കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം ജനങ്ങള്‍ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വാസം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം ആര്‍സി അമലാ ബേസിക് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. 

നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തില്‍ മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. കാരണം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് അത്. ജനങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പമാണ് ദേവഗണങ്ങള്‍ നിലകൊള്ളുക. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്നും ഭക്തര്‍ക്ക് പ്രതിഷേധം ഉണ്ടെന്നുമുള്ള ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.