ധര്‍മ്മടം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് കളമൊരുക്കിയ ചുവപ്പിന്റെ ചരിത്രമുള്ള പാറപ്രം. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലേക്ക് വഴിതുറന്ന മണ്ഡലമെന്ന പെരുമയുടെ തിളക്കം-ധര്‍മടം. രണ്ടാമതും പിണറായി ജനവിധി തേടാനെത്തിയതോടെ വീണ്ടും കേരളത്തിലെ ഏറ്റവും തലയെടുപ്പുമുള്ള മണ്ഡലമായി ധര്‍മടം മാറി.

മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് 2011-ല്‍ ധര്‍മടം മണ്ഡലത്തിന്റെ പിറവി. പഴയ തലശ്ശേരി, കൂത്തുപറമ്പ്, എടക്കാട് മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ധര്‍മടത്തിന്റെ ഉദയം. ചുവപ്പിന്റെ രാഷ്ട്രീയത്തിന് വേരുറപ്പുള്ള മണ്ണ് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അത് തെളിയിച്ചു. സി.പി.എമ്മിലെ മുതിര്‍ന്ന നേതാവായ കെ.കെ.നാരായണനായിരുന്നു വിജയം. ഭൂരിപക്ഷം-15162. 2016-ല്‍ പിണറായി മത്സരിക്കാനെത്തിയപ്പോള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെയായി. രണ്ടു തിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ പ്രതിനിധീകരിച്ചത് നാട്ടുകാരന്‍ തന്നെയായ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം മമ്പറം ദിവാകരന്‍.

ഇത്തവണ ആദ്യഘട്ട പ്രചാരണം കഴിഞ്ഞ് ഇടതുമുന്നണിയുടെ തേരാളി കേരളമൊട്ടാകെയുള്ള പര്യടനത്തിലാണ്. അവസാനഘട്ടം കളത്തിലിറങ്ങിയ യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.രഘുനാഥ് മണ്ഡലമൊട്ടാകെ ഓടിയെത്തി പ്രചാരണം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് സി.കെ.പദ്മനാഭനെ രംഗത്തിറക്കിയാണ് എന്‍.ഡി.എ. ഒരുകൈ നോക്കുന്നത്.

താരത്തിളക്കവും വികസനവും

മുഖ്യമന്ത്രിയുടെ താരത്തിളക്കം തന്നെയാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം. പുതിയ പാലങ്ങളും നവീകരിച്ച റോഡുകളും ബ്രണ്ണന്‍ കോളേജിലും വിദ്യാലയങ്ങളിലുമായി നടന്ന ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങളുമാണ് കൈമുതല്‍. വളരെ നേരത്തേ ആസൂത്രണത്തോടെയും അടുക്കും ചിട്ടയോടെയും തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിശ്വാസം ഇരട്ടിയാക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രവര്‍ത്തകരില്‍ വിശ്വാസമര്‍പ്പിച്ച് നായകനായ പിണറായി മറ്റു മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന്റെ തേര്‍തെളിച്ചത്. വെറും വിജയത്തിലല്ല എല്‍.ഡി.എഫിന്റെ കണ്ണ്. നായകന്റെ ഭൂരിപക്ഷത്തിളക്കം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളു. ഇളക്കിമറിച്ചുള്ള രണ്ടാംഘട്ട പ്രചാരണത്തില്‍ ഈ ലക്ഷ്യം അകലെയല്ലെന്ന വിശ്വാസവുമുണ്ട്.

