പാലാ: റോഷി അഗസ്റ്റിന്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ പാലായും ജന്മനാടായ ചക്കാമ്പുഴയും ആഹ്‌ളാദ നിറവിലാണ്. റോഷിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് തട്ടകമായ പാലായാണ്. 1990-കളില്‍ പാലായില്‍ കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിപ്രസ്ഥാനംമുതല്‍ തൊഴിലാളി യൂണിയന്‍വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കളം നിറഞ്ഞുനിന്ന യുവാവായിരുന്നു റോഷി.

പാലാ ടൗണിലെത്തി കുരിശുപള്ളിക്കവലയില്‍ നേര്‍ച്ചയിട്ട് എല്ലാവരുടെയും തോളില്‍ കൈയിട്ട് വിശേഷങ്ങള്‍ തിരക്കി ഒപ്പം പോകുന്ന റോഷി എന്ന യുവനേതാവ് പാലായിലെ പതിവ് കാഴ്ചയായിരുന്നു. ഇന്ന് പാലായിലും സമീപപ്രദേശങ്ങളിലുമുള്ള പാര്‍ട്ടി നേതാക്കന്മാരെല്ലാം റോഷിയുടെ പ്രിയ സുഹൃത്തുക്കളായിരുന്നു.

roshy augustine family
ചക്കാമ്പുഴയിലെ ചെറുനിലത്തുചാലില്‍ വീട്ടില്‍ അച്ഛന്‍ അഗസ്റ്റിന്‍, അമ്മ ലീലാമ്മ, സഹോദരന്‍ റിജോഷ് എന്നിവര്‍ റോഷി അഗസ്റ്റിന്റെ മക്കളായ ആന്‍മരിയ, ഏയ്ഞ്ചല്‍ മരിയ, അഗസ്റ്റിന്‍ എന്നിവര്‍ക്കൊപ്പം

പ്രിയപ്പെട്ട സൗഹൃദങ്ങള്‍

മണ്ഡലം ഇടുക്കിയാണെങ്കിലും ചക്കാമ്പുഴയില്‍ എന്ത് കാര്യമുണ്ടായാലും ആദ്യം ഓടിയെത്തുന്ന വ്യക്തിയാണ് റോഷി. നാട്ടിലെത്തിയാല്‍ രാവിലെ തന്നെ ടൗണിലിറങ്ങും. പിന്നെ വൈകുന്നേരംവരെയും സുഹൃത്തുക്കള്‍ക്കൊപ്പമാണ്. എക്കാലവും റോഷിക്ക് പ്രിയങ്കരമാണ് ആ സൗഹൃദങ്ങള്‍. എല്ലാ പെസഹ വ്യാഴത്തിലും സുഹൃത്തുക്കള്‍ക്കൊപ്പം മലയാറ്റൂര്‍ കുരിശുമല കയറാന്‍ പോകും. ചക്കാമ്പുഴയില്‍നിന്നുള്ളവരാണ് ആ സുഹൃദ്വലയത്തിലുള്ളത്. 35 വര്‍ഷമായി ഇതിന് മുടക്കമില്ല. എം.എല്‍.എ. ആയാലും ആ പതിവ് തെറ്റിക്കാതെ എല്ലാ തിരക്കും മാറ്റിവെച്ച് റോഷി എത്തും. മന്ത്രിയായിരിക്കെ അത് തുടരാന്‍ കഴിയുമോയെന്ന ആകാംക്ഷയിലാണ് തങ്ങളെന്ന് അയല്‍വാസി ജെയ്സണ്‍ മുഞ്ഞനാട്ട് പറയുന്നു.

ആഹ്‌ളാദമുണ്ടെങ്കിലും പതിവുപോലെ

ചെറുനിലത്തുചാലില്‍ വീട്ടിലെ മൂത്തമകന്‍ മന്ത്രിയാകുന്നതിന്റെ ആഹ്‌ളാദമുണ്ടെങ്കിലും പ്രത്യേകിച്ച് ആഘോഷമൊന്നുമില്ല. ഒരു കര്‍ഷക കുടുംബത്തിന്റെ പതിവ് രീതികളില്‍നിന്ന് ഒരു മാറ്റവുമില്ല. അച്ഛന്‍ അഗസ്റ്റ്യന്‍ അമ്മ ലീലാമ്മയും അനുജന്‍ റിജോഷുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. സഹോദരി റീന വിവാഹിതയാണ്. മകന്റെ വളരെ ചെറുപ്പംമുതലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് മന്ത്രിപദവിയെന്ന് അമ്മ ലീലാമ്മ പറയുന്നു. സത്യപ്രതിജ്ഞ കാണാന്‍ തിരുവനന്തപുരത്തിന് പോകുന്നില്ലെന്നും വീട്ടിലിരുന്ന് പ്രാര്‍ഥിക്കുമെന്നും ലീലാമ്മ പറയുന്നു.

content highlights: roshy augutine to become water resource minister