പീരുമേട്ടില്‍ തിളക്കമാര്‍ന്ന ജയം നേടിയെടുത്തതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് പീരുമേടിന്റെ നിയുക്ത എം.എല്‍.എ. വാഴൂര്‍ സോമന്‍. പതിറ്റാണ്ടുകളായി ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്ന തന്നെ തുണച്ചത് തോട്ടം തൊഴിലാളികള്‍ തന്നെയാണെന്ന് വാഴൂര്‍ സോമന്‍ പറയുന്നു.

മുന്‍ഗണനാവിഷയങ്ങള്‍ ?

1974 മുതല്‍ നാലരപതിറ്റാണ്ടായി തോട്ടം തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ നേരിട്ടറിഞ്ഞുവരികയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് ഇതുവരെ നടത്തിവന്നിരുന്നത്. അടച്ചുപൂട്ടിയ തേയിലതോട്ടങ്ങള്‍ തുറക്കുക, തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, പാര്‍പ്പിടം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണണം. ഇത് വലിയ ഉത്തരവാദിത്വമാണ്.

ജയിച്ചാല്‍ മന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്ത് പറയുന്നു?

മന്ത്രിസ്ഥാനം എന്ന കാര്യത്തെക്കുറിച്ച് വ്യക്തിപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പ്രവര്‍ത്തകരും വോട്ടര്‍മാരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞതാണ്. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്.

സസ്‌പെന്‍സില്‍ ഒടുവിലെ വിജയത്തെപ്പറ്റി?

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിജയത്തില്‍ എത്തിച്ചത്. കടുത്ത മത്സരമാണ് ഉണ്ടായത്. മണ്ഡലത്തില്‍ നടന്ന വികസനപ്രവര്‍ത്തനങ്ങളും ഇടതു സര്‍ക്കാരിന്റെ ജനസേവനപ്രവര്‍ത്തനങ്ങളും വോട്ടായി മാറി.

രാഷ്ട്രീയഗുരു സി.എ.കുര്യന്റെ വേര്‍പാടിനെക്കുറിച്ച്?

തിരഞ്ഞെടുപ്പുസമയത്തുണ്ടായ കുര്യച്ചന്റെ വേര്‍പാട് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വെളിച്ചം തന്ന രാഷ്ട്രീയഗുരുവായിരുന്നു. എഴുപതുകളില്‍ പീരുമേട്ടില്‍ എത്തി തൊഴിലാളികളെ സംഘടിപ്പിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ മാര്‍ഗനിര്‍ദേശിയായി തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കുര്യച്ചന്‍ ഒപ്പമുണ്ടായിരുന്നു. വിവാഹമടക്കമുള്ള ജീവിതവഴിത്തിരിവുകളില്‍ കുര്യച്ചന്‍ ഒപ്പമുണ്ടായിരുന്നു. 

content highlights:vazhoor soman on election victory and expectations