കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.ഐ.ക്കുള്ള ഒരേയൊരു സീറ്റായ ഇരിക്കൂര്‍ ഒരുകാരണവശാലും നഷ്ടപ്പെടാന്‍ ഇടവരരുതെന്ന് കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. സി.പി.ഐ. അസി. സെക്രട്ടറിയും ജില്ലയുടെ ചുമതലയുമുള്ള സത്യന്‍ മൊകേരി പങ്കെടുത്ത യോഗത്തിലാണ് ഭൂരിപക്ഷംപേരും ഈ ആവശ്യമുന്നയിച്ചത്.
ഇക്കുറി ഇരിക്കൂര്‍ സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഇരിക്കൂര്‍ സീറ്റ് വിട്ടുകൊടുക്കണമെങ്കില്‍ അഴീക്കോടോ കണ്ണൂരോ പകരം വേണമെന്നാണ് സി.പി.ഐ. ആവശ്യപ്പെടുന്നത്. ഈ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഇരിക്കൂര്‍ വിട്ടുകൊടുക്കരുത്. പാര്‍ട്ടിജന്മം കൊണ്ട പിണറായി ഉള്‍പ്പെടുന്ന കണ്ണൂരില്‍ സി.പി.ഐ.ക്ക് മത്സരിക്കാന്‍ ഒരു സീറ്റില്ലാത്ത സ്ഥിതി വരരുതെന്നും അവര്‍ പറയുന്നു.
ഘടകകക്ഷികളായി എല്‍.ജെ.ഡി.ക്കും കേരള കോണ്‍ഗ്രസ് മാണിവിഭാഗത്തിനും കോണ്‍ഗ്രസ് എസിനും കണ്ണൂരില്‍ സീറ്റ് ലഭിക്കുമെന്ന സാഹചര്യത്തില്‍ സി.പി.ഐ.ക്ക് മാത്രം സീറ്റില്ലെന്ന സ്ഥിതി വരരുത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇരിക്കൂര്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുകയാണെങ്കില്‍ കണ്ണൂരോ അഴിക്കോട്ടോ ലഭിക്കണമെന്നും പറഞ്ഞിരുന്നു. ഫലത്തില്‍ ഇരിക്കൂര്‍ നഷ്ടപ്പെടുകയും മറ്റു സീറ്റുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യാനാണ് സാധ്യത.
ഇരിക്കൂര്‍ വിട്ടുകൊടുത്ത് കണ്ണൂര്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍.ചന്ദ്രന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകളാണ് മുന്‍പന്തിയില്‍. നേരത്തേ പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞുകേട്ടെങ്കിലും അദ്ദേഹം മത്സരത്തിനില്ലെന്ന് പറഞ്ഞുകഴിഞ്ഞു. ഇരിക്കൂറില്‍ത്തന്നെ പാര്‍ട്ടി മത്സരിക്കുന്നെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി ഒ.കെ.ജയകൃഷ്ണന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സി.എന്‍.ചന്ദ്രന്റെ പേരും ഇവിടെയുമുണ്ട്.
വടക്കെ മലബാറില്‍ നേരത്തേ മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നാദാപുരം, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് സി.പി.ഐ. മത്സരിച്ചിരുന്നത്. മഞ്ചേശ്വരം ഒഴിവാക്കി പകരം തൃശ്ശൂരിലെ ഒല്ലൂര്‍ നല്‍കി. ഇരിക്കൂര്‍ നഷ്ടപ്പെട്ടാല്‍ പിന്നെ കാഞ്ഞങ്ങാട്ടും. നാദാപുരവും മാത്രമാവും സി.പി.ഐ.ക്ക്. നാദാപുരത്ത് ഇക്കുറി വീണ്ടും സിറ്റിങ് എം.എല്‍.എ. ഇ.കെ.വിജയന്‍ മത്സരിക്കാനാണ് സാധ്യത. ഈ സീറ്റില്‍ കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തത്തിന്റെ പേരും പരിഗണനയിലുണ്ട്.