roshy augustine
റോഷി അഗസ്റ്റിന്‍| Photo: Mathrubhumi 

പാലാക്കാരനാണെങ്കിലും റോഷി അഗസ്റ്റിന്‍ സര്‍വോപരി ഇടുക്കിക്കാരനാണ്. അതുകൊണ്ടാണ് 2001 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഇടുക്കിയിലെ ജനങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തത്. ഇത്തവണ മന്ത്രിയുമാകും. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

കൂടുതല്‍ ഉത്തരവാദിത്വം

മന്ത്രിയാകുമെന്ന് പൂര്‍ണമായും പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി ഇപ്പോള്‍ ആ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുകയാണ്. ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. എല്ലാവര്‍ക്കും സ്വീകാര്യമാകുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും.

ഇടുക്കിയാണ് എല്ലാം

ഇടുക്കിയെ മറന്ന് എനിക്ക് ഒരു നിമിഷവുമില്ല. എല്ലാ പ്രതിസന്ധിയിലും എന്റെയൊപ്പം നിന്നത് ഇടുക്കിയിലെ ജനങ്ങളും സര്‍വശക്തനുമാണ്. മുന്നണി മാറിയെങ്കിലും അവര്‍ ഇത്തവണയും എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. അവര്‍ തിരഞ്ഞെടുത്തു. അവര്‍ കാരണമാണ് ഞാന്‍ മന്ത്രിയായിരിക്കുന്നത്.

മണിയാശാന്‍ മികച്ച മന്ത്രി

മണിയാശാന്‍ മന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലയില്‍ നടപ്പാക്കിയത്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും അദ്ദേഹം വികസനം എത്തിച്ചു. അത് വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും പുതിയ പദ്ധതികളും നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്. വനിതകള്‍, യുവജനങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഇടുക്കി പാക്കേജ്' നടപ്പാക്കണം.

ഭൂപ്രശ്നങ്ങള്‍ പ്രധാന പരിഗണന

കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ കുറേയേറെ പരിഹരിച്ചിരുന്നു. ബാക്കിയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ആദ്യ പരിഗണന.

ബാക്കിയുള്ള എല്ലാവര്‍ക്കും ഉപാധിരഹിത പട്ടയം ലഭിക്കണം. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതിയും വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളേജ് ജില്ലയിലെ പാവങ്ങളുടെ ആശ്രയകേന്ദ്രമാണ്.

വിദ്യാര്‍ഥിനേതാവായിരുന്നപ്പോള്‍ സര്‍ക്കാരിന് ഞാന്‍ നല്‍കിയ വിമോചനമാര്‍ഗരേഖയില്‍ ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് വേണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. എം.എല്‍.എ. ആയിരുന്നപ്പോള്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന മാണിസാര്‍ സഹായിച്ചു. മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അത് ഏറ്റവും മികച്ച ചികിത്സാകേന്ദ്രമാക്കണം.

വലുതാകുന്ന പ്രവര്‍ത്തനമണ്ഡലം

മന്ത്രിയാകുന്നതോടെ പ്രവര്‍ത്തനമണ്ഡലം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയിലെ പ്രവര്‍ത്തനപരിചയമാണ് എനിക്ക് ഊര്‍ജം പകരുന്നത്. വകുപ്പ് തീരുമാനമായിട്ട് ബാക്കി പറയാം.

കൂട്ടായി മുന്നോട്ടുപോകാം

എനിക്ക് എതിരാളികള്‍ ഒന്നുമില്ല. ആരുമായും ശത്രുതയുമില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ഗവര്‍ണ്‍മെന്റാണ് ഇതെന്ന് പിണറായി വിജയന്‍ തെളിയിച്ചുകഴിഞ്ഞു. നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം.

മാണിസാറെന്ന മാര്‍ഗദീപം

പൊതുപ്രവര്‍ത്തനത്തില്‍ മാണിസാറാണ് എന്റെ മാതൃക. സാറിനും പാര്‍ട്ടിക്കുമൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ വഴിയില്‍തന്നെ യാത്ര ചെയ്യും.

content highlights; roshy augustine to become water resource minister