കണ്ണൂര്‍: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് പേരുകേട്ട കൂത്തുപറമ്പും പെരിങ്ങളവും ഇപ്പോള്‍ രണ്ടായി നില്‍ക്കുന്നില്ല. മണ്ഡല പുനര്‍വിഭജനവും സംയോജനവും മൂന്നാം തിരഞ്ഞെടുപ്പില്‍ പെരിങ്ങളത്തെ സൃഷ്ടിക്കുകയും 2011-ലെ തിരഞ്ഞെടുപ്പോടെ അപ്രത്യക്ഷമാക്കുകയുംചെയ്തു. ഇപ്പോഴത്തെ കൂത്തുപറമ്പ് മണ്ഡലമാകട്ടെ ആദി കൂത്തുപറമ്പില്‍നിന്ന് കുറെയൊക്കെ മാറി. പെരിങ്ങളത്തായിരുന്ന ചില പഞ്ചായത്തുകള്‍ തലശ്ശേരിയുടെ ഭാഗമായി. അതേസമയം പെരിങ്ങളം മണ്ഡലത്തിന്റെ ഹൃദയഭാഗമായ പാനൂര്‍ നഗരസഭാ മേഖല കൂത്തുപറമ്പിനൊപ്പമായി.
കൂത്തുപറമ്പും പെരിങ്ങളവും സോഷ്യലിസ്റ്റ് ശക്തികേന്ദ്രവും പി.ആര്‍.കുറുപ്പിന്റെ സാമ്രാജ്യമായുമാണറിയപ്പെട്ടത്. പി.ആര്‍.ഒരിക്കല്‍ ശിഷ്യനായ കെ.എം.സൂപ്പിയോട് തോറ്റതും അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ശിഷ്യനെ മുട്ടുകുത്തിച്ചതുമെല്ലാം പെരിങ്ങളത്തിന്റെ വീരകഥകള്‍. അരനൂറ്റാണ്ട് മുമ്പ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാപ്രവേശംകൊണ്ട് കൂത്തുപറമ്പ് ശ്രദ്ധിക്കപ്പെട്ടു. ജനസംഘത്തിന്റെയും പില്‍ക്കാലത്ത് ബി.ജെ.പി.യുടെയും സംസ്ഥാനത്തെ വലിയ കേന്ദ്രമെന്നനിലയിലും കൂത്തുപറമ്പ്-പെരിങ്ങളം മണ്ഡലം ശ്രദ്ധേയമായി. പി.എസ്.പി.-കമ്യൂണിസ്റ്റ് സംഘര്‍ഷങ്ങളുടെയും എണ്‍പതുകളോടെ സി.പി.എം-ആര്‍.എസ്.എസ്. സംഘര്‍ഷത്തിന്റെയും കേന്ദ്രമായിരുന്ന ഈ പ്രദേശം ഏതാനും വര്‍ഷമായി സമധാനത്തിന്റെ പാതയിലാണ്.
കൂത്തുപറമ്പില്‍ ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. നേതാവായിരുന്ന പി.കെ.മാധവനെ 6682 വോട്ടിന് തോല്‍പ്പിച്ചാണ് പി.രാമുണ്ണിക്കുറുപ്പിന്റെ ജൈത്രയാത്ര തുടങ്ങിയത്. ശരിക്കും ത്രികോണമത്സരമായിരുന്നു- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.മൊയ്തു 14660 വോട്ട് നേടി. വിമോചനസമരത്തില്‍ പി.എസ്.പി.യും കോണ്‍ഗ്രസും മുന്നണിയായതോടെ രണ്ടാം തിരഞ്ഞെടുപ്പില്‍ പി.ആര്‍.കുറുപ്പിന്റെ ഭൂരിപക്ഷം 23647 ആയി.
മണ്ഡല പുനര്‍വിഭജനം നടന്നപ്പോള്‍ പി.ആര്‍.
1965-ല്‍ മണ്ഡല പുനര്‍വിഭജനം നടന്നപ്പോള്‍ പെരിങ്ങളം മണ്ഡലമുണ്ടായി. പെരിങ്ങളത്തേക്ക് മാറിയ പി.ആര്‍. കമ്യൂണിസ്റ്റ് പിന്തുണയോടെ വന്‍വിജയം നേടി. അപ്പോഴേക്കും പി.എസ്.പി.യില്‍നിന്ന് മാറി സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു കുറുപ്പും കൂട്ടരും. പതിനായിരത്തഞ്ഞൂറോളം വോട്ടിന് കോണ്‍ഗ്രസിലെ എന്‍.മധുസൂദനന്‍ നമ്പ്യാരാണ് തോറ്റത്. കൂത്തുപറമ്പിലും എസ്.എസ്.പി.യുടെ കെ.കെ.അബുവാണ് ജയിച്ചത്. കോണ്‍ഗ്രസിലെ എം.പി.മൊയ്തു ഹാജിയാണ് രണ്ടാമതെത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സി.പി.എം. എസ്.എസ്.പി.യെ പിന്തുണക്കുകയായിരുന്നു.
