പീരുമേട്: രണ്ട് തിരഞ്ഞെടുപ്പുകളിലും ആദ്യം മുതല്‍ ലീഡ് ചെയ്യുക, അവസാന റൗണ്ടില്‍ നിസ്സാര വോട്ടുകള്‍ക്ക് പിന്തള്ളപ്പെട്ട് തോല്‍വിയിലേക്ക് പോകുക. ഇതൊക്കെ കെട്ടുകഥകള്‍ എന്നു തോന്നിപ്പോകുമെങ്കിലും പീരുമേട്ടില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് തോമസ് തിരഞ്ഞെടുപ്പുകളില്‍ നേരിട്ടറിഞ്ഞ കയ്പേറിയ അനുഭവങ്ങളാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറിയക് തോമസിന് ഇത് തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.

2016-ല്‍ എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐയുടെ ഇ.എസ്. ബിജിമോളോട് 314-എന്ന നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പൊതു പ്രവത്തനരംഗത്ത് സ്ഥിര സാന്നിധ്യമായിരുന്ന സിറിയക് തോമസ് ഇത്തവണ വിജയം ഉറപ്പിച്ച് തന്നെയാണ് മത്സര രംഗത്ത് എത്തിയത്.

ഇടതു സ്ഥാനാര്‍ഥിയായി ട്രേഡ് യൂണിയന്‍ രംഗത്തെ മുതിര്‍ന്ന നേതാവ് വാഴൂര്‍ സോമന്‍ എത്തിയത് മത്സരം കടുത്തതാക്കി. ഇരുവരുടെയും വോട്ടുബാങ്ക് കര്‍ഷകരും തോട്ടം തൊഴിലാളികളും ആയിരുന്നു. ഇരു മുന്നണികളും ഇവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു തന്നെയാണ് പ്രചാരണം നടത്തിയത്. പഴുതടച്ച പ്രചാരണ പരിപാടികളിലൂടെയും യു.ഡി.എഫ്. സംവിധാനത്തെ ഒപ്പംനിര്‍ത്തിയും വിജയം സിറിയക് തോമസ് പ്രചാരണ നാളുകളില്‍ നിറസാന്നിധ്യമായിരുന്നു. വോട്ടെണ്ണി തുടങ്ങി ആദ്യ നിമിഷം മുതല്‍ ലീഡ് നിലനിര്‍ത്തിയ സിറിയക് തോമസ് അവസാന നിമിഷം വരെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ ഏലപ്പാറ, ഉപ്പുതറ എന്നിവിടങ്ങളില്‍ വേണ്ടത്ര വോട്ടുകള്‍ സ്വരൂപിക്കാന്‍ യു.ഡി.എഫിനായില്ല.

ചക്കുപള്ളം, കൊക്കയാര്‍, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ ഇത്തവണ എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുനല്‍കുകയും ചെയ്തതോടെ സിറിയക് തോമസിന് ജയിക്കാന്‍ 1835 വോട്ടുകള്‍കൂടി വേണ്ടിവന്നു. ജയം അവസാന നിമിഷം കൈവിട്ടതിലെ നിരാശയിലാണ് യു.ഡി.എഫ്. ക്യാമ്പ്.

content highlights: vazhoor soman defeats cyriac thomas in peerumedu assembly seat