പീരുമേട്: തോട്ടം തൊഴിലാളികള്‍ വിജയിയെ നിശ്ചയിക്കുന്ന പീരുമേട് നിയോജകമണ്ഡലത്തില്‍ ഇത്തവണ മത്സരത്തിന് അവിടത്തെ ചായയുടെപോലെതന്നെ കടുപ്പം ഒരല്‍പ്പം കൂടുതലാണ്. തിളച്ചുനില്‍ക്കുന്ന തോട്ടം തൊഴിലാളികളുടെ മനസ്സിനെ തണുപ്പിച്ച് അവരുടെ മനസ്സില്‍ മധുരം പകര്‍ത്തുന്നതാരോ അവര്‍ ഇവിടെനിന്ന് വിജയിച്ചുകയറും. തോട്ടം പ്രതിസന്ധിയും അടിസ്ഥാന വികസനവും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ പഴുതടച്ച തിരഞ്ഞെടുപ്പ് പ്രചാരണ രീതികളാണ് ഇടതു-വലത് എന്‍.ഡി.എ. ക്യാമ്പുകള്‍ നടത്തിവരുന്നത്.

തോട്ടംതൊഴിലാളികളുടെ മനസ്സറിഞ്ഞ് വാഴൂര്‍

പ്രചാരണം തുടങ്ങിയ നാള്‍മുതല്‍ രാവിലെ ഏഴുമണിമുതല്‍ കര്‍മനിരതനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി വാഴൂര്‍ സോമന്‍. എഴുപത്തിയൊന്നാം വയസ്സിലും ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനം അണികള്‍ക്കും കൂടെയുള്ളവര്‍ക്കും ആവേശമാണ്. ഏഴരയ്ക്ക് പട്ടുമലയിലെത്തുമ്പോള്‍ സോമന്‍ റെഡിയാണ്. സ്വീകരിക്കാന്‍ തോട്ടം തൊഴിലാളികളും പ്രവര്‍ത്തകരും. ട്രേഡ് യുണിയന്‍ പ്രവര്‍ത്തനം തുടങ്ങിയകാലംമുതലുള്ള ബന്ധങ്ങളുള്ളതിനാല്‍ പലരെയും പേര് ചൊല്ലി വിളിച്ചാണ് വിശേഷങ്ങള്‍ തിരക്കുന്നത്. തമിഴ് വംശജര്‍ കൂടുതലായി വസിക്കുന്ന പ്രദേശത്ത് സ്ഥാനാര്‍ഥിയുടെ പ്രസംഗവും തമിഴിലായി. പ്രചാരണത്തിനും സ്‌നേഹ സംഭാഷണങ്ങള്‍ക്കും ശേഷം അടുത്ത സ്വീകരണസ്ഥലത്തേക്ക്. ലാഡ്രം, പത്മാപുരം, തെപ്പക്കുളം, കൊടുവ, എല്‍.എം.എസ്., ഗ്ലെന്മേരി, വുഡ്ലാന്‍ഡ്സ്, മേലഴുത, കല്ലാര്‍, പഴയപാമ്പനാര്‍, വൈകുന്നേരം ഏഴുമണിയോടെ പാമ്പനാര്‍. ദിവസത്തെ പ്രചാരണത്തിന് അവസാനമായി. കടുത്ത വേനലിന്റെ ക്ഷീണം മറികടക്കാന്‍ ചൂടുവെള്ളമാണ് ഉപയോഗിക്കുന്നത്. വുഡ്ലാന്‍ഡ്സില്‍ എത്തിയപ്പോള്‍ സ്ത്രീ വോട്ടര്‍മാര്‍ കരിക്കിന്‍വെള്ളവുമായി കാത്തുനിന്നിരുന്നു. സ്‌നേഹത്തോടെ അത് വാങ്ങിക്കുടിച്ച് പഴക്കുല, തേയിലമാല, ഏലക്കാമാല എന്നിങ്ങനെ തോട്ടം മേഖലയില്‍നിന്ന് ഊഷ്മളമായ വരവേല്‍പ്പാണ് വാഴൂര്‍ സോമന് ലഭിക്കുന്നത്.