സി.പി.ഐ.യുടെ സ്ഥാപകനേതാവായ എന്‍.ഇ.ബാലറാം ജന്മനാടുള്‍പ്പെട്ട മണ്ഡലത്തില്‍ കേവലം 3876 വോട്ടാണ് നോടിയത്. 1967-ല്‍ സപ്തകക്ഷി മുന്നണിയുടെ കാലത്തും കൂത്തുപറമ്പില്‍ കെ.കെ.അബുവും പെരിങ്ങളത്ത് കുറുപ്പും ജേതാക്കളായി. ഇക്കാലത്താണ് പി.ആര്‍., ഇ.എം.എസ്. സര്‍ക്കാരില്‍ സഹകരണ മന്ത്രിയായത്.
കൂത്തുപറമ്പില്‍ സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ ജൈത്രയാത്രക്ക് 1970-ല്‍ പിണറായി വിജയനാണ് തുടക്കമിട്ടത്. പത്രപ്രവര്‍ത്തകനും പി.എസ്.പി. നേതാവുമായ തായത്ത് രാഘവനെ കേവലം 583 വോട്ടിനാണ് തോല്‍പ്പിച്ചതെങ്കിലും അതോടെ മണ്ഡലത്തിന്റെ രാഷ്ട്രീയഭാവം മാറാന്‍ തുടങ്ങി. അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മത്സരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന പി.ആര്‍., പെരിങ്ങളത്ത് ഉറ്റ സഹപ്രവര്‍ത്തകനായ കെ.എം.സൂപ്പിയെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ വിജയിച്ചു. എണ്ണായിരത്തഞ്ഞൂറോളം വോട്ടിനായിരുന്നു ജയം.
അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് കെ.കരുണാകരന്റെ പ്രേരണയില്‍ കോണ്‍ഗ്രസില്‍ ചേക്കേറിയ പി.ആര്‍. 77-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പെരിങ്ങളം വീണ്ടെടുത്തു. ജനതാ പാര്‍ട്ടിയുടെ ആദിരൂപമായിരുന്ന ഭാരതീയ ലോക്ദളിലെ വി.എ.അച്യുതനായിരുന്നു എതിരാളി. കൂത്തപറമ്പിലാകട്ടെ പിണറായി വിജയന്‍ ഭൂരിപക്ഷം നാലായിരത്തി നാനൂറിലെത്തിച്ചു.
സി.പി.ഐ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമാവുകയും എ വിഭാഗം കോണ്‍ഗ്രസും കൂടി അതിനൊപ്പം ചേരുകയുംചെയ്ത 1980-ല്‍ കൂത്തുപറമ്പില്‍ എം.വി.രാഘവന്‍ ഇരുപത്തീരായിരത്തോളം വോട്ടിനാണ് ജയിച്ചത്. പെരിങ്ങളത്ത് എ. വിഭാഗം കോണ്‍ഗ്രസിലെ എ.കെ.ശശീന്ദ്രന്‍ കെ.ജി.മാരാരെ തോല്‍പ്പിച്ചു. ജനസംഘം അന്ന് ജനതാപാര്‍ട്ടിയിലായിരുന്നു. ജനതാ പാര്‍ട്ടിയാകട്ടെ ആ ചെറിയ ഇടവേളയില്‍ കോണ്‍ഗ്രസ്-ഐ വിഭാഗത്തിന്റെ മുന്നണിയിലും. ആറായിരത്തോളം വോട്ടിനാണ് ശശീന്ദ്രന്‍ ജയിച്ചത്.
1982-ല്‍ കൂത്തുപറമ്പില്‍ എല്‍.ഡി.എഫ്. കണ്‍വീനറായ പി.വി.കുഞ്ഞിക്കണ്ണനും പെരിങ്ങളത്ത് അഖിലേന്ത്യാ ലീഗിലെ എന്‍.എ.മമ്മു ഹാജി (എന്‍.എ.എം. പെരിങ്ങത്തൂര്‍)യുമാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. എന്നനിലയില്‍ ആദ്യമായി മത്സരിക്കുന്നത്. മത്സരിച്ചതോ മുന്‍ സി.പി.എം. നേതാവായ ഗോപാലന്‍ പറമ്പത്ത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട ഗോപാലന്‍ മാപ്പപേക്ഷിച്ച് ജയില്‍മോചിതനാവുകയും അടിയന്തരാവാസ്ഥാനന്തരം ബി.ജെ.പി.യില്‍ ചേരുകയുമായിരുന്നു. 7914 വോട്ടാണ് അന്ന് ബി.ജെ.പി. നേടിയത്. എന്‍.എ.എം. പെരിങ്ങത്തൂരിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീര്‍ വിജയിച്ചു. എന്നാല്‍ 1987-ആകുമ്പോഴേക്കും അഖിലേന്ത്യാ ലീഗ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലേക്ക് തിരികെയെത്തിയിരുന്നു. അപ്പോഴേക്കും ജനതാപാര്‍ട്ടിയുടെ ഭാഗമായിക്കഴിഞ്ഞ പി.ആര്‍. കുറുപ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച് ഇ.ടി.മുഹമ്മദ് ബഷീറിനെ 356 വോട്ടിന് തോല്‍പ്പിച്ചു. ഗോപാലന്‍ പറമ്പത്ത് 7658 വോട്ട് നേടി.
