പയ്യന്നൂര്‍: ഉത്തരകേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമായ പയ്യന്നൂര്‍ എന്നും ഇടതിന്റെ ഇളകാത്ത കോട്ടയാണ്. ഏഴിമലയോളം ഉയരത്തില്‍ പ്രൗഢി നിലനിര്‍ത്തുന്ന ഇന്ത്യന്‍ നാവിക അക്കാദമിയും ദേശീയതലത്തിലേക്കാണ് പയ്യന്നൂരിനെ കൊണ്ടെത്തിക്കുന്നത്. ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും സ്മരണകളുറങ്ങുന്ന മണ്ണുകൂടിയാണ് പയ്യന്നൂരിന്റെത്. കോണ്‍ഗ്രസിന് കരുത്തുറ്റ പാരമ്പര്യമുണ്ടെങ്കിലും അത് മുതലാക്കി തിരഞ്ഞെടുപ്പ് വിജയത്തിലെത്തിക്കാന്‍ യു.ഡി.എഫിനായിട്ടില്ല.
അതേസമയം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരുകേട്ട പോരാട്ടങ്ങള്‍ക്ക് വേദിയായതാണ് പയ്യന്നൂര്‍മണ്ഡലത്തിലെ പല സ്ഥലങ്ങളും. അതുകൊണ്ടുതന്നെ സി.പി.എമ്മിന് ആഴത്തില്‍ വേരോട്ടമുള്ള മണ്ണുകൂടിയാണിത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിപ്ലവനേതാക്കളെയും പ്രമുഖരെയും നിയമസഭയിലേക്ക് എത്തിച്ച ചരിത്രമാണ് പയ്യന്നൂരിനുള്ളത്. പയ്യന്നൂരില്‍നിന്ന് രണ്ടുപേരാണ് മന്ത്രിമാരായിട്ടുള്ളത്. എം.വി. രാഘവന്‍ സി.പി.എമ്മിനുവേണ്ടി അവസാനമായി മത്സരിച്ചതും പയ്യന്നൂരിലാണെന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്.
കേരള നിയമസഭയിലേയ്ക്കുള്ള മൂന്നാമത് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പയ്യന്നൂര്‍ മണ്ഡലം രൂപവത്കരിക്കുന്നത്. 1964-ലെ മണ്ഡലം പുനര്‍നിര്‍ണയമുണ്ടാകുന്നതിന് മുമ്പ് നീലേശ്വരം, മാടായി മണ്ഡലങ്ങളിലായിരുന്നു പയ്യന്നൂര്‍ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. പയ്യന്നൂര്‍ താലൂക്കിന് കീഴില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍ നഗരസഭ, രാമന്തളി, കരിവെള്ളൂര്‍ -പെരളം, കാങ്കോല്‍-ആലപ്പടമ്പ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂര്‍, ചെറുപുഴ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പയ്യന്നൂര്‍ നിയോജകമണ്ഡലം.
എം.വി.ആര്‍. പയ്യന്നൂരില്‍
സി.പി.എമ്മിലെ കരുത്തനായിരുന്ന എം.വി. രാഘവന്‍ പാര്‍ട്ടിക്കുവേണ്ടി അവസാനമായി മത്സരിച്ചത് പയ്യന്നൂരിലായിരുന്നു, 1982-ല്‍. കോണ്‍ഗ്രസിലെ ടി.വി. ഭരതനെയായിരുന്നു അന്ന് പരാജയപ്പെടുത്തിയത്. തൊട്ടടുത്തവര്‍ഷം സി.എം.പി. സ്ഥാനാര്‍ഥിയായാണ് എം.വി.ആര്‍. അഴീക്കോട് മത്സരിക്കുന്നത്.
