ഇരിക്കൂര്‍: കണ്ണൂരിലെ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂറില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.സി. ജോസഫ് വ്യക്തമാക്കിയതോടെ യു.ഡി.എഫ്. കളത്തിലിറക്കുന്ന അടുത്ത ആളാരാണെന്ന ചര്‍ച്ചകളും കൊഴുക്കുകയാണ്. 40 വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ. കളമൊഴിയാന്‍ തീരുമാനിക്കുമ്പോള്‍ പകരമെത്തുന്ന പുതിയ മുഖത്തെ കാത്തിരിക്കുകയാണ് കണ്ണൂരിലെ രാഷ്ട്രീയം.
ഇരിക്കൂറിലെത്തുന്നത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ആയേക്കുമെന്നാണ് നിലവിലെ സൂചനകള്‍. ഗ്രൂപ്പ് തലത്തില്‍ ധാരണയായതായാണ് വിവരം. പാര്‍ട്ടി അനൗദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മത്സരിക്കാനുള്ള സാധ്യത സോണി സെബാസ്റ്റ്യനും തള്ളിക്കളയുന്നില്ല. എ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റില്‍നിന്ന് കെ.സി. മാറുമ്പോള്‍ സ്വാഭാവിക പരിഗണന തനിക്ക് ലഭിക്കും. മത്സരിക്കുന്നുണ്ടെങ്കില്‍ ജനപിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സീറ്റ് നഷ്ടമാവില്ലെന്നും സോണി സെബാസ്റ്റ്യന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ഇരിക്കൂറില്‍ കെ.സിക്ക് പകരം സോണി സെബാസ്റ്റ്യനേക്കാള്‍ ജനകീയനും പിന്തുണയുമുള്ള മറ്റൊരു നേതാവില്ലെന്നാണ് ഇരിക്കൂറിലെ യു.ഡി.എഫിന്റെ വിലയിരുത്തലും. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്ന സോണി സെബാസ്റ്റ്യന്‍ നിലവില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാനുമാണ്. നേരത്തെ തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായും റബര്‍ ഉത്പാദക സഹകരണ സംഘം അഖിലേന്ത്യ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി. മാത്യു എന്നിവരുടെ പേരുകളും ഇരിക്കൂറിലേക്ക് ഉയര്‍ന്നിരുന്നുവെങ്കിലും സോണി സെബാസ്റ്റ്യന്‍ തന്നെയാവും മത്സരിക്കാനിറങ്ങുക എന്ന അന്തിമ സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്.
1976-ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമാണ് ഇരിക്കൂര്‍ യു.ഡി.എഫിന്റെ കുത്തകയായത്. 80-ല്‍ മാത്രം ഇരിക്കൂര്‍ യു.ഡി.എഫിനെ കൈവിട്ടു. എന്നാല്‍ 82-ല്‍ കന്നി അങ്കത്തോടെ തുടര്‍ച്ചയായ എട്ട് ടേമുകള്‍ ഇരിക്കൂര്‍ കെ.സിയെ ജയിപ്പിച്ചു. 2016-ലെ തിരഞ്ഞെടുപ്പില്‍ 9600-പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.സി. ജോസഫ് സി.പി.ഐയുടെ കെ.ടി. ജോസഫിനെ പരാജയപ്പെടുത്തിയത്.
Content Highlights: Kerala Assembly Election 2021 Irikkur KC Joseph Adv. Sony Sebastian