കണ്ണൂര്‍: 'ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്, മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണം. 1940-ല്‍ ഗാന്ധിജി ആഹ്വാനംചെയ്ത വ്യക്തിസത്യാഗ്രഹത്തില്‍ പത്താമത്തെ വയസ്സില്‍ പങ്കെടുത്തയാളാണ് ഞാന്‍ -പ്രമുഖ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു. തന്നെ സന്ദര്‍ശിച്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി.യുടെ നൂറാംവാര്‍ഷികത്തില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന 'പ്രതിഭാദരം' ചടങ്ങിന്റെ ഉദ്ഘാടനത്തിനായാണ് താരീഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളും ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. 'കോണ്‍ഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര' എന്നാണ് ടി.പത്മനാഭന്‍ താരീഖ് അന്‍വറിനോട് പറഞ്ഞത്. 'ഞങ്ങള്‍ നന്നായി പരിശ്രമിക്കുന്നു' എന്ന് താരീഖ് അന്‍വര്‍ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു.
എ.ഐ.സി.സി. സെക്രട്ടറി പി.വി മോഹനന്‍ മംഗലാപുരം സ്വദേശിയാണെന്നറിഞ്ഞപ്പോള്‍ ഞാനും മംഗലാപുരത്ത് കുറച്ചുകാലം വിദ്യാര്‍ഥിയായിരുന്നുവെന്ന് പത്മനാഭന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയെ കുറിച്ചും താരീഖ് അന്‍വര്‍ ടി.പത്മനാഭനോട് പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍, കെ.പി.സി.സി.യുടെ 'പ്രതിഭാദരം' കോ ഓഡിനേറ്റര്‍ എം.എ.ഷഹനാസ് എന്നിവരും പങ്കെടുത്തു.
Content Highlights: T Padmanabhan