ശ്രീകണ്ഠപുരം: വലിയ അരീക്കമല കോളനിയില്‍ ഇരിക്കൂര്‍ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജി കുറ്റിയാനിമറ്റത്തിന്റെ സ്വീകരണപരിപാടി. സ്ഥാനാര്‍ഥിയുടെ വാഹനത്തിന് തൊട്ടുമുന്നിലെത്തിയ വാഹനത്തില്‍നിന്നിറങ്ങിയാളെ പ്രദേശവാസികള്‍ പൂമാലയിട്ട് സ്വീകരിച്ചു. 'സജി കുറ്റിയാനിമറ്റത്തിന് അഭിവാദ്യങ്ങള്‍...' -മുദ്രാവാക്യം വിളികളുയര്‍ന്നു. പൂമാല ഊരിമാറ്റി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു -''ഞാന്‍ സ്ഥാനാര്‍ഥിയല്ല. അദ്ദേഹത്തിന്റെ ഇരട്ടസഹോദരന്‍ ബിജുവാണ്. സ്ഥാനാര്‍ഥി പിന്നാലെവരുന്നുണ്ട്''.

ഇരിക്കൂറിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ സജി കുറ്റിയാനിമറ്റത്തിന്റെയും സഹോദരന്‍ ബിജുവിന്റെയും ജീവിതത്തില്‍ ഇത്തരം തമാശകള്‍ പുതുമയല്ല. വെള്ളവസ്ത്രമണിഞ്ഞ് സജിയും ബിജുവും ഒരുമിച്ചുവരുമ്പോള്‍ ചിരപരിചിതര്‍ക്കുപോലും തിരിച്ചറിയുക ബുദ്ധിമുട്ടാകും. തിരഞ്ഞെടുപ്പ് കഴിയുംവരെ ഇനി വെള്ളവസ്ത്രം ഉപയോഗിക്കുന്നില്ലെന്നാണ് തമാശരൂപേണ ബിജു പറയുന്നത്. എവിടെപ്പോയാലും സജിയാണെന്നുകരുതി പേരുമാറി വിളിക്കുന്നതും ഹസ്തദാനവും പൂമാലയുമൊക്കെ ലഭിക്കുന്നതും പതിവാണെന്നും അദ്ദേഹം പറയുന്നു.

ചെറുപ്പകാലംതൊട്ടേ സജി കുറ്റിയാനിമറ്റം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബിജു പ്രീഡിഗ്രി കഴിഞ്ഞതോടെ കൃഷിയിലേക്ക് തിരിഞ്ഞു. കൃഷി കൂടാതെ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ ബേക്കറിയുമുണ്ട്.