കൂത്തുപറമ്പില്‍ 87-ല്‍ കെ.പി.മമ്മു മാസ്റ്റര്‍ കോണ്‍ഗ്രസിലെ പി.രാമകൃഷ്ണനെ എണ്ണായിരത്തഞ്ഞൂറോളം വോട്ടിന് തോല്പിച്ചു. ബി.ജെ.പി.ക്കുവേണ്ടി സി.കെ.പദ്മനാഭനാണ് മത്സരിച്ചത് -5844 വോട്ട്. 1991-ല്‍ പിണറായി വിജയന്‍ വീണ്ടും മത്സരരംഗത്തെത്തി. പതിമൂവായിരത്തില്‍പ്പരം വോട്ടിന് പി.രാമകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്.
രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ പെരിങ്ങളത്ത് പി.ആര്‍. കുറുപ്പ് പഴയ ശിഷ്യനായ കെ.എം.സൂപ്പിയോട് 1649 വോട്ടിന് തോറ്റു. ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.കെ.വാസുവിന് കേവലം 2186 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ്- ബി.ജെ.പി. രഹസ്യബന്ധമാണ് പി.ആര്‍. കുറുപ്പിന്റെ തോല്‍വിക്കിടയാക്കിയതെന്ന് ആരോപണമുയര്‍ന്നു.
1996-ല്‍ സൂപ്പിയെ പതിനാലായിരത്തില്‍പ്പരം വോട്ടിന് തോല്‍പ്പിച്ച് കുറുപ്പ് പകരംവീട്ടി. അത്തവണ ബി.ജെ.പി. പന്ന്യന്നൂര്‍ ചന്ദ്രനെ നിര്‍ത്തി സ്വാധീനത്തിനനുസരിച്ചുള്ള വോട്ട് നേടി- 10306. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസത്തിനുശേഷമാണ് പന്ന്യന്നൂര്‍ ചന്ദ്രന്‍ കൊലചെയ്യപ്പെട്ടത്.
കെ.കെ.ശൈലജ ആദ്യമായി നിയമസഭയിലേക്ക്
1996-ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്നാണ് കെ.കെ.ശൈലജ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ എം.പി.കൃഷ്ണന്‍ നായരെ പത്തൊമ്പതിനായിരം വോട്ടിനാണ് തോല്‍പ്പിച്ചത്. 2001-ല്‍ പെരിങ്ങളത്ത് ജനതാദള്‍ നേതാവ് കെ.പി.മോഹനന്‍ 2001-ലും 2006ലും വിജയക്കൊടി പാറിച്ചു. ആദ്യം ഏഴായിരമായിരുന്നു ഭൂരിപക്ഷമെങ്കില്‍ രണ്ടാമത് പത്തൊമ്പതിനായിരത്തിലധികമായി.
കൂത്തുപറമ്പില്‍ 2001-ല്‍ സി.പി.എം. നേതാവ് പി.ജയരാജന്‍ പതിനെണ്ണായിരത്തറുന്നൂറ്റിരുപത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ കെ.പ്രഭാകരനെ തോല്‍പ്പിച്ചു. ഒരു കേസില്‍ ശിക്ഷിക്കപെട്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉപ തിരഞ്ഞെടുപ്പ് വന്നു. അതില്‍ ഭൂരിപക്ഷം 45,377 ആയി വര്‍ധിപ്പിച്ചാണ് ജയരാജന്‍ വിജയിച്ചത്. 2006-ല്‍ 38327 വോട്ടിന്റെ ഭൂരിപക്ഷത്തിലും വജയിച്ചു. മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് ശേഷം 2011-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാദളിലെ കെ.പി.മോഹനന്‍ ഐ.എന്‍.എല്ലിലെ എസ്.എ. പുതിയവളപ്പിനെ 3303 വോട്ടന് തോല്‍പ്പിച്ചു. ജനതാദള്‍ യു.ഡി.എഫിന്റെ ഭാഗമായ ഇടവേളയായിരുന്നു അത്. കെ.പി.മോഹനന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി. എന്നാല്‍ ഇതേ മണ്ഡലത്തില്‍ത്തന്നെ 2016-ല്‍ സി.പി.എമ്മിലെ കെ.കെ.ശൈലജ കെ.പി.മോഹനനെ 12,243 വോട്ടിന് പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ജനതാദള്‍ എല്‍.ഡി.എഫില്‍ തിരിച്ചെത്തുകയുംചെയ്തു.