മറുപടി നല്‍കാന്‍

തുടക്കം മുതലേ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വമായിരുന്നു. അവസാനഘട്ടം കെ.സുധാകരന്‍ എം.പി. തന്നെ കളത്തിലിറങ്ങിയേക്കുമെന്നും വാര്‍ത്ത പരന്നു. എന്നാല്‍ അദ്ദേഹം വഴങ്ങാതിരുന്നതോടെ ഡി.സി.സി. സെക്രട്ടറി സി.രഘുനാഥിനെ കളത്തിലിറക്കിയാണ് യു.ഡി.എഫ്. അങ്കം കുറിച്ചത്. കെ.എസ്.യു. അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രഘുനാഥ് ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എസ്.എന്‍.കോളേജില്‍നിന്നുള്ള യു.യു.സി.യുമായിരുന്നു. ട്രോമാകെയര്‍ കണ്ണൂര്‍ (ട്രാക്ക്) ചെയര്‍മാനെന്ന നിലയില്‍ സന്നദ്ധ സേവന പ്രവര്‍ത്തനരംഗത്തും സജീവമാണ്. പോരിനിറങ്ങാന്‍ വൈകിയെങ്കിലും പര്യടനത്തിന് വേഗം കൂട്ടി ഒപ്പമെത്താന്‍ ശ്രമിക്കുകയാണ് രഘുനാഥ്.

എല്‍.ഡി.എഫിന് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഭൂരിപക്ഷത്തിളക്കത്തിന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മങ്ങലേറ്റു. ഭൂരിപക്ഷം ഇങ്ങനെ കുത്തനെ ഇടിഞ്ഞതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ കടമ്പൂരില്‍ മാത്രമാണ് യു.ഡി.എഫ്. ഭരണമുള്ളത്. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഭരണം നിലനിര്‍ത്തിയെങ്കിലും വിജയത്തിളക്കം കുറഞ്ഞു. താഴെത്തലത്തില്‍ എല്‍.ഡി.എഫിനെ അപേക്ഷിച്ച് ശക്തമല്ലാത്ത സംഘടനാസംവിധാനമാണ് യു.ഡി.എഫിനെ അലട്ടുന്നത്.

എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.കെ.പദ്മനാഭന് വോട്ടുതേടി ബി.ജെ.പി.യുടെ ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ എത്തിയത് പ്രചാരണം ഊര്‍ജിതപ്പെടുത്താന്‍ സഹായകമായി. ബി.ജെ.പി.യുടെ സമുന്നതനേതാവും മുന്‍ സംസ്ഥാന പ്രസിഡന്റമായ സി.കെ.പി.ക്ക് വിപുലമായ ബന്ധമാണ് മണ്ഡലത്തിലുള്ളത്. കാഴ്ചയില്‍ പ്രകടമല്ലെങ്കിലും പരന്നുകിടക്കുന്ന പ്രവര്‍ത്തക സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. അത് വോട്ടാക്കുകയാണ് ലക്ഷ്യം.

കുഞ്ഞുടുപ്പ് ചിഹ്നവുമായി വി.ഭാഗ്യവതിയും മത്സരരംഗത്തുണ്ട്. പല കോണുകളില്‍നിന്നുള്ള പിന്തുണയുമായി അവരും മണ്ഡലത്തിലാകെയെത്തുന്നു. 

ധര്‍മടം നിയോജക മണ്ഡലം
നിയമസഭ തിരഞ്ഞെടുപ്പ്‌ 2016  എൽഡിഎഫ്-ഭൂരിപക്ഷം 36905
യുഡിഎഫ് 50424
എൽഡിഎഫ് 87329
എൻഡിഎ 12763
 
ലോകസഭ തിരഞ്ഞെടുപ്പ്‌ 2019  എൽഡിഎഫ്-ഭൂരിപക്ഷം  4099
യുഡിഎഫ് 70631
എൽഡിഎഫ് 74730
എൻഡിഎ 8538
 
തദ്ദേശതിരഞ്ഞെടുപ്പ് 2020   എൽഡിഎഫ്-ഭൂരിപക്ഷം 49180 
യുഡിഎഫ് 52791
എൽഡിഎഫ് 101971
എൻഡിഎ 12986

 

Content Highlights: Dharmadam Assembly Constituency Election 2021 C Raghunath, Pinarayi Vijayan, CK Padmanabhan