കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ ഡിസിസി സെക്രട്ടറി സി. രഘുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. 

പത്രികാ സമര്‍പ്പണത്തിന് രണ്ടുദിവസംമാത്രം ബാക്കിനില്‍ക്കെ ആരാണ് സ്ഥാനാര്‍ഥിയെന്നറിയാതെ ഉഴറുകയായിരുന്നു ജില്ലയിലെ പാര്‍ട്ടിയും പ്രവര്‍ത്തകരും. കെ സുധാകരന്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.  

ധര്‍മടത്ത് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് സാധ്യതാലിസ്റ്റില്‍ ഒന്നുരണ്ടു പേരേ തുടക്കത്തിലുണ്ടായിരുന്നുള്ളൂ. അവസാനം ഒന്നുമാത്രമായി. കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുള്‍പ്പെടെയുള്ളവര്‍ സി.രഘുനാഥിനെയാണ് പിന്തുണച്ചത്. ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായായി രംഗത്തെത്തിയിരുന്നു.പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. 

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുന്നുണ്ട്. ഇവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. 

ധര്‍മടത്ത് എല്‍.ഡി.എഫ്. പ്രചാരണത്തിന് മുഖ്യമന്ത്രിതന്നെ തുടക്കമിട്ടുകഴിഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ.പദ്മനാഭനും പ്രചാരണം തുടങ്ങിയിട്ടുണ്ട്. 

തുടക്കം കെ.എസ്.യു.വിലൂടെ

കെ.എസ്.യുവിലൂടെയായിരുന്നു സി. രഘുനാഥിന്റെ രാഷ്ട്രീയത്തുടക്കം. ഗവ ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിന്റെ യൂനിയന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ്സര്‍വകലാശാലാ സെനറ്റ് മെമ്പര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി. കെ.പി.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ധര്‍മ്മടം മണ്ഡലം യു.ഡി.എഫ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

മാമ്പയില്‍ ചന്തുക്കുട്ടിനമ്പ്യാരുടെയും പരേതയായ ഇല്ലത്ത് കാര്‍ത്യായനിഅമ്മയുടെയും മകനാണ്.63വയസ്സ്. മോണിക്ക രഘുനാഥാണ് ഭാര്യ. അര്‍ജുന്‍ രഘുനാഥ്, നിരഞ്ജന്‍ രഘുനാഥ് എന്നിവര്‍ മക്കളാണ്.

Content Highlights: C Raghunath will contest from Dharmadam as UDF candidate