വേറിട്ട പ്രചാരണവുമായി സിറിയക്

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഏറ്റ തിരിച്ചടികള്‍ക്ക് ശേഷം മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. അതിന്റെ ആവേശം പ്രവര്‍ത്തകരിലും സ്ഥാനാര്‍ഥിയിലും കാണാം. പത്തുമണിയോടെ പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയലില്‍നിന്നാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് തോമസിന്റെ യാത്ര തുടങ്ങിയത്. സ്ഥാനാര്‍ഥി എത്തുന്നതിനുമുന്പുതന്നെ പ്രവര്‍ത്തകര്‍ സജ്ജമായിരുന്നു. മൈക്ക് അനൗണ്‍സ്മെന്റുമായി പ്രചാരണ വാഹനം കടന്നുപോയി. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയുമായി യോഗസ്ഥലത്ത് എത്തി. പ്രദേശത്തെ പ്രായമേറിയ സ്ത്രീവോട്ടര്‍ തൊണ്ണൂറു വയസ്സുകാരി കൊച്ചുപുരയ്ക്കല്‍ ത്രേസ്യാമ്മ സിറിയക്കിന്റെ ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചു. പതിനഞ്ചുവര്‍ഷം എം.എല്‍.എ.യായിരുന്ന തന്റെ പിതാവ് കെ.കെ.തോമസിനോടുള്ള സ്‌നേഹം തനിക്കും ലഭിക്കുന്നുണ്ടെന്ന് സിറിയക്കിന്റെ കമന്റ്. കാര്‍ഷിക മേഖലയായ കപ്പലുവേങ്ങയില്‍ വോട്ടര്‍മാര്‍ സ്വീകരിച്ചത് പൂച്ചെടികളും ഫലവൃക്ഷത്തൈകളും നല്‍കിയാണ്. മറ്റുചിലയിടങ്ങളില്‍ പുസ്തകങ്ങള്‍, ബുക്കുകള്‍ എന്നിവ സ്വീകരിച്ചുകൊണ്ടാണ് കടന്നുപോയത്. പെരുവന്താനം പഞ്ചായത്തിലെ പര്യടനത്തിനുശേഷം പീരുമേട് പഞ്ചായത്തിലെ മേലഴുത, പഴയ പാമ്പനാര്‍, എല്‍.എം.എസ്., ഗ്ലെന്മേരി, കൊടുവ തെപ്പക്കുളം, പുതുലയം, ലാഡ്രം എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ചോദിച്ചു.

മണ്ഡല മനസ്സറിഞ്ഞ് ശ്രീനഗരി രാജന്‍

ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ദേശീയ കൗണ്‍സില്‍ അംഗമായ മുതിര്‍ന്ന നേതാവിനെ കളത്തില്‍ ഇറക്കിയാണ് എന്‍.ഡി.എ. പീരുമേട്ടില്‍ ജനവിധി തേടുന്നത്. നാടിനെ നന്നായി അറിയാവുന്നയാള്‍. വ്യക്തിബന്ധങ്ങളും ഏറെ. മൂന്നാം മൈല്‍മുതല്‍ കുമളിവരെയായിരുന്നു അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രചാരണം.

sreenagari rajan
എന്‍.ഡി.എ. സ്ഥാനാര്‍ഥി ശ്രീനഗരി രാജന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടി

കേരളത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്നില്ലെന്ന് വോട്ടര്‍മാരോട് പറഞ്ഞാണ് ശ്രീനഗരി രാജന്റെ വോട്ടുതേടല്‍. വിജയിച്ചാല്‍ ആദ്യപരിഗണന തോട്ടങ്ങള്‍ തുറക്കുക എന്നതാണെന്നും ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഓരോ പ്രദേശത്തും എത്തണമെങ്കില്‍ എന്‍.ഡി.എ.യെ വിജയിപ്പിക്കണമെന്നും രാജന്‍ പറഞ്ഞുവയ്ക്കുന്നു. കുമളി പഞ്ചായത്തിലെത്തിയപ്പോള്‍ പ്രസംഗത്തിന്റെ രീതിയൊന്ന് മാറി. തൊഴിലാളികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാകാത്തതിനെക്കുറിച്ചും ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തെയും കുറിച്ചായി പ്രചാരണം. നടന്ന പ്രചാരണയോഗങ്ങളില്‍ വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍.ഡി.എ. ക്യാമ്പും പ്രതീക്ഷയിലാണ്.

content highlights: peerumedu assembly constituency election 2021