വോട്ടെടുപ്പ് സമയം പിന്നിട്ടിട്ടും വോട്ടര്‍മാരുടെ നീണ്ട ക്യൂ കാരണം പോളിങ് നീണ്ടുപോകുന്ന നിരവധി ബൂത്തുകളുണ്ട് ഇടുക്കിയില്‍. എന്നാല്‍ പോളിങ് സമയത്തിന്റെ മുക്കാലും ഉദ്യോഗസ്ഥര്‍ വെറുതേ ഇരിക്കേണ്ടിവരുന്ന ഒരു ബൂത്തുണ്ടെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാനാകുമോ. അങ്ങനെയൊരു ബൂത്ത് ജില്ലയിലുണ്ട്. പീരുമേട് നിയോജകമണ്ഡലത്തില്‍ കുമളി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ തേക്കടിയിലെ 106-ാം ബൂത്തായ പച്ചക്കാനം.

ഉദ്യോഗസ്ഥര്‍ക്കും ദുരിതം

രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ് പോളിങ് ബൂത്തിന്റെ ചുമതല. ഇവര്‍ക്ക് വോട്ടെടുപ്പിന് തലേദിവസം താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ സൗകര്യമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ വോട്ടിങ് സമയം നീട്ടിയാല്‍ വിദൂര പ്രദേശങ്ങളില്‍നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നാമമാത്രമായ വോട്ടിങ് നടത്തുന്ന ബൂത്തായതിനാല്‍ നിശ്ചിത സമയംവരെ ഉദ്യോഗസ്ഥര്‍ ബൂത്തിലിരിക്കാന്‍ നിര്‍ബന്ധിതരാണ്. നൂറ് ശതമാനം വോട്ടിങ് നടക്കില്ലെന്ന് ഉറപ്പായിട്ടും ബൂത്തില്‍ കാത്തിരുന്ന് ആളും വെളിച്ചവുമുള്ള സ്ഥലത്തെത്തണമെങ്കില്‍ മണിക്കൂറുകള്‍ നീണ്ട യാത്രകൂടി ചെയ്യേണ്ടിവരുന്നു.

ഇത്തവണ 29 വോട്ടര്‍മാര്‍

വോട്ടര്‍മാരുടെ എണ്ണം കുറവാണെങ്കിലും ജനാധിപത്യത്തിലെ പ്രധാന പങ്ക് വഹിക്കുന്ന പ്രക്രിയയ്ക്ക് പച്ചക്കാനം ഒരുങ്ങിക്കഴിഞ്ഞു. 29 വോട്ടര്‍മാര്‍ക്കായി പെരിയാര്‍ കടുവാസങ്കേതത്തിനുള്ളിലെ പച്ചക്കാനത്ത് അങ്കണവാടിയിലാണ് ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 28 പേര്‍ക്കായിരുന്നു സമ്മതിദാനാവകാശമുണ്ടായിരുന്നത്. അതില്‍ നാലുപേര്‍ മാത്രമാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 32 പേര്‍ക്ക് വോട്ടുണ്ടായിരുന്നെങ്കിലും ഒന്‍പതുപേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ആകെ മൊത്തം 29 വോട്ടര്‍മാരാണുള്ളത്.

എത്തിപ്പെടാന്‍ പാടുപെടും

വിസ്തീര്‍ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാര്‍ഡാണ് കുമളി പഞ്ചായത്തിലെ തേക്കടി. കണക്കുകള്‍ പ്രകാരം 840 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഈ വാര്‍ഡിന്റെ ഭാഗമായ പച്ചക്കാനത്ത് എത്തണമെങ്കില്‍ 35 കിലോമീറ്റര്‍ യാത്ര ചെയ്യണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈദ്യുതിയും വെള്ളവും എത്തിച്ചെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കില്ലാത്തത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നു. മന്നാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും.

പുതിയ നീക്കങ്ങള്‍

ജില്ലയിലെ വിദൂര ബൂത്തെന്ന നിലയില്‍ അടിസ്ഥാനങ്ങള്‍ സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് സാറ്റ്ലൈറ്റ് ഫോണും ഹോം റേഡിയോയും ഇത്തവണ നല്‍കും.

തിരഞ്ഞെടുപ്പിന് സജ്ജം

ബൂത്ത് വെരിഫിക്കേഷന്‍ ഒബ്സര്‍വര്‍ അമിത് സഞ്ജയ് ഗൗരവ്, ലേയ്സണ്‍ ഓഫീസര്‍ ബോബന്‍ പോള്‍, കുമളി പഞ്ചായത്ത് സെക്രട്ടറി കെ. സെന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പച്ചക്കാനം ബൂത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് ഉറപ്പാക്കിയതായി പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍ പറഞ്ഞു.

content highlights: pachakkanam polling booth for 29 voters