കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ കെ.സി.ജോസഫ്. കഴിഞ്ഞ 39 വര്‍ഷമായി ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് കെ.സി. പുതുതലമുറയ്ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി വഴിമാറുകയാണെന്നും കെ.സി.ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഇരിക്കൂറില്‍ നിന്ന് എട്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. എട്ടുതവണയും ജയിച്ചു. ഇനി വരാന്‍ പോകുന്നത് ഒമ്പതാമത്തെ തിരഞ്ഞെടുപ്പാണ്. പുതുതലമുറയ്ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.സി.ജോസഫ് പറഞ്ഞു.
ഇത്രയും കാലം ഒരേ മണ്ഡലത്തില്‍ വിജയിക്കാനായതില്‍ ഇരിക്കൂറിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. 'കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ പുതുപ്പള്ളിയിലും ഇരിക്കൂറിലും മാത്രമാണ് ഒരു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ മണ്ഡലത്തില്‍ എട്ടുതിരഞ്ഞെടുപ്പിലും പരാജയമറിയാതെ ജയിക്കാനായത് ഈ നാട്ടിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് യുഡിഎഫിനോടും എന്നോടും കാണിച്ച വലിയ സ്‌നേഹം കൊണ്ടാണ്. അതിന് നന്ദി പറയേണ്ടത് ഇരിക്കൂറിലെ ജനങ്ങളോടാണ്.
തുടക്കത്തില്‍ ഈ നാട് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഈ നാട്ടിലെ ഓരോ പ്രദേശങ്ങളും എന്റെ കൈരേഖ പോലെ സുപരിചിതമാണ്. സത്യസന്ധമായും ആത്മാര്‍ഥമായും പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അതിനുളള പ്രത്യുപകാരമായിരിക്കണം ഈ നന്ദിയും സ്‌നേഹവും.'
ഇരിക്കൂറില്‍ ആരാകും മത്സരിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സ്ഥാനാര്‍ഥി പട്ടികയില്‍ ചര്‍ച്ച നടക്കുന്നതേയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:K.C.Joseph not to contest in Kerala Assembly Election 2021