കണ്ണൂര്‍:കാലില്‍ കടല്‍ത്തിരയടിക്കുന്ന കടലോര മണ്ഡലമാണ് കണ്ണൂര്‍. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയും പിന്നെ മുഖ്യമന്ത്രിയുമായ ആര്‍. ശങ്കറെന്ന കരുത്തനെ വിജയിപ്പിച്ചയച്ച മണ്ഡലം. കൊല്ലത്തുനിന്ന് കണ്ണൂരെത്തി അപരിചിതത്വ പ്രതിസന്ധിയില്ലാതെ മത്സരിച്ച് വിജയിച്ച ആര്‍. ശങ്കറിനെ കണ്ണൂര്‍ ജനത സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
ആര്‍. ശങ്കര്‍ മാത്രമല്ല ഒരുപാട് മന്ത്രിമാരെ വിജയിപ്പിച്ച മണ്ഡലം. അതോടൊപ്പം പല വമ്പന്‍മാരെ കടപുഴക്കിയ മണ്ഡലവുമാണ് കണ്ണൂര്‍.
മലബാര്‍ കമ്യൂണിസ്റ്റ് ശക്തികേന്ദ്രമാണെങ്കിലും നഗരഹൃദയം എന്നും വിപ്ലവരാഷ്ട്രീയത്തോട് അത്ര പഥ്യംകാട്ടിയില്ല. ഒരിക്കല്‍ കണ്ണൂര്‍- ഒന്നില്‍ കമ്യൂണിസ്റ്റ് തൊഴിലാളി നേതാവ് സി. കണ്ണനെ ചുരുങ്ങിയ വോട്ടിന് വിജയിപ്പിച്ചതൊഴിച്ചാല്‍ വലിയ ഇടതുമുന്നേറ്റം കണ്ണൂരില്‍ പ്രകടമല്ല. കോണ്‍ഗ്രസും മുസ്ലിം ലീഗും ജനതാപാര്‍ട്ടിയും ലോക്ദളും കോണ്‍ഗ്രസ് എസും സ്വതന്ത്രനും വിമതനും എല്ലാം ഇവിടെനിന്ന് വിജയവും പരാജയവും തൊട്ടറിഞ്ഞു. ഒരുകാലത്ത് കണ്ണൂരിന്റെ കരുത്തില്‍ കരുത്തനായ കോണ്‍ഗ്രസ് നേതാവ് എന്‍. രാമകൃഷ്ണനെ വിജയിപ്പിച്ച് മന്ത്രിയാക്കിയ മണ്ഡലം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചു. രാമകൃഷ്ണന്‍ തോല്‍ക്കുമ്പോള്‍ അദ്ദേഹം എല്‍.ഡി.എഫ്. പക്ഷത്തായിരുന്നു എന്നതും കൗതുകം. രാമകൃഷ്ണനെ തോല്‍പ്പിച്ച സുധാകരന്‍ എന്ന നേതാവിന്റെ നിയമസഭയിലെ താരോദയവും കണ്ണൂരില്‍നിന്നാണ് (എടക്കാട്ടുനിന്ന് കോടതിവിധിയിലൂടെ സുധാകരന്‍ കുറച്ചുകാലം എം.എല്‍.എ. ആയിരുന്നു) അതും വന്‍ ഭൂരിപക്ഷത്തില്‍. അതോടെ കണ്ണൂരില്‍ രാമകൃഷ്ണയുഗം അവസാനിച്ചു.
