കണ്ണൂര്‍: രണ്ട് തിരഞ്ഞെടുപ്പിന്റെ ചരിത്രം മാത്രമേ പുതിയ കല്യാശ്ശേരി മണ്ഡലത്തിനുള്ളൂവെങ്കിലും അതിന്റെ പൂര്‍വചരിത്രം ചരിത്രപ്രസിദ്ധമായ മാടായി മണ്ഡലത്തില്‍നിന്ന് തുടങ്ങുന്നതാണ്.
ഇരുമുന്നണികളും പോരാട്ടത്തിന്റെ പൂഴിക്കടകന്‍ നടത്തിയ മണ്ഡലമായിരുന്നു മാടായി. എം.എല്‍.എ. മരിച്ചതിനാല്‍ മലബാറില്‍ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം. ജ്യേഷ്ഠന്റെ സീറ്റില്‍ അനുജന്‍ മത്സരിച്ചുവിജയിച്ച മണ്ഡലം. എം.വി. രാഘവന്‍ അരങ്ങേറ്റം കുറിച്ച മണ്ഡലം. വിപ്ലവസൂര്യന്‍ കെ.പി.ആര്‍. ഗോപാലന്‍ രണ്ടുതവണ വിജയിച്ച മണ്ഡലം, പീന്നിട് അദ്ദേഹത്തിന് കെട്ടിവെച്ച പണം നഷ്ടമായ മണ്ഡലം. മാടായിക്ക് പറയാന്‍ കഥകള്‍ ഒട്ടേറെ...
മാടായി മണ്ഡലം പിന്നീട് അഴീക്കോട് മണ്ഡലം ആവുകയും ആ പ്രദേശങ്ങള്‍ പിന്നീട് കല്യാശ്ശേരി മണ്ഡലത്തിലാവുകയും ചെയ്തത് 2008-ല്‍. അതോടൊപ്പം പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ കുറച്ചുപ്രദേശം കൂടി കല്യാശ്ശേരിയില്‍പ്പെട്ടു. പക്ഷേ, ചരിത്രം നോക്കുമ്പോള്‍ പഴയ മാടായി മണ്ഡലത്തിന്റെ പുതിയ രൂപമാണ് കല്യാശ്ശേരി എന്നുപറയാം.
1957-ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ മാടായി മണ്ഡലം വിജയിപ്പിച്ചത് കെ.പി.ആര്‍. ഗോപാലനെ. കോണ്‍ഗ്രസിലെ ടി. നാരായണന്‍ നമ്പ്യാരെ 12000-ത്തോളം വോട്ടിനാണ് കെ.പി.ആര്‍. തോല്‍പ്പിച്ചത്. കെ.പി.ആറിന്റെ മത്സരം കൊണ്ടുതന്നെ മാടായി തിരഞ്ഞെടുപ്പിനെ തുടക്കത്തില്‍തന്നെ ശ്രദ്ധേയമാക്കി. പക്ഷേ, വിമോചനസമരാനന്തരം 1960-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അതേ കെ.പി.ആറിന് അടിപതറി. യുവനേതാവ് കോണ്‍ഗ്രസിലെ പ്രഹ്‌ളാദന്‍ ഗോപാലന്‍ എന്ന പി. ഗോപാലന്‍ കെ.പി.ആറിനെ വീഴ്ത്തി. ഭൂരിപക്ഷം വളരെ ചെറുതായിരുന്നു-261 വോട്ട്. മുസ്ലിം ലീഗിന്റെ പിന്തുണ ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു.
1965-ല്‍ ലീഗ് കോണ്‍ഗ്രസ് മുന്നണി വീട്ടു. വീണ്ടും മത്സരിക്കാന്‍ കെ.പി.ആര്‍. ഗോപാലന്‍ എത്തി. അതേ എതിരാളിതന്നെ വീണ്ടും. അക്കാലം കെ.പി.ആര്‍. ഞെട്ടിക്കുന്ന ഭൂരിപക്ഷം പിടിച്ചു. 22000 വോട്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലമാണ്. സി.പി.ഐ. മത്സരത്തിനില്ലായിരുന്നു. പക്ഷേ, ആ സഭ ചേര്‍ന്നില്ല.
1967-ലാണ് മാടായി മണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. തെക്കുനിന്നും പ്രമുഖ രാഷ്ട്രീയനേതാവും എഴുത്തുകാരനും സോഷ്യലിസ്റ്റുമൊക്കെയായ മത്തായി മാഞ്ഞൂരാന്‍ മാടായിയില്‍ മത്സരത്തിനെത്തുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയില്‍ മാഞ്ഞൂരാന്റെ കെ.എസ്.പി.ക്ക് ഒറ്റ സീറ്റ് മാത്രമാണ് മത്സരിക്കാന്‍ നല്‍കിയത്. അതും മാടായിയില്‍ വിജയത്തെകുറിച്ച് നിശ്ചയമൊന്നുമില്ല. കിട്ടിയ സീറ്റില്‍ മത്സരിക്കാന്‍ മാഞ്ഞൂരാനെത്തി. എതിരാളി എസ്.എസ്.പി.യിലെ എം. കൃഷ്ണന്‍. വാശിയേറിയ മത്സരത്തില്‍ മത്തായി മാഞ്ഞൂരാന്‍ വിജയിച്ചു. പിന്നീട് ഇ.എം.എസ്. മന്ത്രിസഭയില്‍ മന്ത്രിയായി. മന്ത്രിയായിരിക്കേ അദ്ദേഹം മരിച്ചു. അങ്ങിനെ കല്യാശ്ശേരിയുടെ ആദിരൂപമായ മാടായിയില്‍ ഉപതിരഞ്ഞെടുപ്പ് വന്നു.
