തൊടുപുഴ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമപുരം പഞ്ചായത്തിലെ ചക്കാമ്പുഴയില്‍ യൂത്ത് ഫ്രണ്ട് നടത്തിയ പദയാത്രയുടെ ഉദ്ഘാടനപരിപാടിക്ക് എത്തിയ സ്ഥലം എം.എല്‍.എ.യും മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ ശ്രദ്ധ മുഴുവന്‍ അന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഒരു ചെറുപ്പക്കാരനിലായിരുന്നു. വാക്കുകള്‍ കൊണ്ട് കത്തിക്കയറിയ അയാളുമായി അടുത്ത ദിവസം പാലായില്‍ എന്നെ കാണാന്‍ വരണമെന്ന് മാണിസാര്‍ പാര്‍ട്ടി നേതാവ് പി.ജെ.ജോണിനെ ചട്ടം കെട്ടി. 

മഴയുള്ള ഒരു ഞായറാഴ്ച ജോണിനൊപ്പം വീട്ടിലെത്തിയ ആ ചെറുപ്പക്കാരനെ ചേര്‍ത്തുനിര്‍ത്തി മാണി പറഞ്ഞു- 'നിന്നെ ഇനി പാര്‍ട്ടിക്കും എനിക്കും വേണം, രാഷ്ട്രീയത്തില്‍ നിനക്ക് നല്ല ഭാവിയുണ്ട്'. അന്ന് അദ്ദേഹം ചേര്‍ത്തുപിടിച്ച റോഷി അഗസ്റ്റിന്‍ എന്ന ചക്കാമ്പുഴക്കാരന്‍ ഇന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കേരള കോണ്‍ഗ്രസ് (എം) പ്രതിനിധിയായി നിയമസഭയിലേക്ക് നടന്നുകയറുകയാണ്. എല്ലാക്കാലവും കെ.എം.മാണിയുടെ വിശ്വസ്തനായിരുന്നു റോഷി.

roshy augustine
1995-ല്‍ യൂത്ത് ഫ്രണ്ട് നേതാവായിരിക്കെ റോഷി അഗസ്റ്റിന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ കാല്‍നട പ്രചാരണജാഥയില്‍നിന്ന്

മാണിസാറിന്റെ പിന്തുണതന്നെയാണ് എന്നും തന്റെ ഊര്‍ജമെന്ന് റോഷി എപ്പോഴും പറയും. അടുത്തകാലത്ത് കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ മകന്‍ ജോസ് കെ. മാണിയോടൊപ്പം ഉറച്ചുനിന്ന് പോരാടിയതും പാര്‍ട്ടിയുടെ നാവായതുമെല്ലാം ആ സ്‌നേഹത്തിന്റെ ബാക്കിപത്രങ്ങളാണ്.

ഇടക്കോലി ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് റോഷിയുടെ രാഷ്ട്രീയപ്രവേശനം. കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടങ്ങിയ റോഷി പിന്നീട് സ്‌കൂള്‍ ലീഡറായി. അവിടെനിന്ന് ചക്കാമ്പുഴ വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായി. ആ സമയത്താണ് കെ.എം.മാണി റോഷിയുടെ പ്രസംഗം കേട്ട് കൂടെ കൂട്ടുന്നത്. 

കെ.എസ്.സി. (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995-ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ കാല്‍നടപ്രചാരണജാഥയിലൂടെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1996-ല്‍ പേരാമ്പ്രയില്‍ നിന്ന് മത്സരിച്ച് തോറ്റെങ്കിലും കെ.എം.മാണിയും രാഷ്ട്രീയഗുരുവായ അപ്പച്ചന്‍ സാറെന്ന പി.ജെ.ജോണും ആത്മവിശ്വാസം പകര്‍ന്നു. വീണ്ടും പ്രവര്‍ത്തനത്തില്‍ സജീവമായ റോഷി 2001-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് ഇടുക്കി മണ്ഡലം പിടിച്ചെടുക്കുമ്പോള്‍ അത് ചരിത്രമായി മാറി. ഇപ്പോള്‍ ആ നായകന്‍ മന്ത്രിപദവിയിലേക്കും നടന്നുകയറുന്നു.

content highlights: roshy augustine political journey