കണ്ണൂര്‍ കോര്‍പ്പറേഷനും (പള്ളിക്കുന്ന്, പുഴാതി സോണുകള്‍ ഒഴിച്ച്) മുണ്ടേരി പഞ്ചായത്തും ചേര്‍ന്നതാണ് പുതിയ കണ്ണൂര്‍ നിയമസഭാ മണ്ഡലം. ഒടുവിലത്തെ മണ്ഡലപുനര്‍നിര്‍ണയസമയത്ത് കണ്ണൂര്‍ നഗരസഭയും ചേലോറ, എളയാവൂര്‍, എടക്കാട്, മുണ്ടേരി പഞ്ചായത്തുകളും ചേര്‍ന്നതായിരുന്നു ഇത്. കോര്‍പ്പറേഷന്‍ വന്നതോടെ മുണ്ടേരി ഒഴികെയുള്ള എല്ലാ ഭാഗവും കണ്ണൂര്‍ മണ്ഡലത്തിന്റെതായി. അതിനാല്‍ ഈ നഗരമണ്ഡലത്തെ ഒരു കോര്‍പ്പറേഷന്‍ മണ്ഡലമാണെന്നും പറയാം. നിലവില്‍ യുഡി.എഫിന് മുന്‍തൂക്കമുള്ള കണ്ണൂരിന്റെ ഇപ്പോഴത്തെ പ്രതിനിധി എല്‍.ഡി.എഫിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ്.
1957-ല്‍ കണ്ണൂര്‍-1 എന്ന പേരിലും കണ്ണൂര്‍-2 എന്നപേരിലും രണ്ട് മണ്ഡലം ഉണ്ടായിരുന്നു. ഒന്ന് പിന്നീട് എടക്കാട് മണ്ഡലമായി മാറി. എടക്കാട് മണ്ഡലം പിന്നീട് ധര്‍മടവുമായി.
1957-ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് തൊഴിലാളി നേതാവ് സി. കണ്ണനായിരുന്നു കണ്ണൂരില്‍ വിജയിച്ചത്. കോണ്‍ഗ്രസിലെ ഒ. ഗോപാലനെയാണ് അദ്ദേഹം നേരിയ വോട്ടിന് പരാജയപ്പെടുത്തിയത്. 1960-ലാണ് കൊല്ലം ജില്ലക്കാരനും എസ്.എന്‍.ഡി.പി.യുടെ നേതാവുമായ ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ.യാവാന്‍ കണ്ണൂര്‍ ഒന്നില്‍ എത്തുന്നത്. കണ്ണൂരില്‍ എസ്.എന്‍.ഡി.പി. അത്ര ശക്തമായിരുന്നില്ല. എങ്കിലും ശങ്കര്‍ വിജയിച്ചു. ആ വിജയം ശങ്കറിലെ കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
1957-ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ വിമോചനസമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ടശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പി.എസ്.പി. നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. അപ്പോള്‍ ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയായി. സംസ്ഥാനത്തെ ആദ്യത്തെ ഉപമുഖ്യമന്ത്രിപദം. പട്ടം പഞ്ചാബ് ഗവര്‍ണറായി പോയപ്പോള്‍ ആര്‍. ശങ്കറിന് മുഖ്യമന്ത്രിപ്പട്ടം ലഭിച്ചു.
പിന്നെ കണ്ണൂരിനെ പ്രതിനിധാനംചെയ്ത മന്ത്രിമാരുടെ നിര; ഇ. അഹമ്മദ്, എന്‍. രാമകൃഷ്ണന്‍, കെ. സുധാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇ. അഹമ്മദ് എന്നിവര്‍. അഹമ്മദാണെങ്കില്‍ എം.പിയും കേന്ദ്രമന്ത്രിയും ഒക്കെയായി ഉയര്‍ന്നു. കടന്നപ്പള്ളിയും നേരത്തെ എം.പി.യായിരുന്നു. സുധാകരനാണെങ്കില്‍ കണ്ണൂരില്‍ എം.എല്‍.എ. ആയിരിക്കെ എം.പി.യായി വിജയിച്ചു. അവസാനം അബ്ദുള്ളക്കുട്ടി എം.പി.യായശേഷം എം.എല്‍.എ.യാവാന്‍ കണ്ണൂരിത്തെി. ഒടുവില്‍ കണ്ണൂരിനെ വിട്ട് തലശ്ശേരിയില്‍ പോയി തോറ്റു. സുധാകരനും അവസാനം പ്രിയപ്പെട്ട കണ്ണൂരിനെ വിട്ട് ഉദുമയില്‍ പോയി പരാജയം ഏറ്റുവാങ്ങിയതും കൗതുകം.
