കെ.പി.ആര്‍. ഗോപാലന്‍ (സി.പി.എം.) 196712840
- എന്‍.ഇ. ബാലറാം (സി.പി.ഐ.) 1970 1460
- പാട്യം ഗോപാലന്‍ (സി.പി.എം.) 1977 8473
- എം.വി. രാജഗോപാലന്‍ (സി.പി.എം.) 198020658
- കോടിയേരി ബാലകൃഷ്ണന്‍ (സി.പി.എം.) 19825368
- കോടിയേരി ബാലകൃഷ്ണന്‍ (സി.പി.എം.) 19875368
- കെ.പി. മമ്മുമാസ്റ്റര്‍ (സി.പി.എം.) 1991 7386
- ഇ.കെ. നായനാര്‍ (സി.പി.എം.) 1996 24501
- കോടിയേരി ബാലകൃഷ്ണന്‍ (സി.പി.എം.) 20017043
- കോടിയേരി ബാലകൃഷ്ണന്‍ (സി.പി.എം.) 200610055
- കോടിയേരി ബാലകൃഷ്ണന്‍ (സി.പി.എം.) 201120509
- എ.എന്‍. ഷംസീര്‍ (സി.പി.എം.) 201634117