മാങ്കുളം: ആദ്യ നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റ എം.എല്‍.എ. ഇടുക്കിയുടെ സ്വന്തമാണ്. ദേവികുളം മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐ. നേതാവ് റോസമ്മ പുന്നൂസ്.
1957-ലെ ആദ്യ നിയമസഭയുടെ പ്രോ ടേം സ്പീക്കര്‍. ചരിത്രം പരിശോധിക്കുമ്പോള്‍ നിയമസഭയിലെ വനിതകളായ എം.എല്‍.എ. മാരില്‍ ഇടുക്കിക്ക് ഏറെ പറയാനുണ്ടെങ്കിലും ഇത്തവണ വനിതകള്‍ മത്സര രംഗത്ത് ഉണ്ടാവുമോ എന്നത് കണ്ടറിയുക തന്നെ വേണം.
നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം നോക്കുമ്പോള്‍ ജില്ലയിലെ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ഇതുവരെ മൂന്ന് വനിതകളാണ് എം.എല്‍.എ. മാര്‍ ആയിട്ടുള്ളത്. റോസമ്മ പുന്നൂസും റോസമ്മ ചാക്കോയും ഇ.എസ്.ബിജിമോളും.
1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ദേവികുളത്തു നിന്നാണ് റോസമ്മ പുന്നൂസ് എം.എല്‍.എ. ആയത്. സി.പി.ഐ.സ്ഥാനാര്‍ഥി ആയ റോസമ്മ പുന്നൂസ് ജയിക്കുക മാത്രമല്ല ഒരുപാട് റെക്കോഡുകളും സ്വന്തമാക്കി. ആദ്യം സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എ., ആദ്യ പ്രോ ടേം സ്പീക്കര്‍, കോടതി വിധിയുടെ ഭാഗമായി ആദ്യമായി എം.എല്‍.എ. സ്ഥാനം നഷ്ടപ്പെട്ട വ്യക്തി, ഉപതിരഞ്ഞെടുപ്പ് വഴി ജയിച്ചു എം.എല്‍.എ. ആയ ആദ്യ വ്യക്തി എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍. 1957 മുതല്‍ 60 വരെയാണ് എം.എല്‍.എ. ആയത്. പക്ഷേ, ഇതിന് ശേഷം ദേവികുളത്തുനിന്ന് വനിതാ എം.എല്‍.എ.മാര്‍ ഉണ്ടായിട്ടില്ല.
ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി ജയിച്ച റോസമ്മ ചാക്കോ ആണ് ജില്ലയിലെ രണ്ടാമത്തെ വനിതാ എം.എല്‍.എ. 1987 മുതല്‍ 91 വരെ ഇവര്‍ എം.എല്‍.എ. ആയിരുന്നു. പിന്നെ വനിതാ എം.എല്‍.എ. ഉണ്ടാവുന്നത് പീരുമേട് മണ്ഡലത്തില്‍നിന്നാണ്. സി.പി.ഐ. സ്ഥാനാര്‍ഥി ആയി 2006-ല്‍ മത്സരിച്ചു ജയിച്ച ഇ. എസ്.ബിജിമോള്‍ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. തുടര്‍ച്ചയായി മൂന്നുവട്ടം എം.എല്‍.എ. ആയി. തൊടുപുഴ, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍നിന്നും ഇതുവരെ വനിതാ എം.എല്‍.എ.മാര്‍ ഉണ്ടായിട്ടില്ല.
വനിതകളെ നിര്‍ത്തി എം.എല്‍.എ.മാര്‍ ആക്കിയതില്‍ സി.പി.ഐ.ആണ് മുന്നില്‍. ജയിച്ച മൂന്ന് എം.എല്‍.എ. മാരില്‍ രണ്ടുപേരും സി.പി.ഐ.ക്കാര്‍ ആണ്.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും വനിതാ എം.എല്‍.എ.മാര്‍ ഉണ്ടാവുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
പീരുമേട് സീറ്റില്‍ ഇത്തവണ ബിജിമോള്‍ മത്സരിക്കാന്‍ സാധ്യതയില്ല. പകരം മറ്റൊരു വനിതയെ സ്ഥാനാര്‍ഥി ആക്കുന്നതില്‍ സി.പി.ഐ.തീരുമാനം എടുത്താല്‍ ചെറിയ പ്രതീക്ഷ കൈവരും.
പീരുമേട് പുരുഷ സ്ഥാനാര്‍ഥി ആണ് വരുന്നതെങ്കില്‍ ജില്ലയില്‍ മത്സര രംഗത്ത് ഒരുവനിതപോലും ഇല്ലാത്ത അവസ്ഥയും വന്നേക്കാം. തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ പുരുഷ സ്ഥാനാര്‍ഥികളെ ആണ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മാറ്റം വരുമോ എന്നും കാത്തിരിന്നുകാണേണ്ടതാണ്.
content highlights: women mla's from idukki district