1986-ല്‍ സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എം.വി. രാഘവന്‍ സി.എം.പി. രൂപവത്കരിച്ചശേഷം നേരിട്ട ആദ്യ തിരഞ്ഞെടുപ്പ് 1987-ലേതായിരുന്നു. എം.വി.ആര്‍. അഴീക്കോട്ടേക്ക് മാറിയപ്പോള്‍ പി. ബാലനായിരുന്നു സി.എം.പി. സ്ഥാനാര്‍ഥിയായി എത്തിയത്. സി.പി.എം. സ്ഥാനാര്‍ഥിയായ സി.പി. നാരായണനും കോണ്‍ഗ്രസിനായി നിലവിലെ കോഴിക്കോട് എം.പി. എം.കെ. രാഘവനുമായിരുന്ന മത്സരരംഗത്തുണ്ടായിരുന്നത്. സി.പി. നാരായണന്‍ വിജയിച്ചെങ്കിലും സി.പി.എമ്മിലുണ്ടായ വോട്ടുകളുടെ കുറവ് അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചിരുന്നു. 82-ല്‍ എം.വി. രാഘവന് 15960 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 87-ല്‍ 7840 ആയാണ് കുറഞ്ഞത്. 1991-ലും സി.പി. നാരായണന്‍ പയ്യന്നൂരിനെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തി.
രണ്ട് മന്ത്രിമാര്‍
പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചുകയറിയവരില്‍ രണ്ടുപേരാണ് മന്ത്രിമാരായത്. ആദ്യം മന്ത്രിയായത് 1996-ല്‍ പിണറായി വിജയനായിരുന്നു. 1996-മുതല്‍ 98 വരെ വൈദ്യുതി-സഹകരണവകുപ്പുമന്ത്രിയായിരുന്നു പിണറായി. 98-ല്‍ അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി.
പത്തുവര്‍ഷത്തിനുശേഷമാണ് അടുത്ത മന്ത്രിപദവി പയ്യന്നൂരിനെ തേടിയെത്തുന്നത്. മണ്ഡലത്തില്‍ രണ്ടാംതവണയും ജയിച്ചുകയറിയ പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായി.
2011-ലും 2016-ലും സി. കൃഷ്ണനാണ് പയ്യന്നൂരില്‍നിന്ന് മത്സരിച്ച് വിജയിച്ചത്. 1987-ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷം അഞ്ചക്കത്തില്‍ കുറയാതെ നിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനായിരുന്നു 2016-ല്‍ സി. കൃഷ്ണന്‍ വിജയിച്ച് കയറിയത്. 40263 വോട്ട്.
ജയിലില്‍നിന്ന് എം.എല്‍.എ.യായി എ.വി. കുഞ്ഞമ്പു
1965-ല്‍ സി.പി.എമ്മിലെ എ.വി. കുഞ്ഞമ്പുവാണ് പയ്യന്നൂരില്‍ ജയിക്കുന്നത്. സ്ഥാനാര്‍ഥി കണ്ണൂര്‍ ജയിലിലായതിനാല്‍ എ.വി. കുഞ്ഞമ്പുവിന്റെ ഛായാചിത്രവുമായാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സി.പി.എം രൂപവത്കരിച്ചവരില്‍ പ്രധാനിയായിരുന്നു എ.വി. കുഞ്ഞമ്പു. കൊല്‍ക്കത്തയില്‍നിന്ന് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കണ്ണൂരില്‍ തിരിച്ചെത്തിയ കുഞ്ഞമ്പുവിനെ ചൈനാ ചാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എങ്കിലും ജയിലില്‍ കിടന്ന എ.വി. കോണ്‍ഗ്രസിലെ വി.കെ. കുഞ്ഞികൃഷ്ണന്‍ നായരെ 12475 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പുകളായ 1967-ലും 1970-ലും വിജയം എ.വി.കുഞ്ഞമ്പുവിനൊപ്പമായിരുന്നു.
പയ്യന്നൂര്‍ ഉള്‍പ്പെടുന്ന നീലേശ്വരത്ത് 1960-ല്‍ എ.വി. കുഞ്ഞമ്പു മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 1957-58-ല്‍ എ.വി.കുഞ്ഞമ്പു രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിരുന്നു. 1957-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നീലേശ്വരം മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാന്‍ ആലോചിച്ചത് എ.വി. കുഞ്ഞമ്പുവിനെയായിന്നു. പിന്നീട് ഇ.എം.എസ്. അവിടെനിന്ന് മത്സരിച്ച് ജയിക്കുകയും മുഖ്യമന്ത്രിയാവുകയുമായിരുന്നു. 1977-ലും 1979-ലും സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ എന്‍. സുബ്രഹ്മണ്യ ഷേണായി പയ്യന്നൂരില്‍നിന്നുള്ള നിയമസഭാംഗമായി.
Content Highlights: Kerala Assembly Election 2021 Payyannur Constituency