ഇരിക്കൂര്‍: 1982 മുതല്‍ 2016 വരെയുള്ള 34 വര്‍ഷത്തില്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ മാറ്റം പലതുവന്നിട്ടും യു.ഡി.എഫ്. പക്ഷത്തുനിന്നു ഇരിക്കൂര്‍. മണ്ഡലഘടന പലതവണ മാറി. പക്ഷേ, കോണ്‍ഗ്രസില്‍ എ പക്ഷത്തെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ കോട്ടയംകാരന്‍ കെ.സി. ജോസഫ് മണ്ഡലം കാത്തു, ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നെങ്കിലും. അങ്ങനെ പുതുപ്പള്ളിപോലെ എ ഗ്രൂപ്പിന്റെ ഉറച്ചമണ്ഡലമായി ഇതും.

എന്നാല്‍ ഇത്തവണ ഐ ഗ്രൂപ്പിന്റെ സജീവ് ജോസഫ് ഹൈക്കമാന്‍ഡ് നോമിനിയായി രംഗപ്രവേശംചെയ്തു. തദ്ദേശീയനായ സ്ഥാനാര്‍ഥിയെ അവര്‍ക്ക് കിട്ടി. പക്ഷേ, കോണ്‍ഗ്രസിലെ സന്തുലിതാവസ്ഥ തെറ്റി. പാര്‍ട്ടി ഓഫീസ് അടച്ചിടലും കരിങ്കൊടിനാട്ടലും ധര്‍ണയും മറ്റുമായി അത് പുറത്തേക്കുവന്നു. ഉമ്മന്‍ ചാണ്ടി നേരിട്ട് വന്നു അണികളെ സമാധാനിപ്പിക്കാന്‍. 

irikkur

ഇടതുമുന്നണി ഇത്രനാളും എഴുതിത്തള്ളിയിരുന്ന സീറ്റായിരുന്നു ഇത്. തദ്ദേശതിരഞ്ഞെടുപ്പുഫലവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിപ്രവേശവും നല്‍കിയ ആത്മവിശ്വാസത്തില്‍ അവര്‍ ഇക്കുറി പൊരുതാനുറച്ചു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും ജനപ്രതിനിധിയായിരുന്ന മാണി ഗ്രൂപ്പ് ജില്ലാ ജനറല്‍സെക്രട്ടറി തദ്ദേശീയനായ സജി കുറ്റിയാനിമറ്റം സ്ഥാനാര്‍ഥിയായിവന്നു. 

രണ്ടുതവണ നിയമസഭയിലേക്കുമത്സരിച്ച മണ്ഡലംകാരിയായ ആനിയമ്മ രാജേന്ദ്രനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.സി.പി.എം. കേന്ദ്രമായ പയ്യന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ ആനിയമ്മ കഴിഞ്ഞതവണ 15288 വോട്ട് നേടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. പരമാവധി വോട്ട് സമാഹരിച്ച് ശക്തി പ്രകടിപ്പിക്കാണ് എന്‍.ഡി.എ.യുടെ ശ്രമം. 

കുടിയേറ്റകര്‍ഷകരുടെ മക്കള്‍

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്ഥാനാര്‍ഥികള്‍ ഏതാണ്ട് ഒരേ രാഷ്ട്രീയസ്വഭാവവും പശ്ചാത്തലവും മുള്ളവരാണ്. മലയോര കുടിയേറ്റകര്‍ഷകരുടെ മക്കള്‍, കോണ്‍ഗ്രസ് സംസ്‌കാരമുള്ളവര്‍. മണ്ഡലചരിത്രത്തില്‍ ഒരുപക്ഷേ, ആദ്യമായിരിക്കും ഇങ്ങനെയൊരു പോരാട്ടം. 

irikkur

അകമേ തിളയ്ക്കുന്നു

യു.ഡി.എഫിന് 15000 രാഷ്ട്രീയവോട്ടിന്റെ മേല്‍ക്കൈയുള്ള മണ്ഡലമാണ് ഇരിക്കൂര്‍. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് 37000 വരെ ഉയര്‍ന്നു. ഇടതുതരംഗമുണ്ടായ തദ്ദേശ തിരഞ്ഞെടുപ്പില്‍പ്പോലും 8608 വോട്ടിന്റെ മേല്‍ക്കൈ യു.ഡി.എഫിനായിരുന്നു. അതേസമയം, യു.ഡി.എഫിന്റെ പക്കലുണ്ടായിരുന്ന പയ്യാവൂര്‍, ഉദയിഗിരി പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്. പക്ഷത്തായി. നടുവില്‍ പഞ്ചായത്തും ഫലത്തില്‍ ഇടതുപക്ഷത്താണ്. പക്ഷേ, മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ ഇരിക്കൂര്‍ പഞ്ചായത്ത് പോറല്‍പോലുമേല്‍ക്കാതെ നിന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ പടലപ്പിണക്കമുണ്ടെങ്കിലും മുസ്ലിംലീഗ് അരയും തലയും മുറുക്കി രംഗത്തുണ്ട്. പക്ഷേ, പരമ്പരാഗതമായി യു.ഡി.എഫ്. പക്ഷത്ത് നിലയുറപ്പിച്ചിരുന്ന കുടിയേറ്റകര്‍ഷക വോട്ടുകളില്‍ കാണുന്ന ചാഞ്ചാട്ടം അവര്‍ക്ക് തലവേദനയാണ്. ജോസ് കെ. മാണി വിഭാഗം ഇടതുപക്ഷത്തേക്കുവന്നതും കാര്‍ഷികസമരത്തില്‍ ഇടതുപാര്‍ട്ടികളുടെ ഇടപെടലും സംസ്ഥാന കര്‍ഷകക്ഷേമബോര്‍ഡ് നടപ്പില്‍വരുത്തിയതും ഇതിന് കാരണമായിട്ടുണ്ട്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ അവസാനംവരെ നിലനിന്ന് പിന്തള്ളപ്പെട്ട എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യന്‍ ഇപ്പോള്‍ പ്രചാരണരംഗത്തിറങ്ങിയിട്ടുണ്ട്.

irikkur

സ്ഥാനാര്‍ഥികള്‍

സജി കുറ്റിയാനിമറ്റം-എല്‍ഡിഎഫ്
സജീവ് ജോസഫ്-യുഡിഎഫ്
ആനിയമ്മ രാജേന്ദ്രന്‍-എന്‍ഡിഎ