തൊടുപുഴ: റോഷി അഗസ്റ്റിന് ഇഷ്ടം തന്റെ കീപാഡ് ഫോണാണ്. ആര് എപ്പോള്‍ വിളിച്ചാലും എളുപ്പം എടുക്കാം. ചാര്‍ജും പെട്ടെന്ന് തീരില്ല. ആ ഫോണ്‍പോലെതന്നെയാണ് അദ്ദേഹവും. ആര് എപ്പോള്‍ വിളിച്ചാലും വിളിപ്പുറത്തുണ്ടാകും. നാടിന് ഒരാവശ്യമുണ്ടാകുമ്പോള്‍ ഫുള്‍ ചാര്‍ജില്‍ ഓടി നടക്കും. അദ്ദേഹം ഇപ്പോള്‍ കേരളത്തിന്റെ മന്ത്രിയായി ഉയരുമ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ ആഹ്‌ളാദത്തിലാണ്.

പ്രളയത്തില്‍ പതറിയില്ല

പാലായാണ് ജന്മദേശമെങ്കിലും ഇടുക്കിയാണ് റോഷി എന്ന പൊതുപ്രവര്‍ത്തകനെ വളര്‍ത്തിയത്. 2001-ലായിരുന്നു ഇടുക്കി മണ്ഡലത്തിലെ ആദ്യ മത്സരം. മികച്ച ഭൂരിപക്ഷത്തില്‍തന്നെയായിരുന്നു വിജയം. നാട്ടുകാര്‍ക്കിടയില്‍ സാധാരണക്കാരനായി ഇറങ്ങിവന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കൂടെ വികസനപ്രവര്‍ത്തനങ്ങളും.

ഇതിനിടെ ഇടുക്കി മെഡിക്കല്‍ കോളേജ് ചെറുതോണിയില്‍ എത്തിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു. 2019-ലെ മഹാപ്രളയത്തില്‍ ജില്ലയും മണ്ഡലവും സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്.

പ്രളയമുഖത്ത് ജനങ്ങളോടൊപ്പം മുണ്ട് മടത്തിക്കുത്തി അദ്ദേഹം നിലകൊണ്ടു. ഇതൊക്കെക്കൊണ്ടാണ് അദ്ദേഹത്തെ തുടര്‍ച്ചയായ അഞ്ച് തവണ ഇടുക്കിക്കാര്‍ തിരഞ്ഞെടുത്തത്.

2021-ലെ തിരഞ്ഞെടുപ്പ് റോഷിയെ സംബന്ധിച്ച് വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മുന്നണി മാറി എല്‍.ഡി.എഫിലെത്തി. എതിരാളികളോ മുന്‍പ് കൂടെയുണ്ടായിരുന്ന ജോസഫ് വിഭാഗവും. 2016-ല്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ച കെ.ഫ്രാന്‍സിസ് ജോര്‍ജായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി.

ശക്തമായ പോരാട്ടം. പക്ഷേ, മുന്നണി മാറി മത്സരിച്ചിട്ടും ജനങ്ങള്‍ റോഷിയെ തന്നെ തിരഞ്ഞെടുത്തു. അത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ വിജയം കൂടിയായി.

തിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതോടുകൂടിയാണ് മന്ത്രിസ്ഥാനത്തേക്ക് റോഷി പരിഗണിക്കപ്പെട്ടത്. ഉത്തരവാദിത്വം കൂടിയതിനാല്‍ ഇനി എന്തായാലും സ്മാര്‍ട്ഫോണും കാര്യക്ഷമമായി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

പ്രതീക്ഷയോടെ മലയോരം

കര്‍ഷക പാര്‍ട്ടി എന്നറിയപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നുള്ള റോഷി മന്ത്രികാകുന്നത് ജില്ല പ്രതീക്ഷയോടെയാണ് കാണുന്നത്. ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന ഭൂപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം സജീവമായി ഇടപെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

content highlights: roshy augustine to become minister in pinarayi 2.0 ministry