കണ്ണൂര്‍: കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നു. പി. ജയരാജന്‍ എം വി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുനല്‍കുന്നതോടെ കെ.കെ ശൈലജ സ്വന്തം നാടായ മട്ടന്നൂരില്‍ മത്സരിക്കാന്‍ സാധ്യതയേറി. അങ്ങനെയെങ്കില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ടി.വി രാജേഷിന് പകരം മന്ത്രി ഇ.പി ജയരാജന്‍ സ്വന്തം നാടായ കല്യാശ്ശേരിയില്‍ മത്സരിക്കും.

ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ 4,5 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തിലാകും അന്തിമ അംഗീകാരം ഉണ്ടാകുക. ഇതിനിടെ കുറ്റ്യാടി, അഴീക്കോട് പോലെ പിടിച്ചെടുക്കാന്‍ കഴിയുന്ന മണ്ഡലങ്ങളിലേക്ക് ശൈലജ ടീച്ചര്‍ മാറണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. മുഖ്യമന്ത്രി പിണറായി കഴിഞ്ഞാല്‍ ഏറ്റവും സ്വീകാര്യതയുള്ള മന്ത്രിയായ ശൈലജ ടീച്ചര്‍ മത്സരിച്ച ഇതില്‍ ഏത് സീറ്റും പിടിച്ചെടുക്കാം എന്നാണ് അഭിപ്രായം.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണം എന്ന തീരുമാനം നടപ്പിലാക്കിയാല്‍ പി. ജയരാജന്‍ ഇത്തവണ മത്സരിക്കില്ല. അല്ലെങ്കില്‍ പയ്യന്നൂരില്‍ പി ജയരാജന്‍ മത്സരിച്ചേക്കാം. ജയരാജന്‍ മത്സരിക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. കഴിഞ്ഞ തവണ വടകരയില്‍ പരാജയപ്പെട്ടെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരിച്ചെത്തിച്ചിരുന്നില്ല. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും മത്സരിക്കുക. 

Content Highlights: CPM seats