എല്‍.ഡി.എഫ്-8, യു.ഡി.എഫ്-3, എന്‍.ഡി.എ-0
കോട്ടകളുടെ നാടായ കണ്ണൂരിലെ യഥാര്‍ഥ രാഷ്ട്രീയക്കോട്ടകളില്‍ വലിയ ഇളക്കങ്ങള്‍ അധികമാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, ചില മണ്ഡലങ്ങള്‍ കോട്ടകളല്ല എന്ന് മണ്ഡല പുനര്‍വിഭജനത്തിനുശേഷം 2011-ലും തുടര്‍ന്ന് 2016-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വ്യക്തമായി. ഒന്നരക്കൊല്ലത്തിനിപ്പുറം നടന്ന തദ്ദേശ സ്വയംഭരണ സമിതി തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങള്‍ വലത്തുനിന്ന് ഇടത്തോട്ടേക്ക് ചാഞ്ഞു. പിന്‍ബലം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലെത്തിയിട്ടില്ല മൂന്നാംമുന്നണിയായ എന്‍.ഡി.എ.
കണ്ണൂരില്‍ ഇത്തവണയും കടന്നപ്പള്ളിയും സതീശന്‍ പാച്ചേനിയും തമ്മിലാവും മത്സരമെന്നാണ് സൂചന. അതേസമയം, കൂത്തുപറമ്പില്‍ കെ.കെ. ശൈലജ മത്സരിക്കുമോ എന്ന് വ്യക്തമല്ല. കൂത്തുപറമ്പ് മണ്ഡലം എല്‍.ജെ.ഡി.ക്ക് നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ശൈലജ ടീച്ചറുടെ കഴിഞ്ഞതവണത്തെ എതിരാളിയായ കെ.പി. മോഹനനാകും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.
കണ്ണൂര്‍ ജില്ലയില്‍ അഴീക്കോടിനുപുറമേ കൂത്തുപറമ്പ് കൂടി ഇത്തവണ വേണമെന്ന് ലീഗ് യു.ഡി.എഫില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. മണ്ഡല പുനര്‍വിഭജനത്തിനുശേഷം യു.ഡി.എഫിനൊപ്പമായ അഴീക്കോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ.എം. ഷാജിയുടെ ഭൂരിപക്ഷത്തിന്റെ പത്തിരട്ടിയായിരുന്നു സുധാകരന്റെ ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. എണ്ണായിരത്തഞ്ഞൂറോളം വോട്ടിന് മുന്നിലാണ്. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഷാജി പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, കഴിഞ്ഞതവണ സി.പി.എം. സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ ഇത്തവണയും നിര്‍ത്തുമോ എന്ന് വ്യക്തമല്ല.
കുടിയേറ്റമേഖലകളുള്‍പ്പെട്ട പേരാവൂരും ഇരിക്കൂറുമാണ് ജില്ലയില്‍ യു.എഫിന്റെ കോട്ടകളായി എണ്ണുന്നത്. 39 കൊല്ലമായി ഇരിക്കൂറിനെ പ്രതിനിധീകരിക്കുന്ന കെ.സി. ജോസഫ് ഇത്തവണ മത്സരിക്കില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. പകരം കോണ്‍-എ വിഭാഗത്തിലെ സോണി സെബാസ്റ്റ്യന്‍, സജീവ് ജോസഫ് എന്നിവരുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. പേരാവൂരില്‍ മൂന്നാംതവണയും സണ്ണി ജോസഫ് തന്നെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവുകയെന്നാണ് സൂചന.
ചുവപ്പ് കോട്ടകളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ സി.പി.എമ്മിനെ ഞെട്ടിച്ചത് തളിപ്പറമ്പിലാണ്. ജയിംസ് മാത്യു നാല്പതിനായിരത്തില്‍പ്പരം വോട്ടിന് ജയിച്ച അവിടെ സുധാകരന്‍ 725 വോട്ടിന്റെ ലീഡ് നേടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. 16,735 വോട്ടിന്റെ ലീഡാണിവിടെ നേടിയത്. മണ്ഡലത്തിന്റെ പാരമ്പര്യമനുസരിച്ച് ഇത് വളരെ കുറവാണ്. പഴയതുപോലെ എഴുതിത്തള്ളേണ്ട മണ്ഡലമല്ല, തളിപ്പറമ്പെന്ന നിഗമനത്തില്‍ പ്രത്യേക ശ്രദ്ധയോടെയാണിത്തവണ ഇവിടെ യു.ഡി.എഫ്. പ്രവര്‍ത്തനം. രണ്ടുതവണ പൂര്‍ത്തിയാക്കിയതിനാല്‍ ജയിംസ് മാത്യു ഇത്തവണ മത്സരിക്കുമോ എന്ന് വ്യക്തമല്ല. നേരത്തേ എം.എല്‍.എ.യായിരുന്ന കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദനെ ഇത്തവണ സ്ഥാനാര്‍ഥിയാക്കുമെന്ന സൂചനയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്തും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ മട്ടന്നൂരിലും വീണ്ടും മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഡ് വല്ലാതെ ഇടിഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പഴയ പ്രതാപത്തിലേക്ക് രണ്ടിടത്തും എല്‍.ഡി.എഫ്. തിരിച്ചെത്തി.
പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഡില്‍ കുറവുവന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ ലീഡ് നേടി കോട്ട കാക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു. പയ്യന്നൂരില്‍ സി. കൃഷ്ണനും കല്യാശ്ശേരിയില്‍ ടി.വി. രാജേഷും രണ്ടാമൂഴവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന.
തലശ്ശേരിയില്‍ കഴിഞ്ഞതവണ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച എ.എന്‍. ഷംസീര്‍തന്നെ ഇത്തവണയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഡ് മൂന്നിലൊന്നോളമായി കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വര്‍ധിച്ച് നാല്പത്താറായിരത്തിലെത്തിയിട്ടുണ്ടിവിടെ. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് ഇരുമുന്നണിയും എത്തിയിട്ടില്ല. ബി.ജെ.പി.യാകട്ടെ 2016-ലെ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തിലുണ്ടായ കുതിപ്പ് തുടരുന്നതിനാണ് ശ്രമിക്കുന്നത്