ഈ ഉപതിരഞ്ഞെടുപ്പിനും ഒരു പ്രത്യേകതയുണ്ട്. മലബാറിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു അത്. തിരഞ്ഞെടുപ്പില്‍ മത്തായി മാഞ്ഞൂരാന്റെ അനുജന്‍ ജോണ്‍ മാഞ്ഞൂരാനെ കെ.എസ്.പി. സ്ഥാനാര്‍ഥിയാക്കി. സത്യത്തില്‍ കെ.എസ്.പി.ക്ക് വിരലിലെണ്ണാന്‍പോലും വോട്ട് മാടായിയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും, ആ ഉപതിരഞ്ഞെടുപ്പ് കേരളത്തില്‍ വാശിയായ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കി. സി.പി.ഐ.യും ലീഗും കോണ്‍ഗ്രസിനൊപ്പം. കെ. രാഘവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതിനുപുറമേ ജനസംഘത്തിനും സ്ഥാനാര്‍ഥിയുണ്ടായി.
1970 മേയ് 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ 400 വോട്ടിന് ജോണ്‍ മാഞ്ഞൂരാന്‍ വിജയിച്ചു. അന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് സി.പി.എമ്മിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. രാഘവനായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയിലുള്ള പ്രസംഗം ജനങ്ങളെ കൈയിലെടുത്തു. ഏതായാലും കാലാവധി പൂര്‍ത്തിയാവാത്ത ആ മന്ത്രിസഭയും വീണു. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായെങ്കിലും മന്ത്രിസഭ ചില കാരണങ്ങളാല്‍ രാജിവെക്കുകയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ എം.വി. രാഘവന്‍ തന്നെ മാടായിയില്‍ സ്ഥാനാര്‍ഥിയാവുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പൊടിപാറിയ പോരാട്ടത്തില്‍ 7000-ത്തോളം വോട്ടിന് കോണ്‍ഗ്രസിലെ ശ്രീധരനെ അദ്ദേഹം തോല്‍പ്പിച്ചു. ആ തിരഞ്ഞെടുപ്പില്‍ ബോള്‍ഷെവിക് പാര്‍ട്ടിയുടെ പ്രതിനിധിയായി സ്വതന്ത്രനായി കെ.പി.ആര്‍. ഗോപാലന്‍ മത്സരിച്ചെങ്കിലും 1946 വോട്ടുമാത്രമേ ലഭിച്ചുള്ളൂ
1977 മുതല്‍ മാടായി മണ്ഡലം മാറി അഴീക്കോട് മണ്ഡലം പിറന്നു. ചടയന്‍ ഗോവിന്ദനാണ് അഴീക്കോട് ആദ്യം വിജയിക്കുന്നതും. വീണ്ടും മാറ്റം വന്ന അഴീക്കോട് മണ്ഡലം 2006-വരെ തുടരുന്നു. 2008-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ അഴീക്കോട് കല്യാശ്ശേരിമണ്ഡലമായി മാറുന്നു. 2011-ലായിരുന്നു പുതിയ കല്യാശ്ശേരയിലെ തിരഞ്ഞെടുപ്പ്. ഡി.വൈ.എഫ്.ഐ. നേതാവ് ടി.വി. രാജേഷിനെയാണ് സി.പി.എം. മത്സരിപ്പിച്ചത്. രാഷ്ട്രീയം നോക്കുമ്പോള്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ടയാണ് കല്യാശ്ശേരി. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മസ്ഥലം. മിക്ക പഞ്ചായത്തകളും പാര്‍ട്ടിയുടെ ശക്തികേന്ദ്രം.
അതുകൊണ്ടുതന്നെ വിജയത്തെക്കുറിച്ചല്ല, ഭൂരിപക്ഷത്തെക്കുറിച്ചാണ് പാര്‍ട്ടി നോക്കിയത്. രാജേഷിനെതിരേ കോണ്‍ഗ്രസ് നിര്‍ത്തിയത് പാര്‍ട്ടിയുടെ ഒരു കാലത്തെ ആവേശമായിരുന്ന നേതാവ് എന്‍. രാമകൃഷ്ണന്റെ മകള്‍ അമൃതാ രാമകൃഷ്ണനെയായിരുന്നു. പക്ഷേ, പരാജയം കടുത്തതായിരുന്നു. 43000-ത്തിലധികം വോട്ടിനാണ് അമൃത വീണത്. 2016-ലും ടി.വി. രാജേഷിനെതിരേ യു.ഡി.എഫ്. നിര്‍ത്തിയത് വനിതാസ്ഥാനാര്‍ഥിയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒക്കെ ആയിരുന്ന അഡ്വ. പി. ഇന്ദിര. പക്ഷേ, രാജേഷിന്റെ ഭൂരിപക്ഷം 29900-ത്തോളമായിരുന്നു.
ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍, പട്ടുവം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കല്യാശ്ശേരി മണ്ഡലം കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
ഇത്തവണ സി.പി.എമ്മിന് പുതുമുഖമായിരിക്കുമെന്ന് സംസാരമുണ്ട്. മറ്റു മണ്ഡലങ്ങളില്‍നിന്ന് ആരെങ്കിലും മാറിവരാനും സാധ്യത കാണുന്നു.
യു.ഡി.എഫിന് കല്യാശ്ശേരിയിലേക്ക് വലിയ പിടിവലിയൊന്നുമില്ല. ഇക്കുറിയും വനിതയാവാന്‍ സാധ്യതയില്ല. ഘടകകക്ഷികള്‍ക്ക് ആര്‍ക്കെങ്കിലും നല്‍കുമോ എന്നും വ്യക്തമായിട്ടില്ല.