കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളമാകെയുള്ള ഇടതുതരംഗത്തില്‍ നേട്ടമുണ്ടാക്കി കണ്ണൂരും. ഒരു സീറ്റ് അധികം നേടിയാണ് കണ്ണൂരില്‍ എല്‍ഡിഎഫ് വന്‍ കുതിപ്പുണ്ടാക്കിയത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8-3 എന്ന സ്‌കോറായിരുന്നു എല്‍ഡിഎഫും യുഡിഎഫും നിലനിര്‍ത്തിയിരുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തിനിപ്പുറം അത് 9-2 ആയി മാറ്റാന്‍ എല്‍ഡിഎഫിന് സാധിച്ചു. കഴിഞ്ഞ രണ്ട് ടേമുകളിലായി ലീഗിലെ കെഎം ഷാജിയിലുടെ യുഡിഎഫ് കൈവശമുള്ള അഴീക്കോട് തിരിച്ചുപിടിക്കാനായതാണ് ഇടതുമുന്നണിയുടെ നേട്ടം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങള്‍ നിലനിര്‍ത്താനായതാണ് യുഡിഎഫിന് ആശ്വാസം നല്‍കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മടം മണ്ഡലം, ആരോഗ്യമന്ത്രി കെകെ ശൈലജ മത്സരിച്ച മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ അരലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം. മട്ടന്നൂരില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചറുടെ വിജയം. 

പയ്യന്നൂരില്‍ ടിഐ മധുസൂദനന്‍, കല്ല്യാശ്ശേരിയില്‍ എം വിജിന്‍ എന്നിവര്‍ നാല്‍പ്പതിനായിരത്തില്‍ കൂടുതലും തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ മുപ്പതിനായരത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷവും നേടി. 

തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍, കൂത്തുപറമ്പില്‍ കെപി മോഹനന്‍, കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, അഴീക്കോട് കെവി സുമേഷ് എന്നിവര്‍ക്ക് പതിനായിരത്തില്‍ താഴെയാണ് ഭൂരിപക്ഷം. എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയ അഴീക്കോട് മണ്ഡലത്തില്‍ കെവി സുമേഷ് യുഡിഎഫിന്റെ കെഎം ഷാജിക്കെതിരെ 5405 വോട്ടിന്റെ ലീഡാണ് നേടിയത്. 

യുഡിഎഫ് വിജയിച്ച ഇരിക്കൂറില്‍ സജീവ് ജോസഫിന് 10010 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നുള്ള സ്ഥാനാര്‍ഥി സജി കുറ്റിയാനിമറ്റത്തെ ഇറക്കി മണ്ഡലം പിടിക്കാനുള്ള എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് ഇരിക്കൂറില്‍ മങ്ങലേറ്റു. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും 2016ല്‍ ഇരിക്കൂറിന്റെ 'സ്വന്തം' കെസി ജോസഫ് നേടിയതിനേക്കാള്‍ ഭൂരിപക്ഷമാണ് ഇത്തവണ സജീവ് ജോസഫ് സ്വന്തമാക്കിയത്. 

എല്‍ഡിഎഫിലെ സക്കീര്‍ ഹുസൈനും സിറ്റിങ് എംഎല്‍എ സണ്ണി ജോസഫും തമ്മില്‍ ശക്തമായ മത്സരം നടന്ന പേരാവൂരില്‍ രണ്ടായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. പേരാവൂരില്‍ ആദ്യഘട്ടത്തില്‍ സക്കീര്‍ ഹുസൈന്‍ ലീഡ് നേടിത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ ഫലം മാറിമറിയുകയായിരുന്നു. 

പല മണ്ഡലങ്ങളിലും വോട്ടുനില വര്‍ധിപ്പിക്കാനായതാണ് ബിജെപിയുടെ നേട്ടം. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാര്യമായ വോട്ട് മിക്ക മണ്ഡലങ്ങളിലും കൂടിയിട്ടുണ്ട്.