പൊതുവെ കോണ്‍ഗ്രസ് പക്ഷത്തോട് ചാഞ്ഞുനില്‍ക്കുന്നതാണ് കണ്ണൂരിലെ രാഷ്ട്രീയം. ഒരിക്കല്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചത്. അതും സി. കണ്ണനിലൂടെ. വ്യത്യസ്ത പാര്‍ട്ടികളില്‍നിന്നുള്ളവരുടെ നിരവധി വിജയവും കണ്ണൂര്‍ കണ്ടു. ആര്‍. ശങ്കറിനുശേഷം രണ്ടുതവണ മുസ്ലിം ലീഗാണ് കണ്ണൂരില്‍ വിജയിച്ചത്. 1965-ല്‍ കെ.എം. അബൂബക്കറും, 1967ല്‍- ഇ. അഹമ്മദും. 1970-ല്‍ ഇ. അഹമ്മദിനെ സ്വതന്ത്രനായ എന്‍.കെ. കുമാരന്‍ തോല്‍പ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ പല മണ്ഡലങ്ങളിലും കാണുന്ന ഉരുക്കിന്റെ രാഷ്ട്രീയസ്ഥിരതയൊന്നും കണ്ണൂര്‍ കാണിക്കാറില്ല.
തൊഴിലാളിനേതാവായ മന്ത്രി
പിന്നീടായിരുന്നു കോണ്‍ഗ്രസില്‍ നേതൃപോര്. 1996-ല്‍ രാമകൃഷ്ണനെ വെട്ടി സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാവുന്നു. അതോടെ കോണ്‍ഗ്രസുമായി ഇടഞ്ഞ എന്‍.ആറിനെ സി.പി.എം. ചുവപ്പുപരവതാനി നീട്ടി. എല്‍.ഡി.എഫ്. സ്വതന്ത്രനായി രാമകൃഷ്ണന്‍ മത്സരിച്ചു. കണ്ണൂരിലെ പൊടിപാറിയ പ്രചാരണം.
പക്ഷേ, എന്‍.ആര്‍, പരാജയപ്പെട്ടു. പിന്നെ 2009 വരെ കെ. സുധാകരന്‍ ആയിരുന്നു കണ്ണൂരിന്റെ നായകന്‍. അദ്ദേഹം എം.പി. ആയതോടെ എ.പി. അബ്ദുള്ളക്കുട്ടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂരെത്തി.
2011-ലും അബ്ദുള്ളക്കുട്ടി വിജയിച്ചു. തോല്‍പ്പിച്ചത് സാക്ഷാല്‍ കടന്നപ്പള്ളിയെ. തുടര്‍ന്ന് ഏറ്റവും ഒടുവില്‍ നടന്ന മത്സരത്തില്‍ അപ്രതീക്ഷിതമായി കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയിച്ചു. പരാജയത്തിനുള്ള പ്രതികാരം. സതീശന്‍ പാച്ചേനിയുടെ കണ്ണൂരിലെ പരാജയം ശരിക്കും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. കണ്ണൂരിലെ അടിയൊഴുക്കകളിലാണ് പാച്ചേനി മുങ്ങിപ്പോയത്.
വിജയം പോലെ പല നേതാക്കളുടെ കഠിനപരാജയവും കണ്ണൂര്‍ കണ്ടിട്ടുണ്ട്. ഇ. അഹമ്മദ് വിജയത്തിനൊപ്പം തോല്‍വിയും കണ്ണൂരില്‍ രുചിച്ചു. അതുപോലെ എന്‍. രാമകൃഷ്ണന്‍ വിജയിക്കുകയും ദയനീയമായി തോല്‍ക്കുകയും ചെയ്തു. ഒ. ഭരതന്‍, ഇപ്പോള്‍ മന്ത്രിയായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.ഐ.ടി.യു. സംസ്ഥാനസെക്രട്ടറി കെ.പി. സഹദേവന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഇവരൊക്കെ ഇവടെ പരാജയം കണ്ടു.
ഇക്കുറി കണ്ണൂരില്‍ കടന്നപ്പള്ളിയും സതീശന്‍ പാച്ചേനിയും വീണ്ടും ഏറ്റുമുട്ടുമോ.
നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള കനത്ത പോരാട്ടമായിരിക്കും അത്.